പ്രളയ ദുരിതാശ്വാസം: കേരളത്തിന‌് കൈത്താങ്ങായി രാജ്യതലസ്ഥാനംന്യൂഡൽഹി പ്രളയ ദുരിതാശ്വാസത്തിന് കേരള ഹൗസും വിവിധ കൂട്ടായ്മകളും ശേഖരിച്ച സാമഗ്രികളുമായി പ്രത്യേക ട്രെയിൻ കേരളത്തിലേക്ക് തിരിച്ചു. 180 ടണ്ണിലേറെ സാധനങ്ങളാണ് പ്രത്യേക ട്രെയിനിലെ 14 വാഗണിലായി കൊണ്ടുപോകുന്നത്. കസ്തൂർബ ഗാന്ധി മാർഗിലെ ട്രാവൻകൂർ പാലസിലാണ‌് ഇവ സംഭരിച്ചത‌്. സുപ്രീംകോടതി‐ ഹൈക്കോടതി അഭിഭാഷകർ സംഭരിച്ചതുമുൾപ്പെടുന്നതാണ് സാധനങ്ങൾ. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചശേഷം വിവിധ കേന്ദ്രങ്ങളിലേക്ക് കൈമാറും. ഡൽഹി ഹൈക്കോടതി ജഡ്ജിമാർ, ഹൈക്കോടതി രജിസ്ട്രി, ബാർ അസോസിയേഷൻ എന്നിവർ ചേർന്ന് 53 ലക്ഷം രൂപയും നാല് ട്രക്ക‌ുനിറയെ ദുരിതാശ്വാസ സാമഗ്രികളുമാണ് ശേഖരിച്ചത്.  ശേഖരണത്തിന‌് ജസ്റ്റിസ് കുര്യൻ ജോസഫ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോൻ, മറ്റ് ജഡ്ജിമാർ തുടങ്ങിയവർ നേതൃത്വം നൽകി.  ഇന്ത്യക്കാർ എന്ന വികാരമാണിതെന്നും സാധാരണക്കാരിൽ കൂടുതൽ ഭരണഘടനാപരമായ വികാരമുണ്ടെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. കഴിഞ്ഞ 23 മുതൽ ഏഴുവരെ കേരളഹൗസിൽ സംഭരിച്ച 1567 ടൺ വസ്തുക്കളാണ് കേരളത്തിലേക്ക‌് അയച്ചത‌്. അരി, ആട്ട, എണ്ണ, മറ്റ് നിത്യോപയോഗ വസ്തുക്കൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ, മരുന്നുകൾ തുടങ്ങിയവയാണ് സംസ്ഥാനത്തെത്തിച്ചത്. ഡൽഹി മലയാളികളെ കൂടാതെ ഇതര സംസ്ഥാനങ്ങളിൽനിന്നും വൻതോതിലുള്ള സഹായമാണ് കേരള ഹൗസിലെത്തിയത്. ഹരിയാന സിർസയിലെ കർസേവ ഗുരുദ്വാര ചില്ല സാഹിബ് ട്രസ്റ്റ‌് 65 ടൺ വസ്തുക്കളെത്തിച്ചു. ഹരിയാനയിൽനിന്നാണ‌് ഏറ്റവും കൂടുതൽ സഹായം ലഭിച്ചത‌്. സാധനങ്ങൾ തരംതിരിച്ച‌് പായ‌്ക്ക‌് ചെയ്യാൻ കോളേജ് വിദ്യാർഥികളും സന്നദ്ധ സംഘടനാ പ്രവർത്തകരും മാധ്യമപ്രവർത്തകരും ഡൽഹി നിവാസികളും കേരള ഹൗസ് ജീവനക്കാർക്കൊപ്പമുണ്ട‌്. Read on deshabhimani.com

Related News