ബിജെപി എംപിയുടെ വീട്ടിൽ കവർച്ച: കള്ളന്‌ ലഭിച്ചത്‌ കണക്കിൽപ്പെടാത്ത സ്വത്ത്‌; 1.14 കോടി രൂപയും ആഭരണങ്ങളും കണ്ടെടുത്തുപറ്റ്‌ന  > ബീഹാറിൽ ബിജെപി എംപിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളനെ പിടികൂടിയ പൊലീസ്‌ കണ്ടെടുത്തത്‌ കണക്കിൽപ്പെടാത്ത സ്വത്ത്‌. ഈ തുക മുഴുവൻ ബിജെപി എംപിയുടെ വീട്ടിൽനിന്ന്‌ മോഷ്‌ടിച്ചതാണെന്ന്‌ പ്രതി സമ്മതിച്ചതോടെ എംപിയും ബിജെപി നേതൃത്വവും വെട്ടിലായിരിക്കുകയാണ്‌. നവാഡ മണ്ഡലത്തിലെ ബിജെപി എംപിയായ ഗിരിരാജ്‌ സിങ്ങിന്റെ വീട്ടിലാണ്‌ മോഷണം നടന്നത്‌. 1.14 കോടി രൂപ, 600 യുഎസ്‌ ഡോളർ, രണ്ട്‌ സ്വർണമാല, ഒരു ജോഡി കമ്മൽ, ഒരു സ്വർണ ലോക്കറ്റ്‌, മൂന്ന്‌ സ്വർണ മോതിരം, 14 വെള്ളിനാണയം, ഏഴ്‌ ആഢംബര വാച്ചുകൾ എന്നിവയാണ്‌ എംപിയുടെ വീട്ടിൽ മോഷണം നടത്തിയ ദിനേശ്‌ കുമാർ എന്നയാളിൽ നിന്ന്‌ പൊലീസ്‌ കണ്ടെടുത്തത്. പറ്റ്‌നയിലെ ബോറിംഗ്‌ റോഡിലുള്ള എംപി ഗിരിരാജ്‌ സിങ്ങിന്റെ വസതിയിൽ നിന്നാണ്‌ ഇതെല്ലാം കവർത്തതെന്ന്‌ ഇയാൾ സമ്മതിക്കുകയും ചെയ്‌തു. എന്നാൽ എംപിയുടെ പരാതിയിൽ 50,000 രൂപയും ഏതാനും ആഭരണങ്ങളും നഷ്‌ടപ്പെട്ടതായി മാത്രമേ പറഞ്ഞിരുന്നുള്ളൂ. എംപിയുടെ ബോഡിഗാർഡ്‌ രൂപ്‌കമൽ, സുരക്ഷാ ജീവനക്കാരൻ ധീരേന്ദ്ര, വീട്ടുജോലിക്കാരൻ ലക്ഷ്‌മൺ എന്നിവരുടെ അറിവോടെയാണ്‌ മോഷണമെന്ന്‌ അന്വേഷണത്തിന്റെ ചുമതലയുള്ള പറ്റ്‌ന സീനിയർ എസ്‌പി മനു മഹാരാജ്‌ പറഞ്ഞു. ഇവർക്കും ദിനേശ്‌ ഷുമാർ മോഷണമുതലിന്റെ നല്ലൊരു പങ്ക്‌ വാഗ്‌ദാനം ചെയ്‌തിരുന്നതായും പതിനഞ്ച്‌ ദിവസം മുൻപുതന്നെ മോഷണം ആസൂത്രണം ചെയ്തിരുന്നതായും എസ്‌പി പറഞ്ഞു. മോഷണമുതൽ ഒളിപ്പിക്കാനുള്ള യാത്രക്കിടെയാണ്‌ സംശയാസ്‌പദമായ സാഹചര്യത്തിൽ മോഷ്‌ടാവ്‌ ദിനേശ്‌ കുമാറിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്ത അനുയായിയാണ്‌ ഗിരിരാജ്‌ സിങ്. നരേന്ദ്ര മോഡിയെ എതിർക്കുന്നവർക്ക്‌ ഇന്ത്യയിൽ സ്ഥാനമില്ലെന്നും പാകിസ്ഥാനിൽ പോകണമെന്നും പറഞ്ഞ്‌ ഇയാൾ മുൻപും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2013ലെ സർക്കാർ രേഖകൾ അനുസരിച്ച്‌ ഗിരിരാജ്‌ സിങ്ങിന്‌ വീടും ഭൂമിയും ഉൾപ്പെടെ 75 ലക്ഷം രൂപയുടെ സ്വത്ത്‌ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്ന്‌ ആദായനികുതി വകുപ്പ്‌ അറിയിച്ചിട്ടുണ്ട്‌.   Read on deshabhimani.com

Related News