മോഡിയുടെ അഭിമുഖം പ്രചാരണതന്ത്രംന്യൂഡൽഹി > പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുതിയ അഭിമുഖങ്ങൾ ജനപ്രീതി വർധിപ്പിക്കാനുള്ള പ്രചാരണതന്ത്രമാണെന്ന വിമർശം ശക്തമാകുന്നു. ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിലും വാർത്താഏജൻസിയായ എഎൻഐയിലുമാണ് മോഡിയുടെ അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചത്. ഇ‐മെയിലിലൂടെയാണ് പ്രധാനമന്ത്രിയുടെ അഭിമുഖം എടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ അവകാശപ്പെടുന്നു. പത്രത്തിന്റെ രണ്ട് പേജാണ് അഭിമുഖത്തിന് മാത്രമായി നീക്കിവച്ചത്. മോഡിയെ ഒരുകാരണവശാലും അലോസരപ്പെടുത്താത്ത ചോദ്യങ്ങളാണ് ഇരുമാധ്യമസ്ഥാപനങ്ങളും ഉന്നയിച്ചത്. രാജ്യത്ത് വലിയ ചർച്ചയായ ആൾക്കൂട്ടക്കൊലപാതകങ്ങൾ, ലൈംഗികാതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ മറുപടി നൽകാതെ പ്രതിപക്ഷം കുറ്റകൃത്യങ്ങളെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കുകയാണെന്ന മറുപടിയാണ് അഭിമുഖത്തിൽ പ്രധാനമന്ത്രി നൽകിയത്. ജിഎസ്ടി എല്ലാവരും സ്വാഗതം ചെയ്തതായും തൊഴിലവസരങ്ങൾ വർധിച്ചതായും  പ്രധാനമന്ത്രി അവകാശപ്പെട്ടിട്ടുണ്ട്. എഎൻഐയിൽ വന്ന തന്റെ അഭിമുഖം പ്രധാനമന്ത്രി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഷെയർ ചെയ്തു. എന്നാൽ, അഭിമുഖങ്ങളുടെ പൊള്ളത്തരം ദി ട്രിബ്യൂൺ പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റർ സ്മിതാശർമ ട്വീറ്റിൽ  തുറന്നുകാട്ടി. “ഇതിനെ അഭിമുഖമെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. ചോദ്യങ്ങൾക്ക് മറുപടി നൽകുകയല്ല, എഴുതി തയ്യാറാക്കിയ ഉത്തരങ്ങൾ നൽകുകയാണ് താങ്കൾ ചെയ്തത്. രാജ്യത്തെയും വിദേശത്തെയും മാധ്യമങ്ങളുടെ മുൻകൂട്ടി തയ്യാറാക്കാത്തതും ഫിൽറ്റർ ചെയ്യപ്പെടാത്തതുമായ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന താങ്കളുടെ വാർത്താസമ്മേളനത്തിനായി കാത്തിരിക്കുന്നു’‐എന്നായിരുന്നു സ്മിതാശർമയുടെ പരിഹാസം. സാമൂഹ്യമാധ്യമങ്ങളും പ്രധാനമന്ത്രിയുടെ “പിആർ അഭിമുഖങ്ങൾക്ക്’ എതിരെ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. Read on deshabhimani.com

Related News