തിളക്കത്തോടെ സായ്‌ എൽഎൻസിപിഇതിരുവനന്തപുരം ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ മെഡൽ നേട്ടത്തിൽ തിരുവനന്തപുരത്തെ സായ് കേന്ദ്രമായ എൽഎൻസിപിഇക്ക്  അഭിമാനത്തിളക്കം. ജക്കാർത്തയിൽ ട്രാക്കിലും ഫീൽഡിലുമായി മെഡൽനേടിയ താരങ്ങളിൽ ഏറെയും ഇവിടെ പരിശീലിക്കുന്നവരും നേരത്തെ പരിശീലിച്ചവരുമാണ്. ലോങ്‌ജമ്പിൽ വെള്ളി നേടിയ നീന വി പിന്റോ എൽഎൻസിപിഇയിലെ സെന്റർ ഓഫ് എക്സലൻസിൽ പരിശീലിക്കുന്ന താരമാണ്.  ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ അർപിന്ദർ സിങ്  എൽഎൻസിപിയിലെ ദേശീയക്യാമ്പിൽ പരിശീലനം നേടിയിരുന്നു. ഇവിടെനിന്നാണ് അർപിന്ദർ ജക്കാർത്തയിലേക്കു തിരിച്ചത്. 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി ഇരട്ടനേട്ടം സ്വന്തമാക്കിയ ജിൻസൺ ജോൺസൺ, 800  മീറ്ററിൽ സ്വർണം നേടിയ മഞ്‌ജിത് സിങ്, 3000  മീറ്റർ സ്റ്റീപ്പിൾചേസിൽ വെള്ളി നേടിയ സുധ സിങ്  എന്നിവർ എൽഎൻസിപിയുടെ കീഴിലുള്ള ഊട്ടിയിലെ ദേശീയക്യാമ്പിൽ നിന്നാണ് ജക്കാർത്തയിലെത്തിയത്. മധ്യ, ദീർഘദൂര ഇനങ്ങൾക്കുള്ള മത്സരാർഥികളെ ഊട്ടി ക്യാമ്പിൽ  പരിശീലിപ്പിച്ചത്  ജെ എസ് ഭാട്ടിയയും സുരേന്ദ്ര സിങ്ങുമാണ്.   സ്ക്വാഷിൽ വനിതാവിഭാഗം വ്യക്തിഗത വെങ്കലമെഡൽ ജേതാക്കളായ ദീപിക പള്ളിക്കൽ, ജോഷ്ന ചിന്നപ്പ  പുരുഷ വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ സൗരവ് ഘോഷൽ തുടങ്ങിയ താരങ്ങൾ എൽഎൻസിപിഇ മേഖലാപരിധിയിലുള്ള ചെന്നൈ ദേശീയ ക്യാമ്പിലെ താരങ്ങളാണ്. സ്ക്വാഷ് വനിതാടീമിന്റെ വെള്ളിത്തിളക്കവും ഈ ക്യാമ്പിൽ നിന്നാണ്. 100 മീറ്ററിലും 200 മീറ്ററിലും വെള്ളി നേടിയ ദ്യുതി ചന്ദ്, 400 മീറ്ററിലും മിക്സഡ് റിലേയിലും വെള്ളി നേടിയ ഹിമദാസ്, 400 മീറ്ററിൽ വെള്ളി നേടിയ ധരുൺ അയ്യസാമി എന്നിവരും വിദേശകോച്ചായ എസ് ഗലീനയുടെ ശിക്ഷണത്തിൽ എൽഎൻസിപിയിലെ ദേശീയക്യാമ്പിൽ കഴിഞ്ഞവർഷം പരിശീലനം നേടിയിരുന്നു.  400 മീറ്ററിലും പുരുഷ മിക്സഡ് റിലെകളിലും വെള്ളി നേടി ഹാട്രിക് നേട്ടം കൊയ്ത സംസ്ഥാന സ്പോർട്സ് കൗൺസിൽ താരമായ മുഹമ്മദ് അനസും വർഷങ്ങളായി എൽഎൻസിപിയിലെ പരിശീലന സൗകര്യം ഉപയോഗിക്കുന്നു. 400 മീറ്റർ ഹർഡിൽസിൽ നേരിയ വ്യത്യാസത്തിന് മെഡൽ നഷ്ടമായ അനു രാഘവനും 10000 മീറ്ററിൽ വെങ്കലം കൈയിലെത്തിയിട്ടും ട്രാക്ക് തെറ്റിയതിനാൽ അയോഗ്യനാക്കപ്പെട്ട ജി ലക്ഷ്മണനും എൽഎൻസിപിയിൽ പരിശീലനം നേടിയിട്ടുണ്ട്.   Read on deshabhimani.com

Related News