'പെട്രോളടിക്കു ബൈക്ക് സമ്മാനമായി നേടു';മധ്യപ്രദേശില്‍ പെട്രോള്‍ പമ്പുകളുടെ പ്രഖ്യാപനംന്യൂഡല്‍ഹി > 'പെട്രോളടിക്കു ബൈക്ക് സമ്മാനമായി നേടു' വെറും വാക്കല്ല, മധ്യപ്രദേശിലെ പെട്രോള്‍ പമ്പുകള്‍ പ്രഖ്യാപിച്ചതാണിത്. പെട്രോളും ഡീസലും നിറയ്ക്കുന്നവര്‍ക്ക് വാഷിങ് മെഷ്യന്‍, എയര്‍ കണ്ടീഷ്ണര്‍ ബൈക്ക് തുടങ്ങിയ ഉഗ്രന്‍ സമ്മാനങ്ങളുമായാണ് പമ്പുകള്‍ രംഗത്തെത്തിയത്. രാജ്യത്ത് ഇന്ധനവില സര്‍വസീമകളും ലംഘിച്ച് കുതിച്ചതോടെയാണ് പമ്പുകളുടെ വക സമ്മാനപ്പെരുമഴ. 100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പ്രഭാത ഭക്ഷണവും ചായയും സൗജന്യമാണ്. 5,000 ലിറ്ററടിച്ചാല്‍ മൊബൈല്‍ ഫോണ്‍, സൈക്കിള്‍, വാച്ച് എന്നിവയാണ് സമ്മാനം. 15,000 ലിറ്ററടിച്ചാല്‍ അലമാര, സോഫസെറ്റ് ഒരുഗ്രാം വെള്ളിനാണയം എന്നിവയില്‍ ഒന്ന് വീട്ടില്‍ കൊണ്ടുപോകാം. 25,000 ലിറ്റര്‍ ഡീസലടിക്കുന്നവര്‍ക്ക് വാഷിങ് മെഷ്യനാണ് സമ്മാനം.|  50,000 ലിറ്ററടിച്ചാല്‍ സ്പ്ലിറ്റ് എസിയോ ലാപ്‌ടോപ്പോ സ്വന്തമാക്കാം. ഒരു ലക്ഷം ലിറ്റര്‍ അടിക്കുമ്പോള്‍ കിട്ടുന്നത് ഒരു സ്‌കൂട്ടറോ ബൈക്കോ ആണ്. സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതോടെ കച്ചവടം വര്‍ധിച്ചതായാണ് പമ്പ് ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നത്. മധ്യപ്രദേശില്‍ പെട്രോളിനും ഡീസലിനും 28 ശതമാനം വാറ്റാണ് ഈടാക്കുന്നത്. ഇതോടെ അതിര്‍ത്തി ജില്ലകളിലെ പമ്പുകള്‍ ഒഴിവാക്കി ഇന്ധനം നിറയ്ക്കാന്‍ വാഹന ഉടമകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്.  കച്ചവടം നഷ്ടമാകുന്നത് തിരിച്ചു പിടിക്കാനാണ് പമ്പുടമകള്‍ സമ്മാനം പ്രഖ്യാപിച്ചത്. സമീപ സംസ്ഥാനങ്ങളുമായി അഞ്ച് രൂപയുടെ വ്യത്യാസം ഇന്ധന വിലയില്‍ ഉള്ളതിനാല്‍ അതിര്‍ത്തി ജില്ലകളിലെ 125 പെട്രോള്‍ പമ്പുകള്‍ക്കാണ് കച്ചവടം നഷ്ടപ്പെട്ടത്. നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പമ്പ് ഉടമകള്‍ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News