കിസാൻ‐മസ്ദൂർ റാലി മഴയിലും ആവേശം ചോരാതെന്യൂഡൽഹി കനത്ത മഴയാണെങ്കിലും കിസാൻ‐മസ്ദൂർ റാലിയിൽ പങ്കെടുക്കാൻ എത്തിയവർക്കായി ഒരുക്കിയ ക്യാമ്പുകളിലെങ്ങും ആവേശക്കാഴ്ചകൾമാത്രം. പ്രധാന ക്യാമ്പ് ഒരുക്കിയ പഴയ ഡൽഹിയിലെ രാംലീല മൈതാനിയുടെ പകുതിയോളം വെള്ളത്തിൽ മുങ്ങിയത് പ്രതിസന്ധിയായി.  ശേഷിച്ച ഭാഗത്ത് ഒരുക്കിയ ടെന്റുകളിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിനാളുകളാണ് കഴിയുന്നത്. മഹാരാഷ്ട്രയിലെ കർഷകർ നടത്തിയ ലോങ്മാർച്ചിന്റെ തുടർച്ചയായുള്ള കിസാൻ‐മസ്ദൂർ സംഘർഷ് റാലി വിദേശമാധ്യമങ്ങളുടെയടക്കം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്ന‌് എത്തിയിട്ടുള്ള കർഷകരെയും തൊഴിലാളികളെയും കണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കാൻ മാധ്യമപ്രവർത്തകർ വലിയതോതിലാണ് രാംലീലയിലേക്ക് എത്തുന്നത്. രാംലീലയടക്കം എട്ട് കേന്ദ്രങ്ങളിൽനിന്നാണ് ബുധനാഴ്ച റാലി ആരംഭിക്കുക. കുറഞ്ഞത് മൂന്നുലക്ഷംപേർ റാലിക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴ റാലിയുടെ ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് കിസാൻസഭ‐ സിഐടിയു നേതാക്കൾ പറഞ്ഞു. സമീപകാലത്ത് ഡൽഹി കണ്ട മഹാറാലികളിലൊന്നായി കിസാൻ‐മസ്ദൂർ സംഘർഷ് റാലി മാറുമെന്ന് സംഘാടകർ ഉറപ്പിക്കുന്നു. Read on deshabhimani.com

Related News