'എവിടെ എന്റെ തൊഴിൽ?'; നവംബർ 3ന് ഡിവൈഎഫ്ഐ ദില്ലി ചലോ മാർച്ച്ന്യൂഡൽഹി തൊഴിലില്ലായ്മയ്ക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നവംബർ മൂന്നിന് ദില്ലി ചലോ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. 'എവിടെ എന്റെ തൊഴിൽ' എന്ന മുദ്രാവാക്യമുയർത്തിയാണ് കാൽലക്ഷം യുവജനങ്ങളെ അണിനിരത്തി പാർലമെന്റ് മാർച്ച് നടത്തുന്നത്. ഡിവൈഎഫ്ഐയുടെ സ്ഥാപകദിനത്തിൽ നടത്തുന്ന പ്രതിഷേധ മാർച്ചിൽ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള യുവജനങ്ങൾ  പങ്കെടുക്കുമെന്ന് പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറൽ സെക്രട്ടറി അഭോയ് മുഖർജി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മോഡിസർക്കാരിന്റെ ജനദ്രോഹനയങ്ങൾ തുറന്നുകാട്ടുന്ന പ്രചാരണപരിപാടികൾ രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്ന് അഭോയ് മുഖർജി പറഞ്ഞു. ഇതിന്റെ ഭാഗമായി സെപ്തംബർ 15ന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കുമുമ്പിൽ 24 മണിക്കൂർ ധർണ നടത്തും. ബംഗാളിൽ സെപ്തംബർ അഞ്ച്, ആറ് തീയതികളിലാണ് ധർണ. ഡൽഹിയിൽചേർന്ന ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. മോഡിസർക്കാർ യുവാക്കളെ വഞ്ചിച്ചെന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. ഓരോ വർഷവും രണ്ടുകോടി തൊഴിൽ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാഴായി. ട്രഷറർ ബാൽബിർ പരാശർ, ജോയിന്റ് സെക്രട്ടറിമാരായ പ്രീതി ശേഖർ, അമൽ ചക്രവർത്തി  വൈസ് പ്രസിഡന്റ് സയന്ദീപ് മിത്ര എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News