തളർച്ച ചൂടുകൊണ്ട് മാത്രമോ?ന്യൂയോർക്ക് യുഎസ് ഓപ്പണിന്റെ നാലാംറൗണ്ട് കഴിഞ്ഞപ്പോൾ നൊവാക് യൊകോവിച്ചിന് ആകാംക്ഷയുണ്ടായി, ക്വാർട്ടർ പ്രതിയോഗി ആരാകും?. റോജർ ഫെഡററെയാണ് യൊകോവിച്ച് പ്രതീക്ഷിച്ചത്. ഫെഡറർ അഞ്ചുതവണ യുഎസ് ഓപ്പൺ നേടിയിട്ടുണ്ട്. 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളുണ്ട്. കഴിഞ്ഞ 14 വർഷത്തിനിടയിൽ യുഎസ് ഓപ്പണിൽ ക്വാർട്ടർ കാണാതെ ഒരുതവണ മാത്രമാണ് ഫെഡറർ മടങ്ങിയിട്ടുള്ളത്. പക്ഷെ സ്ഥിതിവിവരക്കണക്കുകൾ അപ്രസക്തമായി. മുപ്പത്തേഴുകാരനായ ഫെഡറർ തോറ്റു. ഇരുപത്തൊമ്പതുകാരനായ ജോൺ മിൽമാൻ ജയിച്ചു. ഇതുവരെ ഒരു ഗ്രാൻഡ്സ്ലാമിലും നാലാംറൗണ്ടുവരെ എത്താത്ത ഈ ഓസ്ട്രേലിയക്കാരൻ ക്വാർട്ടറിലെത്തി. ഫെഡററുടെ തോൽവിക്ക് ന്യായമുണ്ട്. ആർതർ ആഷെ സ്റ്റേഡിയത്തിലെ കടുത്തചൂട് സ്വിറ്റ്സർലൻഡുകാരനായ ഫെഡറർക്ക് താങ്ങാനായില്ല. പക്ഷെ ഫെഡററുടെ സൗന്ദര്യവും മൂർച്ചയുമുള്ള കളി അവധിയിലായിരുന്നു. വാൾത്തലപ്പിന്റെ കൃത്യത അകന്നുനിന്നു. ഫെഡററുടെ ഏറ്റവും വിശ്വസ്തമായ സെർവ് പിഴച്ചു. 10 ഇരട്ടപ്പിഴവുകളുണ്ടായി. ആദ്യ സെർവിൽ ആകെ 49 ശതമാനം മാത്രമാണ് ശരിയായത്. രണ്ടാംസെറ്റിൽ 31 ശതമാനം മാത്രമാണ് ലക്ഷ്യംകണ്ടത്. കളി അവിടെ മാറി. അനാവശ്യമായി വരുത്തിയ പിഴവുകൾ 77 ആണ്. മിൽമാനാകട്ടെ അങ്ങനെ വരുത്തിയത് 28 എണ്ണം മാത്രം. 2015ലെ ഓസ്ട്രേലിയൻ ഓപ്പണിനുശേഷം ഇത്ര നേരത്തെ ഒരു പ്രധാന ടൂർണമെന്റിൽനിന്നും ഫെഡറർ പുറത്തായിട്ടില്ല. ചൂടാണ് എല്ലാത്തിനും കാരണമെന്ന് ഫെഡറർ പറഞ്ഞു.' ശ്വാസം കിട്ടാൻപോലും വിഷമിച്ചു. ഇങ്ങനെ ഒരവസ്ഥ ആദ്യമാണ്'‐ ഫെഡറർ പറഞ്ഞു. പക്ഷെ മിൽമാന് പറയാൻ മറ്റൊന്നാണുള്ളത് കളി മുന്നേറുന്തോറും ഒരു പ്രശ്നവും തോന്നിയില്ല. അനായാസമായിരുന്നു എല്ലാം‐ മിൽമാൻ പറഞ്ഞു. ക്വാർട്ടറിൽ നേരിടേണ്ട യൊകോവിച്ചിനെ കുറിച്ചും മിൽമാന് ഭയമില്ല. എന്തിന് ഞാൻ തോൽക്കണം?‐ ഇതാണ് മിൽമാന് ചോദിക്കാനുള്ളത്.   Read on deshabhimani.com

Related News