ജമ്മു കശ്‌‌മീർ: മോഡി പ്രഖ്യാപിച്ച 70,000 കോടിയുടെ പാക്കേജ് കടലാസിൽന്യൂഡൽഹി > പ്രധാനമന്ത്രിയുടെ വികസന പാക്കേജ് എന്ന പേരിൽ ജമ്മു കശ്‌‌മീരിനുവേണ്ടി പ്രഖ്യാപിച്ച 28 വൻകിട പദ്ധതികൾ മൂന്ന് വർഷം പിന്നിടുമ്പോഴും കടലാസിൽമാത്രം. 2015 നവംബർ ഏഴിനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി 70,000 കോടിയോളം രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്. 2014ലെ പ്രളയത്തിൽ തകർന്ന ജമ്മു കശ്മീരിൽ പിഡിപി‐ബിജെപി സർക്കാർ അധികാരത്തിൽ വന്ന് ഒമ്പത് മാസം കഴിഞ്ഞപ്പോഴാണ് അടിസ്ഥാനസൗകര്യ മേഖലയിൽ 69,178 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചത്. ഇതിൽ 50 ശതമാനവും റോഡുകളും പാലങ്ങളുമായിരുന്നു. മൂന്നുമുതൽ അഞ്ചുവർഷത്തിനകം നിർമാണം പൂർത്തീകരിക്കുമെന്നും അവകാശപ്പെട്ടിരുന്നു. ഇവയിൽ ഒരു റോഡ് നിർമാണത്തിനു ശിലയിടുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഭൂരിപക്ഷം പദ്ധതികളുടെയും വിശദ പദ്ധതി റിപ്പോർട്ട് (ഡിആർപി) പോലും തയ്യാറായിട്ടില്ല. 28 ചെറുകിട ജലസേചന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അനുമതി കാത്തിരിക്കുകയാണ്. ജമ്മുവിൽ ഐഐഎമ്മും ഐഐടിയും അവന്തിപ്പോരയിൽ എയിംസും പ്രഖ്യാപിച്ചിരുന്നു. ഐഐടിക്കും ഐഐഎമ്മിനും വേണ്ടി സ്ഥലം ഏറ്റെടുക്കുകയും കുട്ടികളെ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ജമ്മു സർവകലാശാലയുടെ പഴയ ക്യാമ്പസിലാണ് ഐഐഎം പ്രവർത്തിക്കുന്നത്; ഐഐടി താൽക്കാലിക കെട്ടിടത്തിലും. അവന്തിപ്പോരയിൽ എയിംസിനുവേണ്ടി വനഭൂമി ഏറ്റെടുക്കുക മാത്രമാണ‌് ചെയ‌്തത‌്. Read on deshabhimani.com

Related News