ഡല്‍ഹിയില്‍ പ്രതിഷേധമിരമ്പി; യെച്ചൂരിയെ അറസ്റ്റുചെയ്തുന്യൂഡൽഹി >കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തികനയങ്ങൾക്കും രൂക്ഷമായ ഇന്ധനവില വർധനയ്ക്കുമെതിരായ പ്രക്ഷോഭത്തിൽ അണിനിരന്ന സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ‌് ചെയ്തു. ബാരിക്കേഡുകൾ മറികടന്ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനുള്ളിൽ കടന്ന് പ്രക്ഷോഭകർ ഉപരോധം തീർത്തു. ഇന്ധനവിലയുടെ പേരിലുള്ള കൊള്ള അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം മുഴക്കി ജന്തർ മന്ദറിൽനിന്ന് പാർലമെന്റിലേക്ക് നടന്ന പ്രതിഷേധപ്രകടനത്തിൽ നിരവധിപേർ അണിനിരന്നു. കൊടികളും പ്ലക്കാർഡുകളുമായി സ്ത്രീകളും യുവാക്കളുമടക്കം പ്രക്ഷോഭത്തിന്റെ ഭാഗമായി. സിപിഐ എം, സിപിഐ, സിപിഐ എംഎൽ, എസ്യുസിഐസി, ആർഎസ്പി എന്നിവർ സംയുക്തമായാണ് ദേശീയ ഹർത്താൽ നടത്തിയത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർടി നേതാവ് അതിഷി മർലേന യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് പ്രക്ഷോഭകർ ഉപരോധസമരം നടത്തിയത്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും അധ്വാനിക്കുന്ന ജനവിഭാഗമാണ് മോ‍ഡിയുടെ നയങ്ങളുടെ യഥാർഥ ഇരകളെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിച്ചതോടെ അവശ്യസാധന വില കുതിച്ചുകയറുകയാണ്. ജനവിരുദ്ധ നയങ്ങളുടെ ഉപാസകരായ മോഡി സർക്കാരിനെ ഭരണത്തിൽനിന്ന് ആട്ടിയോടിക്കാൻ പ്രതിപക്ഷ പാർടികൾക്കൊപ്പം തൊഴിലാളികൾ, കർഷകർ, വിദ്യാർഥികൾ, സ്ത്രീകൾ, ദളിത്‐ആദിവാസി‐ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർഒത്തൊരുമിച്ചിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.ഇന്ധനവില ചരക്കു സേവന നികുതിക്കു കീഴിൽ കൊണ്ടുവരികയെന്ന ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്രസർക്കാർ ഒളിച്ചോടുകയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ തപൻ സെൻ, നീലോത്പൽ ബസു,  സിപിഐ നേതാക്കളായ ഡി രാജ, കെ നാരായണ, അമർജിത് കൗർ, സിപിഐ എംഎൽ നേതാവ് സന്തോഷ് റായ്, എസ്യുസിഐസി നേതാവ് പ്രാൺ ശർമ തുടങ്ങിയവർ സംസാരിച്ചു. സിഐടിയു പ്രസിഡന്റ് കെ ഹേമലത, എ ആർ സിന്ധു, വിജൂ കൃഷ്ണൻ, ബിനോയ് വിശ്വം, ആനി രാജ തുടങ്ങിയവരും പങ്കെടുത്തു. Read on deshabhimani.com

Related News