ഭാരതബന്ദില്‍ പങ്കെടുക്കില്ല: കിസാന്‍സഭന്യൂഡല്‍ഹി  > രാഷ്‌‌‌ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ ഈമാസം പത്തിന് നടക്കുന്ന ഭാരതബന്ദില്‍ പങ്കെടുക്കില്ലെന്ന് അഖിലേന്ത്യാ കിസാന്‍സഭ അറിയിച്ചു. സംസ്ഥാന കമ്മിറ്റികള്‍, കീഴ്ഘടകങ്ങള്‍, കിസാന്‍സഭ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ബന്ദില്‍ പങ്കെടുക്കില്ല. കിസാന്‍സഭ, ഭൂമി അധികാര്‍ ആന്തോളന്‍, കര്‍ഷകസംഘടനകളുടെ സംയുക്തവേദിയായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ  ഓര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങി ആരുമായും ബന്ദ് പ്രഖ്യാപിക്കുന്നതിനുമുമ്പ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് കൂടിയാലോചിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഭാരതബന്ദില്‍ കിസാന്‍സഭ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് അശോക് ധാവ്ലെയും ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ളയും പ്രസ്താവനയില്‍ പറഞ്ഞു. ഏഴ് സംസ്ഥാനങ്ങളില്‍ പത്തുദിവസത്തെ സമരം നടത്തുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് അവസാനദിവസമായ ഞായറാഴ്ചയാണ് ഭാരതബന്ദ് പ്രഖ്യാപിച്ചത്. പാലും പച്ചക്കറികളും റോഡില്‍ തള്ളുന്നതടക്കമുള്ള സമരപരിപാടികള്‍ ഇവര്‍ നടത്തിയിരുന്നു. സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തതിനാലാണ് ബന്ദ് പ്രഖ്യാപിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. മന്ദ്സോറില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ അനുസ്മരണാര്‍ഥം വെള്ളിയാഴ്ച ശ്രദ്ധാഞ്ജലി നടത്തും. ബിജെപി വിമതനേതാക്കളായ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ, ശത്രുഘ്നന്‍ സിന്‍ഹ എംപി, വിഎച്ച്പി മുന്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ എന്നിവര്‍ പങ്കെടുക്കും.   Read on deshabhimani.com

Related News