യോഗിക്ക്‌ മുന്നിൽ മുട്ടുകുത്തി വണങ്ങി പൊലീസുകാരൻന്യൂഡൽഹി > ഉത്തർപ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗിക വേഷത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുഗ്രഹം തേടിയത് വിവാദമാകുന്നു. ഗോരഖ്നാഥ് ക്ഷേത്രത്തിന്റെ മുഖ്യപുരോഹിതൻ കൂടിയായ ആദിത്യനാഥിന്റെ അനുഗ്രഹം തേടിയ സർക്കിൾ ഓഫീസർ പ്രവീൺകുമാർസിങ്ങിന്റെ നടപടിയാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയാകുന്നത്. കാക്കിയണിഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ ആദിത്യനാഥിന് മുന്നിൽ മുട്ടുകുത്തി പ്രണമിക്കുന്നതും നെറ്റിയിൽ തിലകമണിയിക്കുന്നതും മാലയണിഞ്ഞ് സ്വീകരിക്കുന്നതുമായ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗോരഖ്പുരിലെ ഗോരഖ്നാഥ് മേഖലയിലെ സർക്കിൾ ഓഫീസറാണ് പ്രവീൺകുമാർ. 'ദിവ്യാനുഗ്രഹം' എന്ന പേരിൽ പ്രവീൺകുമാർ തന്നെയാണ് സ്വന്തം ഫെയ‌്സ‌്ബുക്ക് അക്കൗണ്ടിലൂടെ ചിത്രങ്ങൾ ആദ്യം പങ്കിട്ടത്. ഗുരുപൂർണിമ ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ എത്തിയ ആദിത്യനാഥിന് മുന്നിൽ മുട്ടുകുത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി നാണക്കേടാണെന്ന വിമർശമുയർന്നിട്ടുണ്ട്. ദസറ, ഗുരുപൂർണിമ ദിവസങ്ങളിൽ ആദിത്യനാഥ് മുഖ്യപുരോഹിതനെന്ന നിലയിലാണ് ക്ഷേത്രത്തിൽ എത്തുന്നതെന്നും അദ്ദേഹത്തെ ആരാധിക്കുകയെന്നത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നുമാണ് പ്രവീൺകുമാർസിങ്ങിന്റെ വിശദീകരണം. ഡൽഹിയിൽ വിവാദ ആൾദൈവത്തിനെക്കൊണ്ട് തല മസാജ് ചെയ്യിച്ച പൊലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ആഴ്ച്ച സ്ഥലം മാറ്റിയിരുന്നു. ജനക്പുരി സ്റ്റേഷനിലെ എസ്എച്ച്ഒ ഇന്ദ്രപാൽസിങ‌് സാധ്വി നമിതാചാര്യയെന്ന ആൾദൈവത്തിനെക്കൊണ്ട് തല മസാജ് ചെയ്യിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയത്. മാനസിക സമ്മർദം ഒഴിവാക്കാനാണ് സാധ്വിയെ കൊണ്ട് തല മസാജ് ചെയ്യിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. Read on deshabhimani.com

Related News