അമേരിക്കയ്‌ക്ക് വഴങ്ങി മോഡി സര്‍ക്കാര്‍; സമ്പൂര്‍ണ സൈനിക സഹകരണ കരാറില്‍ ഒപ്പുവെച്ചുന്യൂഡല്‍ഹി > സൈനിക നയതന്ത്ര മേഖലകളില്‍ പരസ്പരം സഹകരിക്കാന്‍ അമേരിക്കയുമായി ഇന്ത്യ ധാരണയായി. സമ്പൂര്‍ണ സൈനിക ആശയവിനിമയ സഹകരണ കരാറില്‍(കോംകാസ-Communications Compatibility and Security Agreemetnt) ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഉന്നതതല ചര്‍ച്ചയ്‌‌ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അമേരിക്ക നല്‍കുന്ന പ്രതിരോധ സംവിധാനങ്ങളില്‍ അമേരിക്കയുടെ കമ്യൂണിക്കേഷന്‍ സംവിധാനം സ്ഥാപിക്കാന്‍ അനുവദിക്കുന്നതാണ് ഈ കരാര്‍.  ഇന്ത്യന്‍ സേനയെ അമേരിക്കന്‍ സൈന്യവുമായി കണ്ണിചേര്‍ക്കുന്നതിനുവേണ്ടിയാണിത്. ഇന്ത്യന്‍ സായുധസേനയുടെ ആഭ്യന്തരമായ സൈനിക കമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ അമേരിക്കയ്‌ക്ക് പ്രവേശം നല്‍കുന്നതാണ് ഈ കരാര്‍.  അമേരിക്ക സ്ഥാപിച്ച കമ്യൂണിക്കേഷന്‍ സംവിധാനം ദുരുപയോഗിക്കപ്പെടുന്നില്ലെന്നും ചോര്‍ത്തപ്പെടുന്നില്ലെന്നും ഉറപ്പുവരുത്താനായി ഇന്ത്യക്ക് കൈമാറുന്ന സൈനിക ഉപകരണങ്ങള്‍ പരിശോധിക്കാനുള്ള അവകാശവും കരാര്‍വഴി അമേരിക്കയ്‌‌ക്ക് ലഭ്യമാകും. അമേരിക്കയുടെ മറ്റൊരു ലക്ഷ്യം അവരുടെ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ഇന്ത്യക്ക് വന്‍തോതില്‍ വിറ്റഴിക്കുക എന്നതാണ്.  ഇക്കാര്യത്തിലും വലിയ പുരോഗതി ദൃശ്യമാണ്. 2008ല്‍ 100 കോടി ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്കയില്‍നിന്ന് വാങ്ങിയരുന്നതെങ്കില്‍ പത്ത് വര്‍ഷമായപ്പോള്‍ അത് 1500 കോടി ഡോളറായി വര്‍ധിച്ചു. പ്രലോഭനവും ഭീഷണിയും തരാതരം പയറ്റിയാണ് ശതകോടിക്കണക്കിനു ഡോളറിന്റെ ആയുധം ഇന്ത്യക്ക് വില്‍ക്കുന്നത്. ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ 2016ലാണ് ഇന്ത്യ 'പ്രധാന പ്രതിരോധ പങ്കാളിയാണെന്ന്' പ്രഖ്യാപിക്കപ്പെട്ടത്. അതിനുശേഷമാണ് സൈനിക സൗകര്യങ്ങള്‍ പരസ്പരം കൈമാറുന്ന എല്‍ഇഎയിലും കോംകാസയിലും ഒപ്പിടണമെന്ന് ശഠിച്ചത്.  അടുത്ത സൈനിക കരാര്‍ ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ ഓപ്പറേഷന്‍ (ബിഇസിഎ) കരാറാണ്. ഈ പ്രക്രിയക്ക് വേഗമേറ്റുന്നതിന് അമേരിക്ക അത്യന്താധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ലഭ്യമാകുന്ന പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുകയും ചെയ്‌‌തു. അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ എതിരാളികളെ ഉപരോധത്തിലൂടെ എതിര്‍ക്കുന്ന നിയമം (സിഎഎടിഎസ്‌‌‌എ) വഴി റഷ്യയില്‍നിന്ന് അത്യന്താധുനിക പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതും അമേരിക്ക തടയുകയാണ്. പുതിയ ഈ വേദിയിലൂടെ അമേരിക്ക ഇന്ത്യയെ അവരുടെ ഭൗമരാഷ്‌‌‌ട്രീയ തന്ത്രത്തോട് അടുപ്പിക്കുകയാണ്. ഏഷ്യ പസഫിക് മേഖലയിലെ അമേരിക്കന്‍ തന്ത്രവുമായി ആഴത്തില്‍ സഹകരിക്കാനുള്ള മോഡി സര്‍ക്കാരിന്റെ സന്നദ്ധതയുടെ പശ്ചാത്തലത്തിലാണ് ഇത്. ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി അമേരിക്ക വിവിധ നടപടി സ്വീകരിക്കുകയുണ്ടായി. ഹവായ് കേന്ദ്രമാക്കി നേരത്തെ നിലവിലുള്ള പസഫിക് മിലിട്ടറി കമാന്‍ഡിന്റെ പേര് 'ഇന്തോ പസഫിക് കമാന്‍ഡ്' എന്നാക്കി. പസഫിക് കമാന്‍ഡിന്റെ കീഴിലുള്ള ഇന്ത്യാ സമുദ്രമേഖലയില്‍ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഓര്‍മപ്പെടുത്താനായിരുന്നു ഈ പേരുമാറ്റം.   Read on deshabhimani.com

Related News