പൂജാരയ്ക്ക് സെഞ്ചുറിസതാംപ്ടൺ ആദ്യ ഇന്നിങ്ങ്സിൽ ചെറിയ സ്കോറിൽ പുറത്തായ ഇംഗ്ലണ്ട് അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ നാലാംടെസ്റ്റിൽ ആധിപത്യം നേടാനുള്ള അവസരം ഇന്ത്യയ്ക്ക് നഷ്ടമായി. വൻ  പതനത്തിലേക്കുനീങ്ങിയ ഇംഗ്ലണ്ടിനെ സാം കറൻ കരകയറ്റിയ പോലെ ചേതേശ്വർ പൂജാര(132) ഇന്ത്യക്കായി രക്ഷാദൗത്യം ഏറ്റെടുത്തു. മുൻനിരയും മധ്യനിരയും ഒരുപോലെ മങ്ങിയെങ്കിലും പൂജാരയുടെ സെഞ്ചുറി പ്രകടനത്തിൽ ഇന്ത്യക്ക് 27 റണ്ണിന്റെ ലീഡ്. ഇന്ത്യ 273 റണ്ണിന് പുറത്തായി. രണ്ടാംഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമാകാതെ ആറുറണ്ണെടുത്തിട്ടുണ്ട്. പേസർമാരിലൂടെ ഇംഗ്ലണ്ടിനെ ഒതുക്കിയ ഇന്ത്യയെ മോയിൻ അലിയുടെ സ്പിൻ ബൗളിങ്ങാണ് വീഴ്ത്തിയത്. വാലറ്റക്കാരെ വട്ടംകറക്കിയ മോയിൻ അലി അഞ്ചുവിക്കറ്റ് വീഴ്ത്തി. വിക്കറ്റ് നഷ്ടമാകാതെ 19 എന്ന സ്കോറിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് സ്കോർ 37ൽ എത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. ലോകേഷ് രാഹുലിനെ(19) സ്റ്റുവർട്ട് ബ്രോഡ് വിക്കറ്റിനുമുന്നിൽ കുടുക്കി. സ്കോർ 50ൽ നിൽക്കെ ധവാനെ (23) ബ്രോഡ് ജോസ് ബട്ലറുടെ കൈയിലെത്തിച്ചു. മൂന്നാമനായി ഇറങ്ങിയ പൂജാര ക്ഷമാപൂർവം ബാറ്റുവീശി. മൂന്നാംവിക്കറ്റിൽ കോഹ്ലിയും പുജാരയും ചേർന്നതോടെ കളിയിലേക്ക് തിരിച്ചുവന്നു. ഇരുവരുംചേർന്ന് സ്കോർ 92 റൺ കൂട്ടിച്ചേർത്തു. കഴിഞ്ഞ ടെസ്റ്റിലെ ഫോം തുടർന്ന കോഹ്ലി അപ്രതീക്ഷിതമായി പുറത്തായതോടെ ഇന്ത്യ പതറി. സാം കറനാണ് ഇന്ത്യൻ നായകനെ മടക്കിയത്. തുടർന്നുവന്ന മോയിൻ അലിയുടെ സ്പിന്നിനുമുന്നിൽ മുട്ടുമടക്കുന്നതാണ് കണ്ടത്. അജിങ്ക്യ രഹാനെയെ (11) സ്റ്റോക്സ് വിക്കറ്റിനുമുന്നിൽ കുടുക്കി. ഋഷഭ് പന്ത് 29 പന്ത് നേരിട്ടെങ്കിലും റണ്ണൊന്നും എടുക്കാതെ അലിക്കുമുന്നിൽ കീഴടങ്ങി. ഹാർദിക് പാണ്ഡ്യയും ആർ അശ്വിനും മുഹമ്മദ് ഷമിയും മോയിൻ അലിയുടെ സ്പിൻ കെണിയിൽ വീണു. ഇഷാന്ത് ശർമ (14) പൂജാരയ്ക്ക് പിന്തുണ നൽകിയെങ്കിലും മോയിൻ അലിയുടെ അഞ്ചാമത്തെ ഇരയായി. ജസ്പ്രീത് ബുമ്രയെ(6) പുറത്താക്കി ബ്രോഡ് ഇന്നിങ്സ് അവസാനിപ്പിച്ചു. Read on deshabhimani.com

Related News