സംഘർഷ‌് റാലിയിൽ ബംഗാളിൽനിന്നും ത്രിപുരയിൽനിന്നും വൻപങ്കാളിത്തംന്യൂഡൽഹി > കിസാൻ‐മസ‌്ദൂർ സംഘർഷ‌് റാലിയിൽ ബംഗാളിൽനിന്നും ത്രിപുരയിൽ നിന്നും പതിനായിരങ്ങളുടെ പങ്കാളിത്തം. ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെ അതിജീവിച്ചാണ് ഇരുസംസ്ഥാനങ്ങളിൽനിന്നും തൊഴിലാളികളും കർഷകരും റാലിക്കെത്തിയത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ വേട്ടയാടൽ തുടരുകയാണെന്ന് കർഷകത്തൊഴിലാളി യൂണിയൻ നേതാവ് തുഷാർ ഘോഷ് പറഞ്ഞു. പൊലീസും മറ്റ് സർക്കാർ സംവിധാനങ്ങളും അക്രമികൾക്ക് കൂട്ടുനിൽക്കുന്നു. തെരഞ്ഞെടുപ്പുകളും മറ്റും പ്രഹസനമായി . വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് ബംഗാളിൽ സ്വാധീനം വർധിപ്പിക്കാൻ ബിജെപിയും ശ്രമിക്കുന്നു. കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയാണ്. പലയിടത്തും തൃണമൂൽ അതിക്രമങ്ങൾക്കെതിരായ പ്രതിഷേധം ജനങ്ങൾക്കിടയിൽ ശക്തിപ്പെടുന്നതായും ഘോഷ് പറഞ്ഞു. ബിജെപി സർക്കാരിന്റെ അടിച്ചമർത്തലുകളെ അവഗണിച്ച് ത്രിപുരയിൽനിന്ന‌് ആയിരക്കണക്കിനാളുകളെത്തി. കിസാൻസഭയുടെ നേതൃത്വത്തിൽ അടുത്തയിടെ എംപിമാരും സാമൂഹ്യപ്രവർത്തകരും ഉൾപ്പെടുന്ന വസ്തുതാന്വേഷണ സംഘം ത്രിപുരയിലെത്തി ബിജെപി നടത്തുന്ന അതിക്രമങ്ങളും ജനാധിപത്യവിരുദ്ധ നടപടികളും വിലയിരുത്തിയിരുന്നു. ത്രിപുരയിലെ ഇടതുപക്ഷ വിശ്വാസികൾക്ക് ഈ സന്ദർശനം വലിയ ആത്മവിശ്വാസം പകർന്നുവെന്ന് ലോക്സഭാംഗവും കിസാൻസഭ നേതാവുമായ ജിതേന്ദ്ര ചൗധരി പറഞ്ഞു. Read on deshabhimani.com

Related News