ആധാർ ഏജൻസിയുടെ വ്യക്തിനിരീക്ഷണം: മാറ്റംവരുത്താമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽന്യൂഡൽഹി സാമൂഹ്യമാധ്യമങ്ങളിൽ ആധാറുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങൾ നിരീക്ഷിക്കുന്നതിന് ഏജൻസിയെ ചുമതലപ്പെടുത്താനുള്ള നിർദേശത്തിൽ ഭേദഗതികൾ കൊണ്ടുവരാൻ ഒരുക്കമാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സാമൂഹ്യമാധ്യമ ഏജൻസിയെ നിരീക്ഷണത്തിന് ചുമതലപ്പെടുത്താനുള്ള നിർദേശം ആധാറിന്റെ നടത്തിപ്പുകാരായ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയാണ് (യുഐഡിഎഐ) മുന്നോട്ടുവച്ചത്. പൗരന്മാരെ നിരീക്ഷണത്തിൽ നിർത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന വിമർശം ഉയർന്നതോടെയാണ് മാറ്റത്തിന് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചത്. യുഐഡിഎഐയുടെ സാമൂഹ്യമാധ്യമ നിരീക്ഷണത്തെ ചോദ്യംചെയ്ത് തൃണമൂൽ എംഎൽഎയായ മഹുവ മൊയ്ത്രയാണ് കോടതിയിലെത്തിയത്. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും സ്വകാര്യതയെ മൗലികാവകാശമായി പ്രഖ്യാപിച്ചുള്ള സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച ഹർജി പരിഗണിച്ചപ്പോൾ സാമൂഹ്യമാധ്യമ നിരീക്ഷണവുമായി ബന്ധപ്പെട്ട് ആധാർ ഏജൻസി കോടതിയിൽ നേരത്തെ പറഞ്ഞ കാര്യങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ നീക്കമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. വിഷയത്തിൽ തങ്ങളെ സഹായിക്കാൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച ഹർജി വീണ്ടും പരിഗണിച്ചപ്പോൾ മഹുവ മൊയ്ത്ര മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്ന് വേണുഗോപാൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു സത്യവാങ്മൂലം ഫയൽ ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് ദീപക‌് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ചുമുമ്പാകെ വേണുഗോപാൽ പറഞ്ഞു. കേസ് അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും. Read on deshabhimani.com

Related News