പരമ്പര ഇംഗ്ലണ്ടിന്; ഇന്ത്യയ്ക്ക് 60 റൺ തോൽവി

നാലുവിക്കറ്റ്‌ വീഴ്‌ത്തിയ മോയിൻ അലിയുടെ ആഹ്ലാദം


സതാംപ്ടൺ > ഇംഗ്ലീഷ് മണ്ണിൽ പരമ്പര വിജയമെന്ന വിരാട് കോഹ്ലിയുടെയും കൂട്ടരുടെയും സ്വപ്നം മോയിൻ അലിയുടെ കറങ്ങുന്ന പന്തുകൾക്കുമുന്നിൽ വീണുടഞ്ഞു. നാലാംടെസ്റ്റിൽ 60 റണ്ണിന് ഇന്ത്യയെ കീഴടക്കിയ ഇംഗ്ലീഷുകാർ പരമ്പര സ്വന്തമാക്കി (3‐1). വിദേശമണ്ണിൽ വീണ്ടും കളിമറന്ന പേരുകേട്ട ബാറ്റിങ്നിരയാണ് ഒരു നാൾമുമ്പ് പരമ്പര അടിയറവയ്ക്കാൻ കാരണം. 245 റൺ എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ പോരാട്ടം 184 ൽ അവസാനിച്ചു. രണ്ടിന്നിങ്സിലുമായി ഒമ്പതുവിക്കറ്റ് വീഴത്തിയ സ്പിന്നർ മോയിൻ അലിയാണ് കളിയിലെ താരം. രണ്ടിന്നിങ്സിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്ന ബാറ്റ്സ്മാന്മാരാണ് ഇന്ത്യയെ തോൽവിയിലേക്കു തള്ളിയിട്ടത്. രണ്ടാം ഇന്നിങ്ങ്സിൽ അർധസെഞ്ച്വറി നേടിയ നായകൻ കോഹ്ലിയും (58) അജിൻക്യ രഹാനെയും (51) മാത്രമാണ് പിടിച്ചുനിന്നത്. ആദ്യഇന്നിങ്സിൽ അഞ്ചുവിക്കറ്റ് നേടിയ അലി, രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ നാല് നിർണായക വിക്കറ്റുകൾ പിഴുതു. മോയിൻ അലിക്ക് മികച്ച പിന്തുണനൽകിയ ഇംഗ്ലീഷ് പേസർമാരുടെ പ്രകടനവും വിജയത്തിൽ നിർണായകമായി. എട്ടിന് 260 എന്നനിലയിൽ നാലാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലീഷുകാർക്ക് 11 റൺ മാത്രമേ കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളൂ. ആദ്യപന്തിൽ സ്റ്റ്യൂവർട്ട് ബ്രോഡിനെ വീഴ്ത്തി ഷമി ഇന്ത്യക്ക് മികച്ചതുടക്കം നൽകി. ബ്രോഡിനെ (0) വിക്കറ്റ്കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീടെത്തിയ ജയിംസ് ആൻഡേഴ്സനെ ഒരറ്റത്ത് നിർത്തി സ്കോർ ഉയർത്താനായിരുന്നു സാം കറന്റെ ശ്രമം. എന്നാൽ, രണ്ടാം റണ്ണിന് ശ്രമിച്ച കറനെ ഇശാന്ത് ശർമയുടെ ത്രോ പിടിച്ചെടുത്ത ഋഷഭ് റണ്ണൗട്ടാക്കി. ഏറെ വലുതല്ലാത്ത വിജയലക്ഷ്യം പിന്തുടരാനെത്തിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. രണ്ടാംഓവറിലെ ആദ്യപന്തിൽ ബ്രോഡ് ലോകേഷ് രാഹുലിന്റെ വിക്കറ്റ് പിഴുതു. ചേതേശ്വർ പൂജാരയെ ജയിംസ് ആൻഡേഴ്സൺ വിക്കറ്റിന് മുമ്പിൽ കുടുക്കി. 17 റണ്ണുമായി നിന്ന ശിഖർധവാനെ ആൻഡേഴ്സൺ മടക്കി. സ്ലിപ്പിൽ മികച്ചൊരു ക്യാച്ചിലൂടെ ബെൻ സ്റ്റോക്സാണ് ധവാനെ പുറത്താക്കിയത്. മൂന്നിന് 22 എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. നാലാംവിക്കറ്റിൽ ഒത്തുചേർന്ന കോഹ്ലി‐രഹാനെ കൂട്ടുകെട്ട് ശ്രദ്ധയോടെ കളിച്ച് ജയത്തിലേക്ക് വഴിയൊരുക്കാൻ കഠിനപരിശ്രമം നടത്തി. നാലാംവിക്കറ്റിൽ ഇവർ 100 റൺ ചേർത്തു. ബൗണ്ടറികളേക്കാൾ സിംഗിളും ഡബിളുമായിരുന്നു ഈ കൂട്ടുകെട്ടിന്റെ നോട്ടം. അഞ്ചു ബൗണ്ടറി മാത്രമാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. അമ്പയർമാർ ഓരോതവണ ഔട്ട് വിളിച്ചിട്ടും തീരുമാനം റിവ്യൂ ചെയ്ത് ഇരുവരും ആയുസ് നീട്ടിയെടുത്തത് പ്രതീക്ഷനൽകി. ഇതിനിടെ കോഹ്ലി ടെസ്റ്റിലെ 19 ‐ാം അരധസെഞ്ചുറി സ്വന്തമാക്കി. വെറും മൂന്നു ബൗണ്ടറികൾ മാത്രമാണ് അരസെഞ്ചുറിക്കായി കോഹ്ലി അടിച്ചത്. പിന്നീട് ഒരു ബൗണ്ടറികൂടി നേടിയെങ്കിലും 58 റണ്ണുമായി കോഹ്ലി കൂടാരംകയറി. മോയിൻ അലി തന്നെ ഈ കൂട്ടുകെട്ട് തകർത്തു. പിന്നീട് എല്ലാം ഇംഗ്ലണ്ട് തീരുമാനിച്ചു. വിജയംമണത്ത ഇംഗ്ലീഷുകാരുടെ ശൗര്യം തടുക്കാൻ വാലറ്റക്കാർക്ക് ധൈര്യമുണ്ടായില്ല. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ഏഴു പന്തുമാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ അക്കൗണ്ട് തുറക്കാനാകാതെ സ്റ്റേക്സിന്റെ പന്തിൽ സ്ലീപ്പിൽ കുക്കിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നാലെ എത്തിയ ഋഷഭുമായി ചേർന്ന് രാഹനെ സ്കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ, ഏകദിന ശൈലിയിൽ കളിച്ച ഋഷഭിനെ അലി കുക്കിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ നിലയുറപ്പിച്ച രഹാനെയും വീഴ്ത്തിയ അലി കാര്യങ്ങൾ പൂർണമായും ആതിഥേയർക്ക് അനുകൂലമാക്കി. റിവ്യൂ നൽകിയെങ്കിലും പരാജയപ്പെട്ടു.  അടുത്തഓവറിൽ ഇശാന്തിനെ സ്റ്റോക്സ് വിക്കറ്റിനുമുമ്പിൽ കുരുക്കി. വീണ്ടും അലിയുടെ പ്രഹരം ഷമിയെ ആൻഡേഴ്സൺ കൈപ്പിടിയിലൊതുക്കി. അശ്വിനെ(25) എൽബിയിൽ കുടുക്കിയ സാം കറൻ ഇന്ത്യൻ ഇന്നിങ്ങ്സ് അവസാനിപ്പിച്ചു.   Read on deshabhimani.com

Related News