‘പെട്രോളടിച്ചാല്‍ ബൈക്ക് സമ്മാനം’ന്യൂഡൽഹി “പെട്രോളടിക്കൂ, ബൈക്ക് സമ്മാനമായി നേടു’‐ വെറും വാക്കല്ല, മധ്യപ്രദേശിലെ പെട്രോൾ പമ്പുകൾ പ്രഖ്യാപിച്ചതാണിത്. പെട്രോളും ഡീസലും നിറയ്ക്കുന്നവർക്ക് വാഷിങ് മെഷീൻ, എയർ കണ്ടീഷണർ, ബൈക്ക് തുടങ്ങിയ ഉഗ്രൻ സമ്മാനങ്ങളുമായാണ് പമ്പുകൾ രംഗത്തെത്തിയത്. രാജ്യത്ത് ഇന്ധനവില സർവസീമകളും ലംഘിച്ച് കുതിച്ചതോടെയാണ് പമ്പുകളുടെ വക സമ്മാനപ്പെരുമഴ. 100 ലിറ്റർ ഡീസൽ അടിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് പ്രഭാതഭക്ഷണവും ചായയും സൗജന്യം. 5,000 ലിറ്ററടിച്ചാൽ മൊബൈൽ ഫോൺ, സൈക്കിൾ, വാച്ച് എന്നിവ സമ്മാനം. 15,000 ലിറ്ററടിച്ചാൽ അലമാര, സോഫ സെറ്റ് , ഒരുഗ്രാം വെള്ളിനാണയം എന്നിവയിലേതെങ്കിലും ലഭിക്കും. 25,000 ലിറ്റർ ഡീസലടിക്കുന്നവർക്ക് വാഷിങ് മെഷീനാണ് സമ്മാനം. 50,000 ലിറ്ററടിച്ചാൽ സ്പ്ലിറ്റ് എസിയോ ലാപ്ടോപ്പോ സ്വന്തമാക്കാം. ഒരു ലക്ഷം ലിറ്റർ അടിക്കുമ്പോൾ കിട്ടുന്നത് ഒരു സ്കൂട്ടറോ ബൈക്കോ ആണ്. സമ്മാനങ്ങൾ പ്രഖ്യാപിച്ചതോടെ കച്ചവടം വർധിച്ചതായാണ് പമ്പ് ഉടമകൾ സാക്ഷ്യപ്പെടുത്തുന്നത്. മധ്യപ്രദേശിൽ പെട്രോളിനും ഡീസലിനും 28 ശതമാനം വാറ്റാണ് ഈടാക്കുന്നത്. ഇതോടെ അതിർത്തി ജില്ലകളിലെ പമ്പുകൾ ഒഴിവാക്കി ഇന്ധനം നിറയ്ക്കാൻ വാഹന ഉടമകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. കച്ചവടം നഷ്ടമാകുന്നത് തിരിച്ചുപിടിക്കാനാണ് പമ്പുടമകൾ സമ്മാനം പ്രഖ്യാപിച്ചത്. സമീപ സംസ്ഥാനങ്ങളുമായി അഞ്ച് രൂപയുടെ വ്യത്യാസം ഇന്ധനവിലയിൽ ഉള്ളതിനാൽ അതിർത്തി ജില്ലകളിലെ 125 പെട്രോൾ പമ്പുകൾക്കാണ് കച്ചവടം നഷ്ടപ്പെട്ടത്. നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് പമ്പ് ഉടമകൾ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News