നോട്ട്‌ അസാധുവാക്കലിന്‌ ശേഷം എറ്റവുമധികം പഴയ നോട്ട്‌ മാറിയത്‌ അമിത്‌ഷാ ഡയറക്‌ടറായ സഹകരണ ബാങ്ക്‌; 5 ദിവസത്തിനുള്ളിൽ ഗുജറാത്തിലെ രണ്ട്‌ ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപം 1034 കോടിമുംബൈ > നോട്ട്‌ നിരോധനത്തെ തുടർന്ന്‌ അസാധുവായ 500, 1000 രൂപാ നോട്ടുകൾ ഏറ്റവുമധികം തിരികെയെത്തിയത്‌ ബിജെപി ദേശീയ അധ്യക്ഷൻ അമിത്‌ ഷാ ഡയറക്‌ടറായ ബാങ്കിലെന്ന്‌ വിവരാവകാശ രേഖ. അമിത്‌ഷായുടെ നിയന്ത്രണത്തിലുള്ള അഹമ്മദാബാദ്‌ ജില്ലാ സഹകരണ ബാങ്കിൽ 745.59 കോടി രൂപയുടെ പഴയ നോട്ടുകളാണ്‌ അസാധുവാക്കി 5 ദിവസത്തിനുള്ളിൽ നിക്ഷേപിച്ചത്‌.  2016 നവംബർ 8ന്‌ നോട്ടുകൾ അസാധുവാക്കിയതു മുതൽ നവംബർ 14 വരെയുള്ള അഞ്ചുദിവസത്തെ നിക്ഷേപത്തിന്റെ കണക്കാണ്‌ ഇപ്പോൾ പുറത്തുവന്നത്‌. നവംബർ 14ന്‌ ശേഷം ജില്ലാ ബാങ്കുകളെ അസാധുവാക്കിയ നോട്ടുകൾ സ്വീകരിക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാൻ ഇടനൽകുമെന്ന്‌ ആരോപിച്ചായിരുന്നു ഈ നടപടി. എന്നാൽ, ഈ അഞ്ചുദിവസത്തിനുള്ളിൽ ബിജെപി അധ്യക്ഷൻ ഡയറക്‌ടറായ സഹകരണ ബാങ്കിൽ ഇത്രയധികം രൂപയുടെ നിക്ഷേപം ഉണ്ടായത്‌ തികച്ചും ദുരൂഹമാണ്‌. 2017 നവംബർ 8 മുതൽ 14 വരെ ഏറ്റവുമധികം നിക്ഷേപമുണ്ടായ ബാങ്കുകളിൽ രണ്ടാം സ്ഥാനവും ഗുജറാത്തിലെ തന്നെ ബിജെപി നിയന്ത്രണത്തിലുള്ള മറ്റൊരു ബാങ്കിനാണ്‌. ഗുജറാത്ത്‌ ഭക്ഷ്യവകുപ്പ്‌ മന്ത്രിയായ ജയേഷ്‌ഭായ്‌ വിട്ഠൽഭായ്‌ രദാഡിയ ചെയർമാനായ രാജ്‌കോട്ട്‌ ജില്ലാ സഹകരണ ബാങ്ക്‌ ഈ കാലയളവിനുള്ളിൽ 693.19 കോടി രൂപയുടെ പഴയ നോട്ടുകൾ സംഭരിച്ചു. എന്നാൽ ഈ രണ്ട്‌ ജില്ലാ സഹകരണ ബാങ്കുകളും ചേർന്ന്‌ അഞ്ചു ദിവസത്തിനുള്ളിൽ  1438.78 കോടിയുടെ പഴയ നോട്ടുകൾ സമാഹരിച്ചപ്പോൾ ഗുജറാത്ത്‌ സംസ്ഥാന സഹകരണ ബാങ്കിൽ ഈ കാലയളവിലെ നിക്ഷേപം 1.11 കോടി രൂപമാത്രമാണെന്നതാണ്‌ കൗതുകകരമായ മറ്റൊരു വസ്‌തുത. കള്ളപ്പണത്തെ നേരിടാനെന്ന അവകാശവാദവുമായാണ്‌ നരേന്ദ്ര മോദി നോട്ട്‌ നിരോധനം പ്രഖ്യാപിച്ചത്‌. ഇതുമൂലം കള്ളപ്പണം ഇല്ലാതാക്കാനും ഖജനാവിന്‌ വലിയ നേട്ടമുണ്ടാക്കാനാകും എന്നും ബിജെപി സർക്കാർ വാദിച്ചിരുന്നു. എന്നാൽ തിരികെയെത്തിയ നോട്ടുകളുടെ മൂല്യം റിസർവ്‌ ബാങ്ക്‌ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നോട്ട്‌ അസാധുവാക്കലിന്‌ ശേഷം 201617ൽ ബിജെപിയുടെ വരുമാനം 81 ശതമാനം ഉയർന്ന്‌ 1034.27 കോടിരൂപയായതായി വാർത്തകൾ വന്നിരുന്നു. മറ്റു പാർടികളുടെ വരുമാനം കുറഞ്ഞപ്പോഴാണിത്‌.    Read on deshabhimani.com

Related News