കേന്ദ്രസർക്കാർ നയം : കുരുമുളക് വില 10 വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍ന്യൂഡൽഹി രാജ്യത്ത് കുരുമുളക് വില പത്തുവർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിൽ. നിലവാരം കുറഞ്ഞ വിയറ്റ്നാം കുരുമുളക് ഇന്ത്യയിലേക്ക് വൻതോതിൽ കള്ളക്കടത്ത് നടത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കി. വിയറ്റ്നാം കുരുമുളക് മ്യാൻമർ, ബംഗ്ലാദേശ്, നേപ്പാൾ വഴി റോഡ്മാർഗം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് എത്തുന്നത്. അമിതമായ കീടനാശിനി ഉപയോഗിക്കുന്ന വിയറ്റ്നാം കുരുമുളക് പരിശോധന മറികടന്ന് തുറമുഖങ്ങളിലൂടെ കൊണ്ടുവരാൻ കഴിയാത്തതിനാലാണ് കള്ളക്കടത്ത‌്.  രാജ്യത്തെ കുരുമുളക് വിപണിയുടെയും ജനങ്ങളുടെയും ആരോഗ്യത്തെ ബാധിക്കുന്ന കള്ളക്കടത്ത് അവസാനിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന കർഷകരുടെ ആവശ്യം കേന്ദ്രസർക്കാർ ചെവിക്കൊള്ളുന്നില്ല. കർണാടകം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കുരുമുളക് ഉൽപ്പാദിപ്പിക്കുന്നത് കേരളത്തിലാണ്. ഒരു കിലോ കുരുമുളകിന് 360 രൂപയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയം 560‐600 രൂപ ലഭിച്ചു. 2016ലെ നോട്ട് നിരോധനത്തിന് മുമ്പുണ്ടായിരുന്ന 760 രൂപയിൽനിന്നാണ് ഈ വലിയ ഇടിവ‌്. ഈ സാമ്പത്തിക വർഷം 5621 ടൺ കുരുമുളക‌്  ഇന്ത്യയിലേക്ക് ബിർഗുഞ്ച് തുറമുഖം വഴി നേപ്പാളിൽനിന്ന് കയറ്റി അയച്ചെന്നാണ് റിപ്പോർട്ട്. 2017ൽ കള്ളക്കടത്തുൾപ്പെടെ ആകെ 40,000 ടൺ കുരുമുളക് ഇന്ത്യയിലെത്തി. വിയറ്റ്നാമിൽ 1,30,000 ഹെക്ടർ സ്ഥലത്താണ് കുരുമുളക് കൃഷിചെയ്യുന്നത‌്. അടുത്ത വർഷങ്ങളിൽ മൂന്ന്ലക്ഷം ടൺ കുരുമുളക് ഇവിടെ വിളവെടുത്തേക്കും. ഇത് വ്യാപകമായി വിലയിടിവിന് കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. Read on deshabhimani.com

Related News