ഇന്ത്യ പ്രസ് ക്ലബിന്റെ സ്റ്റെപ്പ് പദ്ധതിക്ക് സ്‌പോണ്‍സര്‍ഷിപ്പുമായി പോള്‍ കറുകപള്ളില്‍ന്യുജേഴ്‌സി > മാധ്യമപഠനത്തിന് ലോകനിലവാരമുള്ള പരിശീലനം നല്‍കാന്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക രൂപം കൊടുത്ത മാധ്യമ പരിശീലന പദ്ധതിയായ സ്റ്റെപ്പിന്റെ (STEP- Socially & Technically Educated Press)  സ്‌പോണ്‍സര്‍ഷിപ്പ്  ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപള്ളില്‍  ഏറ്റെടുത്തു. ന്യുജേഴ്‌സിയിലെ എഡിസണില്‍ നടന്ന ചടങ്ങില്‍  കേരള ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മ സ്‌പോണ്‍സര്‍ഷിപ് തുകയായ ഒരു ലക്ഷം രൂപ ഇന്ത്യ പ്രസ്സ് ക്‌ളബിന് വേണ്ടി  പോള്‍ കറുകപ്പള്ളിയുടെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങി. അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) യും കേരള മീഡിയ അക്കാദമിയും ചേര്‍ന്ന് നടത്തുന്ന മാധ്യമ പരിശീലന പദ്ധതി 'STEP' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. കൊല്ലം ബീച്ച് ഹോട്ടലില്‍ നടന്ന യോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പങ്കെടുത്തിരുന്നു. കേരള മീഡിയ അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിക്ക് എം ബി രാജേഷ് എംപി, ഡോ. എം വി പിള്ള, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബാബു പോള്‍, മാധ്യമപ്രവര്‍ത്തകരായ ആര്‍ ശ്രീകണ്ഠന്‍ നായര്‍(ഫ്‌ളവേഴ്സ് ടിവി), സന്തോഷ് ജോര്‍ജ്( മനോരമ ഓണ്‍ലൈന്‍) അനില്‍അടൂര്‍( ഏഷ്യാനെറ്റ്), ഐജി പി വിജയന്‍ എന്നിവര്‍ പൂര്‍ണ പിന്തുണ അര്‍പ്പിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ചെലവുകളും മറ്റു സഹായങ്ങളും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക വഹിക്കും. കൊല്ലം കളക്ടര്‍ കാര്‍ത്തികേയന്‍ , ഫൊക്കാന ,ഫോമ ,വേള്‍ഡ് മലയാളി കൗണ്‍സില്‍ ദേശീയ നേതാക്കളും ഇന്ത്യ പ്രസ് ക്ലബ് പ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തില്‍ സ്റ്റെപ്പ് പ്രോജക്ടിനുള്ള അഭിനന്ദനങ്ങളും ആശംസകളും മന്ത്രി നേര്‍ന്നു. സംശുദ്ധ മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുവാനുള്ള ശ്രമങ്ങള്‍ക്ക് തന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പോള്‍ കറുകപള്ളി പറഞ്ഞു. അമേരിക്കയില്‍ മലയാള മാധ്യമ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഇന്ത്യ പ്രസ് ക്ലബ് സംഘടന രംഗത്ത് ഒരു മാതൃകയാണെന്ന് അദ്ദേഹം തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.   Read on deshabhimani.com

Related News