തെരഞ്ഞെടുപ്പ് ചൂടില്‍ ജെഎന്‍യു; സമരക്കരുത്തുമായി ഇടത് വിദ്യാര്‍ത്ഥി സഖ്യംന്യൂഡല്‍ഹി > വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരവെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെഎന്‍യു)യില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് 14ന് നടക്കും. കഴിഞ്ഞ വര്‍ഷം വിജയം നേടിയ എസ്എഫ്‌ഐ ഉള്‍പ്പെടുന്ന ഇടതു വിദ്യാര്‍ഥി സഖ്യം പ്രചരണ പരിപാടികള്‍ ആരംഭിച്ചു. എസ്എഫ്‌ഐ, എഐഎസ്എ, ഡിഎസ്എഫ് എന്നീ സംഘടനകള്‍ക്കൊപ്പം ഇത്തവണ ഇടത് സഖ്യത്തില്‍ എഐഎസ്എഫും പങ്കാളിയാണ്. ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ സായ് ബാലാജി (എഐഎസ്എ), വൈസ് പ്രസിഡന്റായി സരിക ചൗധരി(ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്എഫ്‌ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്. എബിവിപി, എന്‍എസ്‌യുഐ, ബിഎപിഎസ്എ എന്നീ സംഘടനകളും മത്സരരംഗത്തുണ്ട്. എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ലളിത് പാണ്ഡെ, വൈസ് പ്രസിഡന്റായി ഗീതശ്രീ, ജനറല്‍ സെക്രട്ടറിയായി ഗണേഷ് ഗുര്‍ജാര്‍, ജോ. സെക്രട്ടറിയായി വെങ്കട്ട് ചൗബേയ് എന്നിവര്‍ മത്സരിക്കുന്നു. എന്‍എസ്‌യുഐ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി വികാസ് യാദവ്, വൈസ് പ്രസിഡന്റായി ലിജി കെ ബാബു, ജനറല്‍ സെക്രട്ടറിയായി മൊഫിസുള്‍ ആലം, ജോയിന്റ് സെക്രട്ടറിയായി നഗുരങ് റീന എന്നിവരാണ് സ്ഥാനാര്‍ഥികളായി. ബിഎപിഎസ്എ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തല്ലപ്പള്ളി പ്രവീണ്‍, വൈസ് പ്രസിഡന്റായി പൂര്‍ണ്ണചന്ദ്ര നായിക്, ജനറല്‍ സെക്രട്ടറിയായി വിശ്വംഭര്‍നാഥ് പ്രജാപതി, ജോ. സെക്രട്ടറിയായി കനകലത യാദവ് എന്നിവരാണ് മത്സരിക്കുന്നത്. എഐഎസ്എഫില്‍നിന്ന് രാജിവെച്ച ജയന്ദ് കുമാര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ആര്‍ജെഡിയുടെ വിദ്യാര്‍ഥി സംഘടനയായ ഛാത്ര ആര്‍ജെഡി സ്ഥാനാര്‍ഥിയായാണ് ജയന്ദ് മത്സരിക്കുന്നത്. ജെഎന്‍യുവിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഛാത്ര ആര്‍ജെഡി മത്സരിക്കുന്നത്. വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിശോധിക്കാനും നടപടിയെടുക്കാനുമുള്ള ജിഎസ്‌കാഷ് സമിതിയെ ദുര്‍ബലപ്പെടുത്തിയ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇടതു സഖ്യത്തിനു കീഴിലുള്ള വിദ്യാര്‍ഥി യൂണിയന്‍ നടത്തിയത്. സീറ്റുകള്‍ വെട്ടിക്കുറച്ചതും ജനാധിപത്യ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുമെതിരെ വലിയ പ്രതിരോധങ്ങള്‍ നടന്നു. എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റശേഷം കാണാതായ നജീബിനുവേണ്ടിയുള്ള നിരന്തര സമരങ്ങളും ജെഎന്‍യു സാക്ഷ്യം വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ വിജയം ആവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറി ദുഗ്ഗിരാല ശ്രീകൃഷ്ണ പറഞ്ഞു. എബിവിപിക്കെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് (2082) നേടിയാണ് എസ്എഫ്‌ഐ നേതാവ് ദുഗ്ഗിരാല ശ്രീകൃഷ്‌ണ ജയിച്ചത്.   Read on deshabhimani.com

Related News