33 പേരെ കൊന്നുതള്ളിയ പരമ്പരക്കൊലയാളി അറസ്റ്റിൽന്യൂഡൽഹി ട്രക്ക‌് ഡ്രൈവർമാരുടെയും സഹായികളുടെയും പേടിസ്വപ‌്നമായ പരമ്പരക്കൊലയാളി പിടിയിൽ. മഹാരാഷ്ട്ര, ഛത്തീസ‌്ഗഡ‌്, ഒഡിഷ, മധ്യപ്രദേശ‌്, ഉത്തർപ്രദേശ‌് എന്നീ സംസ്ഥാനങ്ങളിലായി 33 പേരെ കൊന്നുതള്ളിയ ആദേശ‌് ഖംറ എന്നയാളെയാണ‌് കഴിഞ്ഞ ദിവസം അറസ്റ്റ‌് ചെയ‌്തത‌്. ട്രക്ക‌് ഡ്രൈവർമാരെ കൊന്നുതള്ളിയശേഷം വാഹനങ്ങളും സാധനങ്ങളും തട്ടിയെടുത്ത‌് മറിച്ചുവിൽക്കുകയായിരുന്നു ഇയാളുടെ രീതി. പകൽ ഭോപാലിനടുത്ത മാൻഡിയിൽ തയ്യൽക്കട നടത്തുന്ന ഇയാൾ രാത്രിയിലാണ‌് കൊലപാതകം നടത്തിയിരുന്നത‌്. ഒമ്പത‌് സഹായികളെയും ഒപ്പം കൂട്ടിയിരുന്നു. ട്രക്ക‌് ഡ്രൈവർമാരുമായും ക്ലീനർമാരുമായും സൗഹൃദം കൂടിയശേഷം ഇവർക്ക‌് ലഹരി നൽകി മയക്കിയശേഷമായിരുന്നു കൊലപാതകം. മൃതദേഹങ്ങൾ ആളൊഴിഞ്ഞ ഇടങ്ങളിൽ തള്ളുകയായിരുന്നു രീതി. എട്ടു വർഷത്തിലേറെയായി വിവിധയിടങ്ങളിൽ ട്രക്ക‌് ഡ്രൈവർമാർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത‌് പൊലീസിനും തലവേദനയായി. അന്വേഷണം പല തലങ്ങളിലേക്കും വ്യാപിപ്പിച്ചെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. ഇതിനിടയിലാണ‌് അടുത്തിടെ നടന്ന രണ്ട‌് കൊലപാതകവുമായി ബന്ധപ്പെട്ട നിർണായകസൂചന പൊലീസിന‌് ലഭിച്ചത‌്. തുടർന്ന‌് നടത്തിയ അന്വേഷണത്തിനൊടുവിലാണ‌് ആദേശ‌് ഖംറയെ പിടികൂടിയത‌്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ‌് പറഞ്ഞു. മധ്യപ്രദേശ‌്‐ 15, മഹാരാഷ്ട്ര‐  8, ഛത്തീസ‌്ഗഡ‌്‐  5, ഒഡിഷ‐ 2, ബിഹാർ‐2 എന്നിങ്ങനെ കൊലപാതകം നടത്തിയെന്ന‌് പ്രതി സമ്മതിച്ചതായി ദക്ഷിണ ഭോപാൽ പൊലീസ‌് സൂപ്രണ്ട‌് രാഹുൽ ലോധ പറഞ്ഞു. Read on deshabhimani.com

Related News