രൂപ കുത്തനെ ഇടിയുന്നു; ഇടപെടാതെ കേന്ദ്രംന്യൂഡൽഹി > രൂപയുടെ മൂല്യം എക്കാലത്തേയും താഴ‌്‌‌‌ന്ന നിലയിലേക്ക് ഇടിയുമ്പോള്‍ പ്രതിരോധ നടപടി സ്വീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍. രൂപയുടെ മൂല്യം ഇനിയും കൂപ്പുകുത്തുമെന്നാണ് നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ്കുമാറിന്റെ നിലപാട്. രൂപയുടെ മൂല്യം ഇപ്പോഴും യഥാർഥ കരുത്തിനേക്കാൾ 5‐7 ശതമാനം അധികമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.  അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന തോതിലാണ്  ഡോളറുമായി രൂപയുടെ വിനിമയ മൂല്യം. ഒരു ഡോളറിന് 69 രൂപയാണ് ഇപ്പോള്‍ മൂല്യം. അടുത്ത മാസങ്ങളിൽത്തന്നെ, ഡോ ളറിന‌് 72 രൂപവരെ മൂല്യം ഇടിഞ്ഞേക്കുമെന്ന് യുബിഎസ് സെക്യൂരിറ്റീസ് മുന്നറിയിപ്പ് നൽകി. വിദേശസ്ഥാപന നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റൊഴിയുകയാണ്. ഇക്കൊല്ലം ഇതുവരെ 47,800 കോടി രൂപയാണ് ഓഹരിവിപണിയിൽനിന്ന് വിദേശസ്ഥാപന  നിക്ഷേപകർ പിൻവലിച്ചത്. ആഭ്യന്തര ഓഹരിവിപണിയിലും സൂചികകൾ ഇടിഞ്ഞു. രാജ്യാന്തര സാമ്പത്തികരംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ആഭ്യന്തരസമ്പദ്ഘടന ശക്തിപ്പെടുത്താൻ വിദേശമൂലധനത്തെ അമിതമായി ആശ്രയിക്കുന്ന സർക്കാർനയമാണ് പാളുന്നത്. എണ്ണവിലക്കയറ്റം സൃഷ്ടിക്കുന്ന പരിഭ്രാന്തി രൂപയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും. എണ്ണവിലക്കയറ്റം തുടർക്കഥയായതോടെ ഇറക്കുമതി ആവശ്യങ്ങൾക്കായി കൂടുതൽ ഡോളർ വേണ്ടിവരുന്നു. കൂടുതൽ എണ്ണ വാങ്ങി ശേഖരിക്കാനുള്ള പ്രവണതയും ഡോളറിന്റെ ആവശ്യം വർധിപ്പിച്ചു. ഇതിന്റെ ഫലമായി രൂപ വിലയിടിഞ്ഞതോടെ ബാങ്കുകളും ഡോളർ ശേഖരിക്കാൻ തുടങ്ങി. എന്നാല്‍, രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍  ആവശ്യമില്ലെന്നാണ് നിതി ആയോഗ് ഉപാധ്യക്ഷന്റെ വിചിത്രനിലപാട്. യുപിഎ ഭരണകാലത്തും രൂപയുടെ മൂല്യം സമാന നിലയിൽ ഇടിഞ്ഞിട്ടുണ്ടെന്നും രാജീവ്കുമാർ പറയുന്നു. Read on deshabhimani.com

Related News