ബ്രിട്ടണിലെ ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ നാല് മലയാളികള്‍ക്ക് ജയം
ലണ്ടന്‍ > ബ്രിട്ടണിലെ ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ നാല് മലയാളികള്‍ക്ക് അഭിമാനാഹമായ വിജയം. ലേബര്‍ പാര്‍ടി സ്ഥാനാര്‍ഥികളായ ഡോ. ഓമന ഗംഗാധാരന് (ന്യൂഹാം വാള് എന്‍ഡ് വാര്‍ഡ്), മഞ്ജു ഷാഹുല്‍ ഹമീദ് (ക്രോയ്ഡോണ്‍ ബ്രോഡ്ഗ്രീന്‍ വാര്‍ഡ്), ബൈജു വർക്കി തിട്ടാല (കേംബ്രിഡ്ജ് കൗണ്‍സില്‍ ഈസ്റ്റ് ചെസ്റ്റന് വാര്‍ഡ്), സുഗതന് തെക്കേപ്പുര (ന്യൂഹാം കൗണ്‍സില്‍ ഈസ്റ്റ് ഹാം സെന്‍ട്രല്‍ വാര്‍ഡ്) എന്നിവരാണ് വിജയിച്ചത്. ആറുമലയാളികളാണ് ഇത്തവണ ലോക്കൽ കൗൺസിലിലേക്ക് മൽസരിച്ചത്. സുഗതന് തെക്കേപ്പുര ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയാണ്. ഇത്തവണ ബിലാത്തിയിലെ 150 കൗൺസിലുകളിലെ ഭരണകർത്താക്കളെ തിരഞ്ഞെടുത്തപ്പോൾ ഭരണപക്ഷമായ 'ടോറി പാർട്ടി'യേക്കാൾ മേൽക്കോയ്മ 'ലേബർ പാർട്ടി' നേടുകയും ചെയ്തു. ലിബറൽ ഡെമെക്രാറ്റിക് പാർട്ടി'യും ഒപ്പമുണ്ട്. അതേസമയം തീവ്രവലതുപക്ഷ പാർടിയായ യുക്കിപ് പാർടി ഇത്തവണ തകർന്നടിഞ്ഞു. കോട്ടയം ചങ്ങനാശേരിക്കാരിയാണ് ഓമനാ ഗംഗാധരന്. ലണ്ടന്‍ ന്യൂഹാം വോള്‍ എന്‍ഡ് വാര്‍ഡില്‍ നിന്നുമാണ് ഇവര്‍ മത്സരിച്ച് ജയിച്ചത്. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമല സ്വദേശിനിയാണ് മഞ്ജു. 2014 15 കാലഘട്ടത്തില്‍ ലേബല്‍ പാര്‍ടിയുടെ ടിക്കറ്റില്‍ അട്ടിമറി വിജയം കരസ്ഥമാക്കി ക്രോയ്ഡോണ്‍ മേയറായി തീര്‍ന്ന മഞ്ജു വന്‍ വിജയമാണ് ഇത്തവണ നേടിയത്. യുകെയില്‍ വന്ന ശേഷം ആംഗ്ലിയ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദവും യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ നോര്‍വിച്ചില്‍ നിന്നും എംപ്ലോയ്മെന്റ് നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ബൈജു വര്‍ക്കി തിട്ടാല കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലില്‍ നിന്നുമാണ് ലേബര്‍ പാര്‍ടി ടിക്കറ്റില്‍ ജയിച്ചു കയറിയത്. സുഗതന് തെക്കേപ്പുര ന്യൂഹാം ബറോവിലെ ഈസ്റ്റ് ഹാമിലെ സെന്‍ട്രല്‍ വാര്‍ഡില്‍ നിന്നും ലേബര്‍ പാര്‍ടി ബാനറില്‍ ആണ് വിജയിച്ചത്. Read on deshabhimani.com