കേരളത്തിലെ ക്വാറി അപേക്ഷകളില്‍ കേന്ദ്രം തീരുമാനമെടുത്തില്ലന്യൂഡൽഹി കേരളത്തിലെ പ്രകൃതിക്ഷോഭങ്ങൾ കണക്കിലെടുത്ത് പുതിയ കരിങ്കൽ ക്വാറികൾക്ക് പ്രവർത്തനാനുമതി തേടി സംസ്ഥാനത്ത്നിന്ന് ലഭിച്ച അപേക്ഷകളിൽ തീരുമാനമെടുക്കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മാറ്റിവച്ചു. അഞ്ച് ക്വാറി ഖനന അപേക്ഷകളാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തൽ സമിതി (ഇഎസി) മാറ്റിവച്ചത്. ഖനന സ്ഥിതിഗതികൾ സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കാൻ ഇഎസി കേരളത്തോട് ആവശ്യപ്പെട്ടു. അതിനിടെ കസ്തൂരിരംഗൻ കരടുവിജ്ഞാപനത്തിലെ പരിസ്ഥിതിലോല മേഖലയിൽനിന്നും കൂടുതൽ പ്രദേശങ്ങളെ ഒഴിവാക്കണമെന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തിൽ തീരുമാനമെടുക്കുന്നതിന് പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ ഉപദേശം തേടി. സമീപകാലത്തെ പ്രളയസ്ഥിതി കണക്കിലെടുത്ത് വിജ്ഞാപനത്തിൽനിന്ന് കൂടുതൽ പ്രദേശങ്ങളെ ഒഴിവാക്കാൻ പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ ഉപദേശം തേടിയത്. കരടുവിജ്ഞാപനത്തിൽനിന്ന് കൂടുതൽ പ്രദേശങ്ങളെ ഒഴിവാക്കണമെങ്കിൽ പരിസ്ഥിതി മന്ത്രാലയത്തിന് ഹരിത ട്രൈബ്യൂണലിന്റെ അനുമതി തേടേണ്ടി വരും. അല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കണം. ഡോ. അജയ്കുമാർ അധ്യക്ഷനായ വിദഗ്ധ വിലയിരുത്തൽ സമിതിയാണ് (ഇഎസി) കേരളത്തിൽ നിന്നുള്ള പുതിയ പാറമട ഖനനാപേക്ഷകൾ തീരുമാനമെടുക്കാതെ മാറ്റിയത്. കനത്ത മഴയും പ്രളയവും സൃഷ്ടിച്ച കെടുതികൾ അനുഭവിക്കുകയാണ് കേരളമെന്ന് സമിതി വിലയിരുത്തി. ദുരന്തത്തിന്റെ യഥാർഥ കാരണങ്ങൾ ബന്ധപ്പെട്ട അധികാരികൾ വിലയിരുത്തി വരുന്നതേയുള്ളൂ. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഖനനവും ഇത്തരമൊരു ദുരന്തത്തിന് കാരണമായിട്ടുണ്ടാകാം. കേരളത്തിലെ സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതിയുടെ(എസ്ഇഐഎഎ)  കാലാവധി കഴിഞ്ഞതിനാൽ മന്ത്രാലയത്തിന് നിരവധി ഖനനാപേക്ഷകൾ ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ എത്ര അപേക്ഷകൾക്ക് എസ്ഇഐഎഎ ഇതിനോടകം അനുമതി നൽകിയിട്ടുണ്ടെന്ന് വ്യക്തമല്ല. എസ്ഇഐഎഎ പ്രവർത്തിക്കാത്തതിനാൽ മന്ത്രാലയത്തിന് മുമ്പാകെ എത്ര അപേക്ഷകൾ വരുമെന്നതും വ്യക്തമല്ല. എത്ര തീവ്രമാണ് കേരളത്തിലെ ഖനനപ്രവർത്തനങ്ങളെന്നോ അതിന്റെ മൊത്തത്തിലുള്ള പ്രത്യാഘാതം എത്രയെന്നോ ഇഎസിക്ക് വ്യക്തതയില്ല. ഖനനവുമായി ബന്ധപ്പെട്ടുള്ള ആവശ്യമായ വിശദാംശങ്ങൾ സംസ്ഥാന സർക്കാർ സമർപ്പിക്കണം‐ അപേക്ഷ മാറ്റിവച്ച‌് ഇഎസി വ്യക്തമാക്കി. കൊച്ചിൻ ഗ്രാനൈറ്റ്‌സ് പുളിക്കൽ അസോസിയേറ്റ്‌സ് മഴുവന്നൂർ കുന്നത്തുനാട്, ന്യൂഭാരത് സ്‌റ്റോൺക്രഷർ ആൻഡ് ഹോളോബ്രിക്‌സ് കണിച്ചാർ ഇരിട്ടി, ഐശ്വര്യ ഗ്രാനൈറ്റ്‌സ് ഇളമാട് കൊട്ടാരക്കര, പാലത്ര കൺസ്ട്രക‌്ഷൻസ് ചെങ്ങളം ഈസ്റ്റ് കോട്ടയം, തൃപ്തി ഗ്രാനൈറ്റ്‌സ് തിരുമിറ്റക്കോട് പട്ടാമ്പി എന്നീ സ്ഥാപനങ്ങളുടെ ക്വാറി അപേക്ഷകളാണ് ഇഎസി മാറ്റിവച്ചത്. Read on deshabhimani.com

Related News