അമേരിക്കയിൽ നിന്ന‌് ഇന്ത്യ 1000 വിമാനം വാങ്ങുന്നുന്യൂഡൽഹി > വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരയുദ്ധത്തിന്റെ ഭാഗമായി അമേരിക്കയിലുടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യൻ സഹായം. ഓരോവർഷവും 33932.45 കോടി രൂപ ചെലവിൽ അമേരിക്കയിൽനിന്ന് ഇന്ത്യ 1000 വിമാനം വാങ്ങാനാണ‌് വാണിജ്യമന്ത്രി സുരേഷ് പ്രഭുവിന്റെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായുള്ള ചർച്ചയിൽ തീരുമാനമായത‌്. പ്രതിരോധ ആവശ്യങ്ങൾക്കുള്ള വിമാനങ്ങൾക്ക‌് പുറമേയാണിത‌്.  ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക‌് നിരന്തരം അമേരിക്ക തീരുവ വർധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ‌് പുതിയ കരാറുണ്ടാക്കുന്നതെന്ന പ്രത്യേകതയുമുണ്ട‌്. ഉരുക്ക്, അലുമിനിയം ഉൽപന്നങ്ങൾക്ക് യുഎസ് ഇറക്കുമതിത്തീരുവ ചുമത്തിയത് ഇന്ത്യയ്‌ക്ക് വൻനഷ്ടമാണ് ഉണ്ടാക്കിയത്. 27145.96 കോടി രൂപയുടെ പെട്രോളിയം, പ്രകൃതിവാതക ഉൽപ്പന്ന വ്യാപാരത്തിനും ലക്ഷ്യമുണ്ട‌്. നാവികനിരീക്ഷണത്തിനുള്ള 12 പി8 ഐ വിമാനങ്ങൾ വാങ്ങാനും തീരുമാനമായി. അമേരിക്ക കഴിഞ്ഞാൽ കൂടുതൽ പി8 ഐ വിമാനം ഉള്ളത‌് ഇന്ത്യക്കാണ്. അമേരിക്കൻ വ്യവസായ പ്രതിനിധി മാർക്ക് ലിൻസ്കോട്ട് ഇന്ത്യൻ വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥരുമായി ഞായറാഴ്‌‌ച കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. സ്റ്റീൽ, അലുമിനിയം ഇറക്കുമതി തീരുവ അമേരിക്ക വർധിപ്പിച്ചതിനുപിന്നാലെ ഇന്ത്യ സ്വീകരിച്ചനടപടികളും ചർച്ചയുടെ ഭാഗമാകും. ലോക വ്യാപാരസംഘടനയുടെ മാനദണ്ഡമനുസരിച്ചാണ് ഇന്ത്യയുടെ നടപടിയെന്ന്  ചർച്ചയിൽ ഇന്ത്യ അറിയിക്കും. വിദേശകാര്യമന്ത്രി സുഷ‌്മ സ്വരാജ്, പ്രതിരോധമന്ത്രി നിർമല സീതാരാമൻ എന്നിവരും വിദേശ സെക്രട്ടറി മൈക് പോംപെയും പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും തമ്മിൽ ജൂലൈ ആറിന് നടക്കുന്ന ചർച്ചയ്ക്കുമുമ്പായി സാഹചര്യങ്ങൾ അനുകൂലമാക്കുന്നതിനാണ് അമേരിക്കൻ പ്രതിനിധിയുടെ സന്ദർശനം. Read on deshabhimani.com

Related News