തീവ്രപോരാട്ടത്തിനൊരുങ്ങുക: ഹര്‍ത്താലിനെ പിന്തുണച്ചവര്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ച് ഇടതുപക്ഷ പാർടികൾ:ന്യൂഡൽഹി ഇന്ധന വിലവർധന അടക്കം മോഡി സർക്കാർ അടിച്ചേൽപ്പിക്കുന്ന സാമ്പത്തികബാധ്യതകൾക്കെതിരായ പ്രതിഷേധാഹ്വാനത്തോടും ഹർത്താലിനോടും അനുകൂലമായി പ്രതികരിച്ച ജനങ്ങളെ ഇടതുപക്ഷ പാർടികൾ അഭിനന്ദിച്ചു. പ്രതിഷേധം വലിയ വിജയമായിരുന്നുവെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ തെളിയിക്കുന്നത്. മോഡി സർക്കാരിനെതിരായി കൂടുതൽ തീവ്രമായ പോരാട്ടങ്ങൾക്ക് മുന്നിട്ടിറങ്ങാൻ ഇടതുപാർടികൾ ആഹ്വാനംചെയ്തു. കേരളം (പ്രളയദുരിതാശ്വാസ‐ പുനരധിവാസ നടപടികളൊഴികെ), കർണാടകം, പഞ്ചാബ്, ബിഹാർ, മഹാരാഷ്ട്ര, പുതുശേരി, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ സാമ്പത്തികപ്രവർത്തനങ്ങൾ പൂർണമായി നിലച്ചു. മറ്റിടങ്ങളിലും മോഡി സർക്കാരിനെതിരായ പ്രതിഷേധത്തിൽ സാധാരണ പ്രവർത്തനങ്ങൾ വലിയരീതിയിൽ സ്തംഭിച്ചു. ജാർഖണ്ഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖല, വടക്കേയിന്ത്യ, തെക്കേയിന്ത്യ എന്നിവിടങ്ങളിലും ജനങ്ങൾ മോഡി സർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധം പ്രകടമാക്കി വലിയ രീതിയിൽ തെരുവിലിറങ്ങി. രാജ്യത്തുടനീളം റെയിൽ തടയൽ, വഴി തടയൽ, പ്രകടനങ്ങൾ, ധർണകൾ തുടങ്ങിയ പ്രതിഷേധങ്ങൾ അരങ്ങേറി. തെറ്റായ നയങ്ങൾ തിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനെ മാറ്റുമെന്ന വികാരമാണ് പ്രതിഷേധങ്ങളിൽ അലയടിച്ചത്. ത്രിപുരയിൽ ഹർത്താൽ ആഹ്വാനത്തിന് ജനങ്ങളുടെ പൂർണപിന്തുണയുണ്ടായി. ബംഗാളിൽ ഹർത്താൽ പരാജയപ്പെടുത്താൻ തൃണമൂൽ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ജനങ്ങളുടെ വിപുലമായ പ്രതിഷേധമുണ്ടായി‐ പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News