ഇതാ ഇന്ത്യയുടെ ശബ്ദം ; ഒന്നുകിൽ നയം മാറ്റം, അല്ലെങ്കിൽ സർക്കാർ മാറ്റം

‘ഒന്നുകിൽ നയം മാറ്റം, അല്ലെങ്കിൽ സർക്കാർ മാറ്റം’ എന്ന മുദ്രാവാക്യവുമായി സിഐടിയുവും കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും സംയുക്തമായി ഡൽഹിയിൽ സം-ഘടി-പ്പി-ച്ച മസ‌്ദൂർ ‐ കിസാൻ സംഘർഷ‌്- റാലി ഫോട്ടോ: കെ എം വാസുദേവൻ


ന്യൂഡൽഹി > മൂന്നരലക്ഷത്തിലേറെ ചുരുട്ടിയ മുഷ്ടികൾ രാജ്യതലസ്ഥാനത്തെ ആകാശത്തേക്കുയർന്നപ്പോൾ മുഴങ്ങിയത‌് ഇന്നോളം അവഗണിക്കപ്പെട്ടവരുടെ ശബ്ദമായിരുന്നു. മോഡി ഭരണത്തിൽ ജീവിതം അസാധ്യമായ  കർഷകരും കർഷകത്തൊഴിലാളികളും തൊഴിലാളികളും പ്രതിഷേധ ശബ്ദവുമായി ഡൽഹിയിൽ ഒത്തുചേർന്നപ്പോൾ രാജ്യ തലസ്ഥാനം ചുവപ്പിന്റെ മഹാപ്രവാഹത്തിന‌് സാഷ്യം വഹിച്ചു. കേന്ദ്രത്തിലെ ബിജെപി സർക്കാർ പിന്തുടരുന്ന തൊഴിലാളി‐ കർഷക ദ്രോഹ നയങ്ങൾ തിരുത്തുകയെന്ന ആവശ്യമുയർത്തിയ കിസാൻ‐മസ്ദൂർ സംഘർഷ‌് റാലി രാജ്യം കണ്ട ഏറ്റവും വലിയ കർഷക﹣തൊഴിലാളി മുന്നേറ്റമായി. ‘ഒന്നുകിൽ നയം മാറ്റം, അല്ലെങ്കിൽ സർക്കാർ മാറ്റം’ എന്ന മുദ്രാവാക്യവുമായി  കിസാൻസഭയും സിഐടിയുവും കർഷകത്തൊഴിലാളി യൂണിയനും സംയുക്തമായി സംഘടിപ്പിച്ച റാലി രാജ്യത്തെ ചെങ്കൊടിക്കരുത്ത് ഡൽഹിയിലെ ഭരണവർഗത്തിന് പ്രകടമാക്കിക്കൊടുത്തു. വരുംദിനങ്ങൾ പോരാട്ടങ്ങളുടേതാണെന്ന ഉജ്വല പ്രഖ്യാപനത്തോടെയാണ് റാലി പിരിഞ്ഞത്.  തൊഴിലാളികൾക്കും ജീവനക്കാർക്കും 18,000 രൂപ കുറഞ്ഞ വേതനം, കാർഷികോൽപ്പന്നങ്ങൾക്ക് കൃഷിച്ചെലവിന്റെ ഒന്നര ഇരട്ടി അധികമായി കുറഞ്ഞ താങ്ങുവില തുടങ്ങി 15 ഇന ആവശ്യങ്ങളുന്നയിച്ചായിരുന്നു റാലി. രാംലീല മൈതാനിയിൽനിന്ന് രാവിലെ എട്ടരയോടെ ആരംഭിച്ച തൊഴിലാളി, കർഷക മാർച്ച് മൂന്നുകിലോമീറ്ററിലേറെ സഞ്ചരിച്ച് പാർലമെന്റ്സ്ട്രീറ്റിൽ ഒത്തുചേർന്നു.  മുൻനിര പാർലമെന്റ് സ്ട്രീറ്റിലെ പൊതുയോഗസ്ഥലത്ത് എത്തിയപ്പോഴും രാംലീലയിൽനിന്നുള്ള പ്രവാഹം തുടരുകയായിരുന്നു. പിൻനിര രാംലീലയിൽനിന്ന് പുറപ്പെടുമ്പോൾ പകൽ 11 കഴിഞ്ഞു. പാർലമെന്റ്സ്ട്രീറ്റിലെ പൊതുയോഗവേദിമുതൽ കൊണാട്ട്പ്ലേസുവരെ നീളുന്ന രണ്ടുകിലോമീറ്റർ ദൂരത്തിന് ഉൾക്കൊള്ളുന്നതിലും അധികമായിരുന്നു ജനപ്രവാഹം. ടോൾസ്റ്റോയ് മാർഗിലേക്കും ജന്തർമന്ദർ റോഡിലേക്കും ജയ്സിങ് റോഡിലേയ്ക്കുമെല്ലാമായി ചുവപ്പുതൊപ്പി ധരിച്ച് ചെങ്കൊടികളുമേന്തി പ്രതിഷേധക്കാർ നിരന്നു. ഓൾഡ് ഡൽഹിയെ ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുന്ന രഞ്ജിത‌്സിങ് ഫ്ളൈഓവർ കയറിയിറങ്ങി റാലി എത്തിയതോടെ ഡൽഹിയുടെ നല്ലൊരു ഭാഗം അക്ഷരാർഥത്തിൽ ചെങ്കടലായി. കേന്ദ്ര സർക്കാരിനെതിരായി മുദ്രാവാക്യങ്ങൾ മുഴക്കിയും വിപ്ലവഗാനങ്ങളും നാടൻപാട്ടുകളും മറ്റും ആലപിച്ചും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളും കർഷകരും നീങ്ങിയപ്പോൾ ഇന്ത്യൻ വൈവിധ്യത്തിന്റെ സംഗമകേന്ദ്രമായി സമരഭൂമി മാറി. രാവിലെ പത്തോടെ പാർലമെന്റ്സ്ട്രീറ്റിലെ വേദിയിൽ യോഗനടപടികളാരംഭിച്ചു. കിസാൻസഭയുടെയും സിഐടിയുവിന്റെയും കർഷകത്തൊഴിലാളി യൂണിയന്റെയും കേന്ദ്ര ഭാരവാഹികൾ സംസാരിച്ചു. ഒപ്പം ബാങ്കിങ്, ഇൻഷുറൻസ്, ട്രാൻസ്പോർട്ട്, കേന്ദ്ര‐ സംസ്ഥാന സർക്കാർ ജീവനക്കാർ, ടെലികോം, കൺസ്ട്രക‌്ഷൻ, അങ്കണവാടി, ആശ, ബീഡി, തോട്ടം, ഉരുക്ക്, കൽക്കരി തുടങ്ങി വിവിധ തൊഴിൽ മേഖലകളിലെ സംഘടനാപ്രതിനിധികളും റാലിയെ അഭിസംബോധന ചെയ്തു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റാലിയെ അഭിവാദ്യംചെയ്തു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ്‌ രാമചന്ദ്രൻ പിള്ള, എം എ ബേബി, മുഹമദ് സലീം തുടങ്ങിയവർ യോഗസ്ഥലത്തെത്തി. സ്വാഗതസംഘം അധ്യക്ഷൻ പ്രഭാത് പട്നായിക‌് വേദിയിൽ സന്നിഹിതനായിരുന്നു.  റാലി സർക്കാരിനുള്ള താക്കീത് മാത്രമാണെന്നും വലിയ പ്രക്ഷോഭങ്ങൾക്കാണ് രാജ്യം വരുംനാളുകളിൽ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും സമാപന പ്രസംഗത്തിൽ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. രാജ്യത്തെ തൊഴിലാളിവർഗം ഒന്നടങ്കം ഡിസംബർ അവസാനത്തോടെ പണിമുടക്കും. കർഷക സംഘടനകളുടെകൂടി പിന്തുണയോടെയുള്ള പണിമുടക്ക് സെപ്തംബർ 28ന് ചേരുന്ന ട്രേഡ് യൂണിയൻ കൺവൻഷനിൽ പ്രഖ്യാപിക്കും. കിസാൻസഭ മറ്റ് കർഷക സംഘടനകളുമായി ചേർന്ന് ഡൽഹിയിലേക്ക് ലോങ്മാർച്ച് സംഘടിപ്പിക്കും. നവംബർ 28 മുതൽ 30 വരെ നീളുന്നതാകും ലോങ്മാർച്ച്. ഭിന്നിപ്പിക്കൽ തന്ത്രത്തിന്റെ ഭാഗമായി സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന വർഗീയ അജൻഡയെ പിന്നോട്ടടിപ്പിക്കുംവിധം ജനകീയപ്രശ്നങ്ങൾ ഭാവിസമരങ്ങളിലൂടെ ഉയർത്തുമെന്നും തപൻസെൻ പറഞ്ഞു. Read on deshabhimani.com

Related News