ഖത്തറിലേക്കുള്ള റിക്രൂട്ട്മെന്റിന് ഒഡെപെക്കിനെ അംഗീകൃത ഏജന്‍സിയാക്കും: ഖത്തര്‍ തൊഴില്‍ മന്ത്രി
ദോഹ > ഖത്തറിലേക്ക് വിവിധ തൊഴില്‍മേഖലകളിലെ റിക്രൂട്ട്മെന്റിന് ഒഡെപെക്കിനെ അംഗീകൃത ഏജന്‍സിയായി എംപാനല്‍ ചെയ്യുമെന്ന് ഖത്തര്‍ തൊഴില്‍വകുപ്പ് മന്ത്രി ഡോ. ഇസ്സാ സാദ് അല്‍ ജഫാലി അല്‍ നുആമി അറിയിച്ചു. തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്റ്റില്‍ ചേരുന്ന വര്‍ക്കിങ്ങ് ഗ്രൂപ്പില്‍ ഖത്തറിലെ പൊതുസ്വകാര്യമേഖലകളിലെ തൊഴിലുകളിലേക്കുള്ള റിക്രൂട്ട്മെന്റുകള്‍ക്ക് ഒഡെപെക്കിനെ അംഗീകൃത ഏജന്‍സിയായി എംപാനല്‍ ചെയ്യുന്നതിന് നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒഡെപെക്ക് മുഖേനയുള്ള റിക്രൂട്ട്മെന്റ് നടപടികളെക്കുറിച്ചും കേരളത്തില്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച നൈപുണ്യ വികസനപദ്ധതികളെക്കുറിച്ചും മന്ത്രി ടി പി രാമകൃഷ്ണന് വിശദീകരിച്ചു. ഇന്ത്യയും കേരളവുമായുള്ള സുദീര്‍ഘമായ ബന്ധവും കേരളത്തോടുള്ള മമതയും ഡോ. ഇസ്സാ സാദ് അല്‍ ജഫാലി അല്‍ നുആമി എടുത്തുപറഞ്ഞു. ലക്ഷക്കണക്കിന് മലയാളികള്‍ ഖത്തറിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മലയാളികളുടെ തൊഴില്‍വൈദഗ്ധ്യവും മാന്യമായ ഇടപെടലും അഭിനന്ദനാര്‍ഹമാണെന്നും ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇത്തരമൊരു സന്ദര്‍ശനത്തിന് തയ്യാറായ മന്ത്രി ടി പി രാമകൃഷ്ണനെ അദ്ദേഹം അഭിനന്ദിച്ചു. നഴ്സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കു പുറമെ നിര്‍മ്മാണമേഖല ഉള്‍പ്പെടെ വിവിധ രംഗങ്ങളിലെ തൊഴിലാളികളെയും റിക്രൂട്ട്ചെയ്യാന്‍ ഒരുക്കമാണെന്ന് അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തില്‍ ഔദ്യോഗികമായ മറ്റു നടപടികള്‍ക്ക് തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ ഗവണ്മെന്റിന്റെ തൊഴിലാളിക്ഷേമനടപടികള് മന്ത്രി വിശദീകരിച്ചു. ഖത്തറിലേക്കുള്ള റിക്രൂട്ട്മെന്റിലെ അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ മന്ത്രിയുടെ ക്ഷണമനുസരിച്ച് മന്ത്രി ടി പി രാമകൃഷ്ണനും സംഘവും ഖത്തര്‍ ലേബര്‍ റിലേഷന്‍ വകുപ്പിന്റെ ഓഫീസും തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന സമിതികളും സന്ദര്‍ശിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പെരിയസ്വാമി കുമരന്, ഒഡെപെക്ക് മാനേജിങ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടരി ദീപു പി നായര്‍, ഒഡെപെക്ക് ജനറല്‍ മാനേജര്‍ എസ് എസ് സജു എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. Read on deshabhimani.com