കാനാ കുവൈറ്റിന്റ പ്രഥമ നാടകം 'അബ്രഹാം' അടുത്തയാഴ്‌ച അരങ്ങിലെത്തുന്നുകുവൈറ്റ് സിറ്റി > കുവൈറ്റിലെ പ്രവാസ നാടകരംഗത്ത് ചരിത്രം കുറിച്ചുകൊണ്ട്, കാനാ കുവൈറ്റ് അവതരിപ്പിക്കുന്ന പ്രഥമ നാടകം 'അബ്രഹാം' നവംബര്‍ 16-17 തിയതികളില്‍ അരങ്ങിലെത്തുമെന്നു ഭാരവാഹികള്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുവൈറ്റ് ബോയ് സ്‌കൗട്‌സ് തിയേറ്റര്‍, ഹവല്ലിയില്‍ നംവംബര്‍ 16 വ്യാഴാഴ്ച വൈകുന്നേരം 6.30 ന് ഉദ്ഘാടന അവതരണം നടക്കും. അതേ വേദിയില്‍ തന്നെ നവംബര്‍ 17 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 നും വൈകുന്നേരം 7 മണിക്കും രണ്ട് അവതരണങ്ങള്‍ കൂടി ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര രചന നിര്‍വ്വഹിച്ച ചരിത്ര നാടകത്തിന്റ സംവിധാനം പ്രവാസനാടകവേദിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയായ കലാശ്രീ ബാബു ചാക്കോളയാണ് നിര്‍വ്വഹിക്കുന്നത്. രംഗപടമൊരുക്കുന്നത് അരങ്ങില്‍ കട്ടൗട്ടുകളും ചായക്കൂട്ടുകളും കൊണ്ടു വിസ്മയം തീര്‍ക്കുന്ന ആര്‍ട്ടിസ്റ്റ് സുജാതന്‍ മാസ്റ്റര്‍ ആണ്. രംഗസാക്ഷാത്കാരം രാജു ചിറയ്ക്കലും പശ്ചാത്തലസംഗീതം മനോജ് മാവേലിക്കരയും നിര്‍വ്വഹിക്കുന്നു. നാടകത്തില്‍ പ്രധാന വേഷത്തിലെത്തുന്ന കുമാര്‍ തൃത്താല അസ്സോസിയേറ്റ് ഡയറക്ടര്‍ ആയും മഞ്ജു മാത്യു സഹ സംവിധായികയായും പ്രവര്‍ത്തിക്കും. മലയാളനാടകവേദിയിലെ അവതരണത്തിലും രചനാ രീതികളിലും വലിയ മാറ്റങ്ങളുണ്ടാവുന്നുവെന്നും ഈ പുത്തന്‍ പ്രവണതകള്‍ അരങ്ങിന്റ മാറിവരുന്ന സൗന്ദര്യശാസ്ത്രത്തിന്റ സൂചനകളാണെന്നും പ്രശസ്ത രംഗപട കലാകാരന്‍  ആര്‍ട്ടിസ്റ്റ് സുജാതന്‍ പറഞ്ഞു. കേരള ആര്‍ട്ട്‌സ് ആന്റ് നാടക അക്കാഡമി (കാനാ കുവൈറ്റ്) സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകാചാര്യന്‍മാര്‍ കാലങ്ങളായി അനുവര്‍ത്തിച്ചു പോന്നിരുന്ന രചനാശീലങ്ങളില്‍ വലിയ മാറ്റമുണ്ടായിരിക്കുന്നു. സംഭാഷണപ്രധാനങ്ങളായിരുന്ന നാടകങ്ങള്‍ ഇന്ന് ദൃശ്യപ്രധാനമായ നാടകങ്ങള്‍ക്കു വഴിമാറിയിരിക്കുന്നു. 'സാങ്കേതികവിദ്യയുടെ അതിപ്രസരവും ദൃശ്യപ്പൊലിമയുടെ ഗിമ്മിക്കുകളുമാണ് 2000 നു ശേഷം മലയാളനാടകവേദിയില്‍ പ്രകടമായി കാണുന്നത്. മാറിവരുന്ന ഈ രംഗശീലങ്ങള്‍ പക്ഷെ, പുതുതലമുറയുടെ അഭിരുചിക്കനുസൃതമായി രൂപപ്പെടുന്നതാവാം,' സുജാതന്‍ സൂചിപ്പിച്ചു. കേരളത്തിലെ മുന്‍നിര നാടകസമിതികളുടെ മൂവായിരത്തിലധികം നാടകങ്ങള്‍ക്കുവേണ്ടി രംഗപടമൊരുക്കിയിട്ടുള്ള ആര്‍ട്ടിസ്റ്റ് സുജാതന്‍, കാനാ കുവൈറ്റിന്റ പ്രഥമ നാടകമായ 'അബ്രഹാമിനു' പശ്ചാത്തലമൊരുക്കുന്നതിനാണ് കുവൈറ്റിലെത്തിയത്. പ്രസിഡന്റ് കുമാര്‍ തൃത്താല, ജനറല്‍ സെക്രട്ടറി ജിജു കാലായില്‍, സംവിധായകന്‍ ബാബു ചാക്കോള, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജീവ് കെ. പീറ്റര്‍, ചിറക്കല്‍ രാജു, സഹസംവിധായിക മഞജു മാത്യു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. വിശദാംശങ്ങള്‍ക്ക് 97213920, 97277151, 99124096, 69926711 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.   Read on deshabhimani.com

Related News