വീണ്ടും കൂട്ടി ; പെട്രോളിന് 51 ഉം ഡീസലിന് 55 പൈസയും വർധിച്ചുന്യൂഡൽഹി രാജ്യത്ത് പെട്രോൾ‐ഡീസൽ വില അനിയന്ത്രിതമായി കുതിച്ചുയരുന്നു. ശനി, ഞായർ ദിവസങ്ങളിലായി പെട്രോളിന് ലിറ്ററിന് 51 പൈസയും ഡീസലിന് ലിറ്ററിന് 55 പൈസയും വർധിച്ചു. വരുംദിവസങ്ങളിലും വിലവർധിക്കുമെന്നാണ് സൂചന. ഡൽഹിയിൽ ഇതാദ്യമായി പെട്രോൾവില ലിറ്ററിന് 80 രൂപ കടന്നു. മുംബൈയിൽ പെട്രോൾവില ലിറ്ററിന് 90 രൂപയിലേക്ക് അടുക്കുകയാണ്. എക്സൈസ് തീരുവ കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകാൻ കേന്ദ്രസർക്കാരിന് കഴിയുമെങ്കിലും അത‌് വേണ്ടെന്ന നിലപാടിലാണ് ധനമന്ത്രാലയം. ഡൽഹിയിൽ ചേർന്ന ബിജെപി ദേശീയ നിർവാഹകസമിതി യോഗം ഇന്ധന വിലവർധനയെക്കുറിച്ചോ രൂപയുടെ മൂല്യമിടിവിനെപ്പറ്റിയോ പ്രതികരിച്ചില്ല. ആഭ്യന്തരവിപണിയിൽ ഇന്ധനവില കുതിച്ചുയരുന്നതും രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതും സമ്പദ്വ്യവസ്ഥയെ ഗുരുതര പ്രതിസന്ധിയിലാക്കുകയാണ‌്. പണപ്പെരുപ്പം കുതിച്ചുയരാനും വിലക്കയറ്റം അതിരൂക്ഷമാക്കാനും ഇന്ധന വിലവർധന വഴിയൊരുക്കും. വിലവർധനയ‌്ക്ക‌് കാരണം ബാഹ്യഘടകങ്ങളാണെന്ന നിലപാടുള്ള ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാകട്ടെ എന്തുവന്നാലും എക്സൈസ് തീരുവ കുറയ്ക്കില്ലെന്ന വാശിയിലുമാണ്. ശനി, ഞായർ ദിവസങ്ങളിലെ വർധനയോടെ ഡൽഹിയിൽ പെട്രോൾ വില ഇതാദ്യമായി ലിറ്ററിന് 80.50 രൂപയിലെത്തി. ഡീസൽ വിലയാകട്ടെ ലിറ്ററിന് 72.61 രൂപയെന്ന സർവകാല റെക്കോർഡിലും. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 87.89 രൂപയായി. ഡീസൽ വില 77.05 രൂപയും. പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ചുമത്തുന്നത്‌ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലാണ്‌. മറ്റ് മെട്രോ നഗരങ്ങളിലും വില കുതിച്ചുയരുകയാണ്. ചെന്നൈയിൽ പെട്രോൾ വില 83.66 ലും ഡീസൽ വില 76.75 ലുമെത്തി. കൊൽക്കത്തയിൽ പെട്രോൾ വില 83.39 രൂപയായി ഉയർന്നപ്പോൾ ഡീസൽ വില 75.46 രൂപയെന്ന നിരക്കിലെത്തി. പെട്രോൾ‐ ഡീസൽ വിലകൾക്ക് പുറമെ പ്രകൃതിവാതകങ്ങളുടെ വിലയും വർധിച്ചു. സിഎൻജി വില ഡൽഹിയിൽ കിലോയ്ക്ക് 42.60 രൂപയായും നോയിഡയിൽ 49.30 രൂപയായും വർധിച്ചു. പാചകത്തിന് ഉപയോഗിക്കുന്ന കുഴൽവാതകത്തിന്റെ (പിഎൻജി) വില ഡൽഹിയിൽ സ്റ്റാൻഡേർഡ് ക്യുബിക്ക് മീറ്ററിന് (എസ്സിഎം) 28.25 രൂപയായും നോയിഡയിൽ 3010 രൂപയായും വർധിച്ചു. പെട്രോൾ‐ ഡീസൽ എക്സൈസ് തീരുവ മോഡി സർക്കാർ തുടർച്ചയായി വർധിപ്പിച്ചതാണ് വിലക്കയറ്റം രൂക്ഷമാക്കുന്നത്. 2014 നവംബർ മുതൽ 2016 ജനുവരി  വരെയുള്ള കാലയളവിൽ പെട്രോളിന്റെ എക്സൈസ് തീരുവയിൽ 11.72 രൂപയും ഡീസലിന്റെ എക്സൈസ് തീരുവ 13.47 രൂപയുമാണ് കൂട്ടിയത്. നിലവിൽ പെട്രോളിന് ലിറ്ററിന് 19.48 രൂപയും ഡീസലിന് 15.23 രൂപയുമാണ് തീരുവ. ബ്രാൻഡഡ് പെട്രോളിനും ഡീസലിനുമാകട്ടെ യഥാക്രമം 20.66 രൂപയും 17.69 രൂപയും. 2014ൽ ഒരു ലിറ്റർ പെട്രോളിന് 9.48 രൂപയായിരുന്ന തീരുവയാണ് 20 രൂപയിലേക്ക് ഉയർന്നത്. 2011 ൽ ക്രൂഡോയിൽ വില ബാരലിന് 112 ഡോളറിലെത്തിയപ്പോൾ പെട്രോൾ വില (ഡൽഹി) 65.76 രൂപ മാത്രമായിരുന്നു. നിലവിൽ ക്രൂഡോയിൽ വില ബാരലിന് 77 ഡോളറെന്ന കുറഞ്ഞ നിരക്കിൽ നിൽക്കുമ്പോഴാണ് പെട്രോൾ വില 80 കടന്നത‌്. Read on deshabhimani.com

Related News