കുത്തനെ ഇടിഞ്ഞ് രൂപ; ഓഹരിവിപണിയിൽ ആറു മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന തകർച്ചന്യൂഡൽഹി കടിഞ്ഞാണില്ലാതെ കുതിക്കുന്ന ഇന്ധനവില വർധനയ്ക്കിടെ, രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞ് ഡോളറിന‌് 72.45 എന്ന നിലയിലെത്തി. ഇത് എക്കാലത്തെയും വലിയ മൂല്യശോഷണമാണ്. തിങ്കളാഴ്ചമാത്രം രൂപയുടെ മൂല്യം ഒരു ശതമാനം ഇടിഞ്ഞു. ഓഹരി വിപണിയിൽ  ഒരു ഘട്ടത്തിൽ 72.67 എന്ന നിരക്കിൽവരെ  രൂപയെത്തി. വെള്ളിയാഴ്ച ഡോളറിന‌് 71.73 രൂപ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തെ ഓഹരിവിപണിയിൽ ആറു മാസത്തിനിടയിലെ  ഏറ്റവും വലിയ ഏകദിന തകർച്ചയും തിങ്കളാഴ്ച രേഖപ്പെടുത്തി.  മുംബൈ ഓഹരിവിപണി സൂചിക സെൻസെക്സ്  467 പോയിന്റും ദേശീയസൂചിക നിഫ്റ്റി 151 പോയിന്റും ഇടിഞ്ഞു. വൻ പ്രതിഷേധത്തിനിടയിലും പെട്രോൾവില ലിറ്ററിന‌് 23 പൈസയും ഡീസൽവില ലിറ്ററിന‌് 22 പൈസയും തിങ്കളാഴ്ച കൂട്ടി. മഹാരാഷ്ട്രയിൽ പെട്രോളിന‌് 88.12 രൂപയായി; ഡീസലിന‌് 77.32 രൂപയും. അധിക എക്സൈസ് തീരുവ പിൻവലിച്ച് എണ്ണവില കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഏഷ്യയിലെ ഏറ്റവും ദുർബലമായ കറൻസിയായി മാറിയ രൂപയുടെ സ്ഥിതി വരുംനാളുകളിലും മോശമായി തുടരുമെന്ന് രാജ്യാന്തരനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. Read on deshabhimani.com

Related News