ജിഎസ്ടി പരിധിയിലായാലും ഇന്ധനവില കുറയില്ല: സുശീല്‍മോഡിയുടെ വെളിപ്പെടുത്തല്‍ന്യൂഡൽഹി ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവന്നാലും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽകുമാർ മോഡി. ധനമന്ത്രികൂടിയായ അദ്ദേഹം ജിഎസ്ടി കൗൺസിൽ അംഗമാണ്. ജിഎസ്ടി നികുതിഘടനയിലെ ഏറ്റവും ഉയർന്ന നിരക്ക് 28 ശതമാനമായതിനാൽ ജിഎസ്ടി ഏർപ്പെടുത്തുന്നതുവഴി പെട്രോളിന്റെയും ഡീസലിന്റെയും വില ഗണ്യമായി കുറയുമെന്ന വാദം ശരിയല്ലെന്ന് സുശീൽകുമാർ മോഡി ചൂണ്ടിക്കാട്ടി. ഫെഡറൽ സർക്കാർ ജിഎസ്ടി ഏർപ്പെടുത്തിയാലും സംസ്ഥാനങ്ങൾ പെട്രോളിനും ഡീസലിനും അധിക നികുതി ചുമത്തുന്നതാണ് ലോകമെമ്പാടുമുള്ള പ്രവണത. അല്ലാത്തപക്ഷം സംസ്ഥാനങ്ങൾക്ക് എവിടെനിന്നാണ് വരുമാനം ലഭിക്കുക‐ അദ്ദേഹം ആരാഞ്ഞു. പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതിനെ എതിർക്കുന്നത് കേരളമാണെന്ന ബിജെപി പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് ബിഹാർ ധനമന്ത്രിയുടെ ഈ പ്രതികരണം. പെട്രോളിനും ഡീസലിനും സംസ്ഥാന നികുതി ഏറ്റവും കൂടുതൽ ഈടാക്കുന്നത് കേരളമാണെന്ന പ്രചാരണവും വസ്തുതാവിരുദ്ധമാണ്. കേരളത്തിൽ 30.08 ശതമാനം സംസ്ഥാനനികുതിയുള്ളപ്പോൾ തെലങ്കാനയിൽ 35.20, തമിഴ്നാട്ടിൽ 34, ആന്ധ്രപ്രദേശിൽ 31, അസമിൽ 32.66 വീതമാണ് സംസ്ഥാന നികുതി. മധ്യപ്രദേശിലും പഞ്ചാബിലും 28 ശതമാനം നികുതിക്കു പുറമെ ഉയർന്ന നിരക്കിൽ അധിക നികുതികളും ഈടാക്കുന്നു. ഡീസലിന‌് കേരളത്തിൽ 22.76 ശതമാനമാണ് സംസ്ഥാന നികുതിയെങ്കിൽ മഹാരാഷ്ട്രയിൽ 24, തെലങ്കാനയിൽ 27, തമിഴ്നാട്ടിൽ 25, അസമിൽ 23.66 ശതമാനം വീതമാണ് ഈയിനത്തിൽ ഈടാക്കുന്നത്. പെട്രോൾവിലയിൽ 25.9 ശതമാനമാണ് കേന്ദ്രനികുതിവിഹിതം; സംസ്ഥാനനികുതിവിഹിതം 21.3 ശതമാനവും. ഡീസൽവിലയിൽ കേന്ദ്രവിഹിതം 23.3 ശതമാനമാണെങ്കിൽ സംസ്ഥാനവിഹിതം 14.7 ശതമാനം മാത്രമാണ്. Read on deshabhimani.com

Related News