മെയ്‌‌‌ദിനവും മാര്‍ക്‌‌‌‌സിന്റെ ജന്മദിനവും 'ക്രാന്തി' ആഘോഷിച്ചു; യെച്ചൂരി മുഖ്യാതിഥിയായിഡബ്ലിന്‍ സ്റ്റില്‍ഓര്‍ഗന്‍ > അയര്‍ലണ്ടിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും കൂട്ടായ്‌മയായ 'ക്രാന്തി'യുടെ ആഭിമുഖ്യത്തില്‍ മെയ്‌ദിനാഘോഷവും കാള്‍ മാര്‍ക്‌‌സിന്റെ ഇരുന്നൂറാം ജന്മദിനാഘോഷ പരിപാടിയും സംഘടിപ്പിച്ചു. ഡബ്ലിന്‍ സ്റ്റില്‍ഓര്‍ഗനിലെ ടാല്‍ബോട്ട് ഹോട്ടലില്‍ മെയ് നാല് വൈകുന്നേരം 6.30നാണ് ക്രാന്തിയുടെ പ്രൗഢഗംഭീരമായ മെയ് ദിനാഘോഷം  നടന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അയര്‍ലണ്ടിന്റെ ജനറല്‍ സെക്രട്ടറി ആയ യൂജിന്‍ മക്കാര്‍ട്ടന്‍, ബ്ലിന്‍ സിറ്റി കൗണ്‍സിലറും വര്‍ക്കേഴ്‌‌‌‌സ് പാര്‍ട്ടിയുടെ നേതാവുമായ ഐലീഷ് റയാന്‍ സോളിഡാരിറ്റി നേതാവും ഫിങ്കല്‍ കൗണ്ടി കൗണ്‌സിലറും ആയ മാറ്റ് വൈയിന്‍ എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. 'വംശീയതയില്‍ ഊന്നിയ ദേശീയത ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യപ്രഭാഷണം നടത്തി. ഫിയോണ മാര്‍ട്ടിനും ഐഡന്‍ മര്‍ഫിയും ചേര്‍ന്നൊരുക്കിയ കാവ്യസംഗീത വിരുന്നും നവ്യാനുഭവമായി. ഫ്രാങ്ക് അലനും സഹനടന്മാരും അവതരിപ്പിച്ച മെയ് മാസത്തിലെ പന്ത്രണ്ടു ദിവസങ്ങള്‍ എന്ന നാടകം അയര്‍ലണ്ടിലെ എക്കാലത്തെയും വലിയ വിപ്ലവ നക്ഷത്രമായ ജെയിംസ് കോണോളിയുടെ രക്തസാക്ഷിത്വത്തിന്റെ ഭാവതീവ്രമായ അനുഭവം സമ്മാനിച്ചു. ബിജു ജോര്‍ജിന്റെയും പ്രിന്‍സ് ജോസഫിന്റെയും നേതൃത്വത്തില്‍ അരങ്ങേറിയ ശിങ്കാരിമേളവും മികച്ചതായി. ക്രാന്തി വാട്ടര്‍ഫോര്‍ഡ് യൂണിറ്റിനുവേണ്ടി സെക്രട്ടറി ഷാജു ജോസ് സ: സീതാറാം യെച്ചൂരിക്ക് പൂച്ചെണ്ട് നല്‍കി. മെയ് ദിനാഘോഷത്തില്‍ അയര്‍ലണ്ടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ ആളുകള്‍ പങ്കെടുത്തു. യോഗത്തില്‍ ക്രാന്തിയുടെ പ്രസിഡന്റ് വര്‍ഗീസ് ജോയ് സ്വാഗതവും അശ്വതി പ്ലാക്കല്‍ നന്ദിയും പറഞ്ഞു. പരിപാടിയിലെ ചില ചിത്രങ്ങള്‍   Read on deshabhimani.com

Related News