വീണ്ടും തകർന്നു ; രൂപയുടെ മൂല്യം കൂപ്പുകുത്തി ; ഡോളറിനു 71 രൂപന്യൂഡൽഹി ഡോളറിനു 71 രൂപയെന്ന നിരക്കിൽ രൂപയുടെ മൂല്യം കൂപ്പുകുത്തി. ഏഷ്യയിലെ ഏറ്റവും ദുർബലമായ കറൻസിയായി നിലവിൽ രൂപ മാറി.  ഇത‌് വരുംനാളുകളിൽ വിലക്കയറ്റവും പണപ്പെരുപ്പവും വർധിക്കാൻ കാരണമാകുന്നതോടൊപ്പം സമ്പദ്ഘടന നേരിടുന്ന പ്രതിസന്ധിയും രൂക്ഷമാക്കും. അസംസ്കൃത എണ്ണവില വീണ്ടും ഉയരുമെന്ന് രാജ്യാന്തര ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഇതിനിടെ, കേന്ദ്രസർക്കാർ മുഖംരക്ഷിക്കാൻ ജിഡിപി വളർച്ചയുടെ ഊതിപ്പെരുപ്പിച്ച കണക്കുമായി രംഗത്തെത്തി. നടപ്പുവർഷം ആദ്യപാദത്തിൽ (ഏപ്രിൽ‐ജൂൺ) 8.2 ശതമാനം വളർച്ച നേടിയെന്നാണ് അടിസ്ഥാനവർഷം മാറ്റിയുള്ള കണക്കുകൂട്ടൽ വഴി അവകാശപ്പെടുന്നത്. എണ്ണവിലക്കയറ്റം സൃഷ്ടിക്കുന്ന പരിഭ്രാന്തി രൂപയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുകയാണ്. എണ്ണവിലക്കയറ്റം തുടർക്കഥയായതോടെ ഇറക്കുമതി ആവശ്യങ്ങൾക്കായി കൂടുതൽ ഡോളർ വേണ്ടിവരുന്നു. കൂടുതൽ എണ്ണവാങ്ങി ശേഖരിക്കാനുള്ള പ്രവണതയും ഡോളറിന്റെ ആവശ്യം വർധിപ്പിച്ചു. ഇതിന്റെ ഫലമായി രൂപയുടെ വിലയിടിഞ്ഞതോടെ ബാങ്കുകളും ഡോളർ ശേഖരിക്കാൻ തുടങ്ങി. ഇതു രൂപയ്ക്ക് വീണ്ടും വിനയാകും. ഈ സാഹചര്യത്തിൽ റിസർവ് ബാങ്ക് ഇടപെടൽ വഴിയും രൂപയെ രക്ഷിക്കാൻ കഴിയില്ലെന്ന് എസ്സൽ ഫോറക്സ് ലിമിറ്റഡ് സിഇഒ സലിൽ ദസ്തർ പറഞ്ഞു. ആഭ്യന്തരവിപണി ശക്തിപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കാത്തതിനാൽ കയറ്റുമതിയിലുണ്ടായ ഇടിവ് സ്ഥിതി വഷളാക്കി. വിനിമയ നിരക്ക‌്  ഡോളറിനു 40 രൂപയിലേക്ക‌് എത്തിക്കുമെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോഡി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 2018ൽ മാത്രം രൂപയുടെ വിനിമയ മൂല്യം 11 ശതമാനത്തിലേറെ ഇടിഞ്ഞു. സാമ്പത്തികവളർച്ച നേടാനെന്ന പേരിൽ മോഡിസർക്കാർ സ്വീകരിച്ച നയങ്ങളാണ് രൂപയെ പരിതാപകരമായ അവസ്ഥയിൽ എത്തിച്ചത്. വിദേശസ്ഥാപന നിക്ഷേപകരെ സർക്കാർ അമിതമായി ആശ്രയിച്ചു. ഇന്ത്യയിലെ സ്ഥിതി  മോശമാണെന്ന് കണ്ടപ്പോൾ  ഇത്തരം നിക്ഷേപകർ വൻതോതിൽ പിൻവാങ്ങി. കന്നുകാലിവ്യാപാര നിരോധനവും ഗോരക്ഷാക്കൊലകളും വർഗീയ ആക്രമണങ്ങളും രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർത്തതും പിന്മാറ്റത്തിനു കാരണമായി. ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്. കേന്ദ്രസർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കെ, രൂപ ദുർബലമാണെന്ന പ്രധാനമന്ത്രി മോഡിയുടെ മുൻ നിഗമനം അദ്ദേഹം ഇപ്പോൾ മറന്നുപോയിട്ടുണ്ടാകാമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. Read on deshabhimani.com

Related News