377‐ാം വകുപ്പ്‌: രണ്ടര ദശകം നീണ്ട നിയമപോരാട്ടംന്യൂഡൽഹി>സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377‐ാം വകുപ്പിനെതിരെ നിയമയുദ്ധം ആരംഭിച്ചത് 1994ൽ എയ്ഡ്സ് ഭേദ്ഭാവ് വിരോധി ആന്ദോളൻ(എബിവിഎ) എന്ന സംഘടന. അക്കാലത്ത് തിഹാർ ജയിൽ സൂപ്രണ്ടായിരുന്ന കിരൺ ബേദി പുരുഷതടവുകാർക്കിടയിൽ ഗർഭനിരോധന ഉറ വിതരണംചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് എബിവിഎ ഹൈക്കോടതിയെ സമീപിച്ചത്. ഭർത്താക്കന്മാർ ഉപേക്ഷിച്ച രണ്ട് സ്ത്രീകൾ സ്നേഹം പങ്കിടുന്ന ദീപ മേത്തയുടെ “ഫയർ’ സിനിമയ‌്ക്കെതിരെ വലതുപക്ഷം രംഗത്തുവന്ന സാഹചര്യത്തിൽ സ്വവർഗരതി നിയമപരമായ അവകാശമായി സ്ഥാപിച്ചെടുക്കണമെന്ന ചർച്ച സജീവമായി. എന്നാൽ, എബിവിഎയുടെ ഹർജി 2001ൽ കോടതി തള്ളി. ഡൽഹി കേന്ദ്രമായ നാസ് എന്ന സംഘടന 377‐ാം വകുപ്പിനെതിരെ അതേവർഷം ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും രണ്ടംഗബെഞ്ച് 2004ൽ ഹർജി തള്ളി. ഭരണഘടനസാധുതയുള്ള വകുപ്പിനെ ചോദ്യംചെയ്യുന്ന അക്കാദമിക് സ്വഭാവമുള്ള ഹർജി മാത്രമാണെന്നായിരുന്നു കോടതിനിരീക്ഷണം. പുനരവലോകന ഹർജി നൽകിയിട്ടും ഫലമുണ്ടായില്ല.ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായുള്ള പ്രസ്ഥാനങ്ങൾ ശക്തിയാർജിച്ചതോടെ സുപ്രീംകോടതിയിൽ നിരവധി പുനഃപരിശോധനാ ഹർജികളെത്തി. കേസ് വീണ്ടും കേൾക്കാൻ ഡൽഹി ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. 2009 ജൂലൈ രണ്ടിന‌് ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാന വിധി, പ്രായപൂർത്തിയായ രണ്ടുപേർ പരസ്പരസമ്മതത്തോടെ നടത്തുന്ന ലൈംഗികബന്ധം കുറ്റകരമല്ലാതാക്കി. എന്നാൽ, 2013 ഡിസംബർ 11ന‌് സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച് ഹൈക്കോടതി വിധി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രഖ്യാപിച്ചു. 377‐ാം വകുപ്പ് ശിക്ഷാനിയമത്തിൽനിന്ന് നീക്കുന്നത‌് പാർലമെന്റിന‌് പരിശോധിക്കാമെന്നും ജസ്റ്റിസുമാരായ  ജി എസ് സിങ്വി, ജെ എസ് മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ഇതേ തുടർന്നാണ‌് പ്രശസ്ത നർത്തകൻ നവ്ജേത് സിങ്, ഹോട്ടൽവ്യവസായി കേശവ് സൂരി, ഷെഫ് റിതു ഡാൽമിയ തുടങ്ങിയവർ മൂന്നംഗ ബെഞ്ചിനെ സമീപിച്ചു. വാദങ്ങളിൽ കഴമ്പുണ്ടെന്നുകണ്ട‌് ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന‌് വിട്ടു. ഇതിനിടെ, ട്രാൻസ്ജെൻഡർ വിവാഹങ്ങൾക്ക് അനുമതി നൽകിയ വിധിയും സ്വകാര്യത സംരക്ഷിക്കാനുള്ള വിധിയും സുപ്രീംകോടതിയിൽനിന്നുണ്ടായത് സ്വവർഗരതി കുറ്റകരമല്ലെന്ന വാദത്തിന‌് അനുകൂലഘടകങ്ങളായി. Read on deshabhimani.com

Related News