അന്തർവാഹിനിക്കും റിലയൻസ്‌ രംഗത്ത്‌; 60,000 കോടിയുടെ ഇടപാട്‌ന്യൂഡൽഹി > ഫ്രഞ്ച് കമ്പനി ദസോൾട്ടുമായി ചേർന്നുള്ള റഫേൽ യുദ്ധവിമാന ഇടപാട് വിവാദമായിരിക്കെ, പ്രതിരോധ നിർമാണമേഖലയിൽ വിദേശ കമ്പനികളുമായി ചേർന്നുള്ള കൂടുതൽ പദ്ധതികളിലേക്ക് മോഡി സർക്കാർ. റഫേൽ ഇടപാടിനേക്കാൾ വലിയ തുകയുടെ കരാറിനാണ‌് തിരക്കിട്ട‌് നടപടികൾ പൂർത്തിയാക്കുന്നത‌്. ആറ് അത്യാധുനിക അന്തർവാഹിനി നിർമിക്കാനുള്ള 60,000 കോടി രൂപയുടെ  “പ്രൊജക്ട്‐ 75 ഇന്ത്യ’ പദ്ധതിക്ക‌് നാല് വിദേശ പ്രതിരോധസ്ഥാപനങ്ങളെ നാവികസേന ചുരുക്കപട്ടികയിലാക്കി. ഇന്ത്യയിലെ സ്വകാര്യസ്ഥാപനവുമായി ചേർന്ന് സംയുക്തസംരംഭമെന്ന നിലയിലാകും കരാർ നൽകുക. സംയുക്തസംരംഭ പദ്ധതി നേടിയെടുക്കാൻ സ്വകാര്യസ്ഥാപനങ്ങളായ റിലയൻസ് നേവൽ, എൽ ആൻഡ് ടി എന്നിവയാണ് മത്സര രംഗത്തുള്ളത‌്. ഫ്രഞ്ച് പ്രതിരോധസ്ഥാപനമായ നേവൽ ഗ്രൂപ്പ്, ജർമനിയിലെ തൈസൻക്രുപ്പ് മറൈൻ സിസ്റ്റംസ്, സ്വീഡനിലെ സാബ് എബി ഗ്രൂപ്പ്, റഷ്യയിലെ റുബിൻ ഡിസൈൻ ബ്യൂറോ എന്നിവയാണ‌്  ചുരുക്കപ്പട്ടികയിലുള്ള വിദേശകമ്പനികൾ. തെരഞ്ഞെടുക്കപ്പെടുന്ന വിദേശ കമ്പനി ഏതെങ്കിലും ഇന്ത്യൻ പ്രതിരോധസ്ഥാപനവുമായി ചേർന്ന് സാങ്കേതിക കൈമാറ്റത്തിലൂടെ തദ്ദേശീയമായി അന്തർവാഹിനികൾ നിർമിക്കുകയാണ‌് വേണ്ടത‌്. റഫേൽ വിമാന നിർമാണപദ്ധതിക്കും റിലയൻസിനെയായിരുന്നു തെരഞ്ഞെടുത്തത‌്. ഫ്രഞ്ച് കമ്പനിയായ നേവൽ ഗ്രൂപ്പുമായി ചേർന്ന് പൊതുമേഖലയിലുള്ള മസഗാവ് ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ആറ് സ്കോർപ്പീൻ അന്തർവാഹിനികൾ നിർമിക്കുന്നുണ്ട‌്. സാങ്കേതികമാറ്റ കരാർ പ്രകാരമാണിത‌്. ഇതിൽ ആദ്യ അന്തർവാഹിനി വൈകാതെ പൂർത്തിയാകും. പി 75 (ഐ) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രൊജക്ട്‐ 75 ഇന്ത്യയുടെ ഭാഗമാകാനും മസഗാവ് ഡോക്ക് ഷിപ്പ് ബിൽഡേഴ്സിന് താൽപ്പര്യമുണ്ട‌്. എന്നാൽ, നാവികസേനയുടെ താൽപ്പര്യപ്രകാരമാകും അന്തിമതീരുമാനമെന്ന് മസഗാവ് ഡോക്ക് വൃത്തങ്ങൾ അറിയിച്ചു. സ്കോർപ്പീൻ നിർമാണത്തിൽ പങ്കാളികളാകുന്നുണ്ടെങ്കിലും പി 75 (ഐ) പദ്ധതിയിൽ പ്രത്യേക മുൻഗണനയൊന്നും മസഗാവിനുണ്ടാകില്ലെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. തന്ത്രപര പങ്കാളിത്തമെന്നപേരിൽ വിദേശ കമ്പനികളുമായി ചേർന്ന് കൂടുതൽ അന്തർവാഹിനികളും യുദ്ധവിമാനങ്ങളും നിർമിക്കാനാണ‌് കേന്ദ്രം ലക്ഷ്യമിടുന്നത‌്. റഫേൽ ഇടപാട് വിവാദത്തിലായെങ്കിലും സ്വകാര്യ കമ്പനികളുമായി ചേർന്നുള്ള പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാനാണ‌് സർക്കാർ താൽപ്പര്യം. സംയുക്തസംരംഭ പദ്ധതികളുടെ കാര്യത്തിൽ പരമാവധി 49 ശതമാനം വിദേശനിക്ഷേപമെന്ന നിബന്ധനയുണ്ട്. പദ്ധതിയിൽ പങ്കാളിയാകുന്ന ഇന്ത്യൻ കമ്പനിക്കാവും സംയുക്തസംരംഭത്തിന്റെ നിയന്ത്രണം. Read on deshabhimani.com

Related News