മലക്കം മറിഞ്ഞ‌് മഹാരാഷ്ട്ര പൊലീസ്‌ന്യൂഡൽഹി രാജ്യത്തെ സർക്കാരിനെ അട്ടിമറിക്കാൻ “ഫാസിസ്റ്റ്‌വിരുദ്ധ മുന്നണി’ രൂപീകരിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തതിനാണ് വരവര റാവു, അരുൺ ഫെരേര, വെർണൻ ഗൊൺസാലസ് എന്നിവരെ അറസ്റ്റ‌്ചെയ്തതെന്ന് പൊലീസ്. കൊറേഗാവ് യുദ്ധത്തിന്റെ 200‐ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയെ തുടർന്ന് കലാപമുണ്ടായതിന്റെ ഉത്തരവാദിത്തം ആരോപിച്ചാണ് മനുഷ്യാവകാശ പ്രവർത്തകരെയും ഇടതുചിന്തകരെയും അറസ്റ്റ‌്ചെയ്തതെന്നാണ് മഹാരാഷ്ട്ര പൊലീസ് നേരത്തെ പറഞ്ഞത്. എന്നാൽ, പുണെ കോടതിയിൽ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ കലാപത്തിൽ ഇവരുടെ ‘പങ്കിനെക്കുറിച്ച്’ പരാമർശമൊന്നുമില്ല. പരിഹാസ്യമായ ആരോപണങ്ങളാണ് മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ പൊലീസ് ഉന്നയിക്കുന്നതെന്ന് അഭിഭാഷകർ പറഞ്ഞു. ഫാസിസ്റ്റ്‌വിരുദ്ധ ചിന്തയെ പിന്തുണയ്ക്കുന്നതിൽ എന്താണ് തെറ്റെന്ന് വെർണൻ ഗൊൺസാലസിന്റെ അഭിഭാഷകൻ രാഹുൽ ദേശ്‌മുഖ് ചോദിച്ചു. വിയോജിപ്പ് പ്രകടിപ്പിക്കുന്നത് രാജ്യത്തിന‌് എതിരായ പ്രവൃത്തിയാണോ? അദ്ദേഹം ആരാഞ്ഞു. കുറ്റാരോപിതർക്ക് എതിരായ തെളിവൊന്നും പ്രോസിക്യൂഷനു ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വരവര റാവുവിന്റെ അഭിഭാഷകൻ റോഹൻ നഹർ പറഞ്ഞു. അതേസമയം മാവോയുടെ ചിന്തകൾ പ്രചരിപ്പിക്കാനും അക്രമത്തിനു പ്രേരിപ്പിക്കാനും അറസ്റ്റിലായവർ ശ്രമിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വല പവാർ ആരോപിച്ചു. ജൂണിൽ അഞ്ചിന‌് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ‌്ചെയ്തപ്പോൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ കത്തുകളും പബ്ലിക് പ്രോസിക്യൂട്ടർ വായിച്ചു. പ്രധാനമന്ത്രി മോഡിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവും ആവർത്തിച്ചു. എന്നാൽ, ഇതൊന്നും തന്നെ അറസ്റ്റ‌്ചെയ്ത് കസ്റ്റഡിയിൽ വയ്ക്കാൻ മതിയായ കാരണങ്ങളല്ലെന്ന് കോടതിയിൽ സ്വയംവാദിച്ച അരുൺ ഫെരേര പറഞ്ഞു. Read on deshabhimani.com

Related News