' ലോ വോള്‍ട്ടേജില്‍ ഒരു ബള്‍ബ് ഗ്രന്ഥപ്പുര' പ്രകാശനം ചെയ്തുജിദ്ദ > പ്രശസ്ത എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടിരിയുടെ ഏറ്റവും പുതിയ പുസ്തകമായ ലോ വോള്‍ട്ടേജില്‍ ഒരു ബള്‍ബ്  ഗ്രന്ഥപ്പുര ജിദ്ദ, ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍  സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്തു. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ വി. ഖാലിദില്‍ നിന്നും ഹംസ മദാരി ആദ്യ പ്രതി ഏറ്റുവാങ്ങി.  ചടങ്ങില്‍  കൊമ്പന്‍ മൂസ്സ അധ്യക്ഷത വഹിച്ചു. പുരാവൃത്തങ്ങളും ഭ്രമകല്‍പനകളും വാമൊഴിക്കഥകളും ചേര്‍ന്ന്  ചരിത്രവും യാഥാര്‍ത്ഥ്യങ്ങളും അസാധാരണ മാനങ്ങള്‍ കൈവരിക്കുന്നതാണു അബുവിന്റെ രചനകളെന്നും ദേശത്തേയും ഭാഷയേയും കൃത്യമായി അടയാളപ്പെടുത്തുന്ന കൃതികളില്‍ കിഴക്കന്‍ ഏറനാടന്‍ ഭാഷയുടെ ശക്തിയും സൗന്ദര്യവും  മികവാര്‍ന്ന് നില്‍ക്കുന്നുണ്ടെന്നും പുസ്തകം പരിചയപ്പെടുത്തിയ  കബീര്‍ മുഹ്സിന്‍ കാളികാവ് അഭിപ്രായപ്പെട്ടു.   മതത്തിലെ പൗരോഹിത്യത്തോടും പണാധിപത്യത്തോടും കലഹിക്കുന്ന പല രചനകളിലും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകളുടെ നിലവിളികളും മുഴങ്ങുന്നു. തന്റെ ആത്മകഥാപരമായ അനുഭവങ്ങളും ദീപ്തമായ ഓര്‍മ്മകളും സൗഹൃദത്തിന്റെ തെളിനീരും ലളിതസുന്ദരമായി വിവരിക്കുകയാണ് ലോ  വോള്‍ട്ടേജില്‍ ഒരു ബള്‍ബ്  എന്ന കൃതിയില്‍;കബീര്‍ മുഹ്സിന്‍ പറഞ്ഞു. പ്രൊഫ. ഇസ്മായില്‍ മരിതേരി, ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന്, ഷരീഫ് സാഗര്‍, മിര്‍സ ശരീഫ്, നസീര്‍ വക്കുഞ്ഞു, സേതുമാധവന്‍ മൂത്തേടത്ത്,  രേഷ്മ ബാവ മൂപ്പന്‍, ഇസ്മായില്‍ കല്ലായി, റജീന നൗഷാദ്, അബ്ദുള്ള മുക്കണ്ണി ,  മുഹമ്മദാലി  കോട്ട ,ഷറഫുദ്ദീന്‍ കായംകുളം, റഹീം ഒതുക്കുങ്ങല്‍,  വി കെ ഷെഫി  എന്നിവര്‍ സംസാരിച്ചു.  അബു ഇരിങ്ങാട്ടിരി മറുപടി പ്രസംഗം നടത്തി. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവരുടെ ദയനീയ ചിത്രങ്ങളാണ് ലോ വോള്‍ട്ടേജില്‍ ഒരു ബള്‍ബ് എഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും പ്രവാസത്തേക്കാള്‍ ഏറെ ഭീകരമാണ് പ്രവാസാനന്തര നാട്ടുജീവിതമെന്നും അത് തരണം ചെയ്യാന്‍ ഓരോരുത്തരും ഇപ്പോഴേ മാനസികമായി കരുത്തു നേടേണ്ടതുണ്ടെന്നും  അബു ഇരിങ്ങാട്ടിരി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഷാജു അത്താണിക്കല്‍ സ്വാഗതവും ഷരീഫ് കാവുങ്ങല്‍ നന്ദിയും പറഞ്ഞു, സലാം ഒളവട്ടൂര്‍ അഷറഫ് മവൂര്‍, സാദത്,കൃഷ്ണ ചെമ്മാട് സമീര്‍ ചെറുതുരുത്തി  എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.     Read on deshabhimani.com

Related News