ഒന്‍പതാമത് കേളി ഫുട്‌ബോള്‍ സെപ്‌തംബര്‍ 14 നു കിക്കോഫ്റിയാദ് > ഡബിള്‍ഹോഴ്‌‌സ് കപ്പിനുവേണ്ടിയുള്ള ഒന്‍പതാമത് കേളി ഫുട്‌ബോള്‍  ടൂര്‍ണമെന്റ് 2018 സെപ്തംബര്‍14 ന് കിക്കോഫ് ചെയ്യുമെന്ന്  സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസ ഫുടബോള്‍ ചരിത്രത്തിലെ അവിസ്മരണീയമായ എട്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കള്‍ക്ക് ആദിത്യമാരുളിയ കേളി  കാലത്തിനനുസരിച്ചുള്ള  അത്യാധുനീക സംവിധാനങ്ങളോടെ ഒരുക്കുന്ന  ഒന്‍പതാമത്തെ എഡിഷന്‍ ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍ ഡബിള്‍ഹോര്‍സ് ആണ്.  സ്വദേശത്തും വിദേശത്തും ഒരപോലെ പ്രശസ്തരായ പ്രമുഖ ഫുഡ് പ്രൊഡക്ട്‌സ് കമ്പനിയായ ഡബിള്‍ഹോര്‍സിന് പുറമെ മറ്റ് നിരവധി സ്ഥാപനങ്ങളും ഈ  ടൂര്‍ണമെന്റിന്റെ പ്രായോജകരായി കേളിയോടൊപ്പം സഹകരിക്കുന്നുണ്ട്.  ജനപങ്കാളിത്തവും സംഘാടനത്തിലെ മികവുകൊണ്ടും  കേളി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍  ഏറെ ശ്രദ്ധേയമാണെന്നും കായിക രംഗത്തെ കേളിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകവഴി കേളി നാട്ടിലും പ്രവാസലോകത്തും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക എന്ന ഉദ്ദേശത്തോടെയാണ്  ടൂര്‍ണമെന്റുമായി സഹകരിക്കുന്നതെന്നും മുഖ്യപ്രായോജകരായ ഡബിള്‍ഹോര്‍സ് സൗദി ഡിസ്ട്രിബ്യൂട്ടര്‍ എക്‌സീക്യുട്ടീവ് മാനേജര്‍ ഹസ്സന്‍ അല്‍സഹ്‌റാനി, മാര്‍ക്കെറ്റിംഗ് മാനേജര്‍  നിജില്‍ തോമസ് എന്നിവര്‍ പറഞ്ഞു.   ഫുട്‌ബോള്‍ രംഗത്തെ അതികായരായ റയല്‍ മാഡ്രിഡ് ക്ലബ് കായികരംഗത്തെ വികസനത്തിനായി ആരംഭിച്ച റയല്‍ മാഡ്രിഡ് ഫൗണ്ടേഷന്റെ സൗദിയിലുള്ള അക്കാദമിയുമായി സഹകരിച്ചാണ്  കേളി ഫുടബോള്‍ സംഘടിപ്പിക്കുന്നത് എന്നത് ഇത്തവണത്തെ പ്രത്യേകതയാണെന്ന്   ടൂര്‍ണമെന്റ് സംഘാടകസമിതി കണ്‍വീനര്‍ നൌഷാദ് കോര്‍മത്ത് പറഞ്ഞു. ടൂര്‍ണ്ണമെന്റ് നടത്തിപ്പിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക ഉപദേശവും അക്കാദമി നല്‍കും. ഇതിന്റെ ഭാഗമായി റയല്‍ മാഡ്രിഡ് അക്കാദമി സ്റ്റേഡിയം ടൂര്‍ണമെന്റിനായി നല്‍കും. വനിതകള്‍ക്ക് ഉള്‍പ്പെടെ  പ്രവേശനാനുമതിയുള്ള റിയാദ് നസ്‌റിയയിലെ സ്റ്റേഡിയത്തിലാണ് മുഴുവന്‍ മത്സരങ്ങളും നടക്കുക. ലീഗ്കംനോക്കൗട്ട് അടിസ്ഥാനത്തില്‍  റിയാദ് ഇന്ത്യന്‍ഫുട്‌ബോള്‍ അസോസ്സിയേഷന്‍  അംഗീകാരമുള്ള എട്ട് പ്രമുഖ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. അക്കാദമിയുടെ സാങ്കേതിക സഹകരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ടൂര്‍ണമെന്റില്‍  പങ്കെടുക്കുന്ന കളിക്കാരെ ഇത്തവണ റജിസ്റ്റര്‍ ചെയ്യുക. കൂടാതെ കളിയുടെ മേന്മക്കും നല്ലൊരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാനും ഫിഫ ഫെയര്‍ പ്‌ളേ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇത്തവണ ടൂര്‍ണ്ണമെന്റില്‍ നടപ്പാക്കുമെന്നും നൌഷാദ് കോര്‍മത്ത് പറഞ്ഞു.   സൗദി റഫറി അലി അല്‍ ഖഹ്താനി ഹെഡ് റഫറിയായുള്ള ഒന്‍പതംഗ സംഘത്തിനാണ് മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള ചുമതല. ആവശ്യമായ ഫസ്‌ററ് എയ്‌ഡ് സംവിധാനവും മെഡിക്കല്‍ സംഘവും ആംബുലന്‍സും ടൂര്‍ണമെന്റിലുടനീളം സ്റ്റേഡിയത്തില്‍ സജജമായിരിക്കും.  ഫൈനല്‍ റൌണ്ടില്‍ എത്തുന്ന ടീമുകള്‍ക്ക് പുറമെ ആദ്യ റൌണ്ടില്‍ പുറത്താകുന്ന ടീമുകള്‍ ഉള്‍പ്പെടെ ടൂര്‍മെന്റില്‍ കളിക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രൈസ് മണി ലഭിക്കും എന്നത് കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്.  ല്‍പന്ത്കളിയുടെ പ്രാധാന്യം ഭാവി തലമുറകളിലേക്ക് പകരാനും വളര്‍ന്നു വരുന്ന ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യം വച്ച് റിയാദിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  അഞ്ചാമത് കേളി ഇന്റര്‍സ്‌കൂള്‍   ഫുട്‌ബോള്‍  ടൂര്‍ണമെന്റ് മുഖ്യ ടൂര്‍ണമെന്റിനോടൊപ്പം ഇതേ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യനിരക്കില്‍ പരിശീലനം നല്‍കാന്‍  റയല്‍ മാഡ്രിഡ് അക്കാദമി തയ്യാറായിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.  അനുസ്യൂതം തുടരുന്ന കേളിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മലപ്പുറം, കണ്ണുര്‍, കൊല്ലം എന്നീ മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികള്‍ക്ക്  ആശ്വാസമെത്തിക്കുന്നതിനായി ഒരോ അത്യാധുനിക ഡയാലിസിസ് മെഷീനുകള്‍ വാങ്ങി നല്‍കുവാനും,  അതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടാംഘട്ടമെന്ന നിലയില്‍  കൂടുതല്‍ സഹായമെത്തിക്കാനും ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി പദ്ധതിയുണ്ടെന്ന് കേളി സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍ പറഞ്ഞു. കേളിയിലെ മുഴുവന്‍ അംഗങ്ങളും തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ നേരത്തെ തീരുമാനിച്ചതിന് പുറമേയാണിത്. കൂടാതെ നിരവധി കേളി അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്തിട്ടുണ്ടെന്നും ഷൌക്കത്ത് കൂട്ടിച്ചേര്‍ത്തു.  ഡബിള്‍ഹോര്‍സ് സൗദി ഡിസ്ട്രിബ്യൂട്ടര്‍ എക്‌‌സീക്യുട്ടീവ് മാനേജര്‍ ഹസ്സന്‍ അല്‍സഹ്‌‌റാനി, മാര്‍ക്കെറ്റിംഗ് മാനേജര്‍  നിജില്‍ തോമസ്, ഉമര്‍ ഖാന്‍, കേളി സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍, പ്രസിഡണ്ട് ദയാനന്ദന്‍ ഹരിപ്പാട്, ടൂര്‍ണമെന്റ് സംഘാടകസമിതി കണ്‍വീനര്‍ നൌഷാദ് കോര്‍മത്ത്, ചെയര്‍മാന്‍ റഷീദ് മേലേതില്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Read on deshabhimani.com

Related News