ദുരിതാശ്വാസത്തിനായി മുൻപും ഇന്ത്യ വിദേശധനസഹായം സ്വീകരിച്ചിട്ടുണ്ട്‌; ഏറ്റവുമധികം കൈപ്പറ്റിയത്‌ ഗുജറാത്ത്‌ ഭൂകമ്പത്തെ തുടർന്ന്‌

ഗുജറാത്ത്‌ ഭൂകമ്പം


കൊച്ചി > ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യ വിദേശരാജ്യങ്ങളിൽ നിന്നും സഹായം കൈപ്പറ്റിയിട്ടില്ലെന്ന വാദം തെറ്റ്‌. മുൻപും പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനായി ഇന്ത്യ വിദേശസഹായം സ്വീകരിച്ചിട്ടുണ്ട്‌. 2001ൽ ഗുജറാത്ത്‌ ഭൂകമ്പത്തിനുശേഷമാണ്‌ ദുരിതാശ്വാസത്തിനായി ഏറ്റവുമധികം സഹായം കൈപ്പറ്റിയത്‌. 1991ൽ ഉത്തർകാശി ഭൂകമ്പത്തെ തുടർന്നും 1993ൽ ലാത്തുർ ഭൂകമ്പത്തെ തുടർന്നും  യുകെയിൽ നിന്ന്‌ 8 മില്യൺ ഡോളറും വീതം ഇന്ത്യ സഹായധനം സ്വീകരിച്ചു. 2001ൽ ഗുജറാത്ത്‌ ഭൂകമ്പത്തെ തുടർന്ന്‌ അമേരിക്കയിൽ നിന്ന്‌ 17 മില്യൺ ഡോളറും യുകെയിൽ നിന്ന്‌ 21 മില്യൺ ഡോളറും ജർമനിയിൽ നിന്നും 9.5 മില്യൺ ഡോളറും ഇന്ത്യ കൈപ്പറ്റി. ആകെ 47.5 കോടി രൂപയുടെ സഹായമാണ്‌ ഗുജറാത്ത്‌ ഭൂകമ്പത്തെ തുടർന്ന്‌ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്നും ഇന്ത്യ കൈപ്പറ്റിയത്‌. അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ്‌ അന്ന്‌ രാജ്യം ഭരിച്ചിരുന്നത്‌. ഗുജറാത്തിലും ബിജെപിക്കായിരുന്നു ഭരണം. 2002ൽ തന്നെ ബംഗാളിലെ ചുഴലിക്കാറ്റിനെ തുടർന്ന്‌ യുകെയിൽ നിന്നും വീണ്ടും 8 മില്യൺ ഡോളർ സഹായധനം വാങ്ങി. പിന്നീട്‌ 2004ൽ ബീഹാറിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന്‌ അമേരിക്ക 3 ലക്ഷം ഡോളറും യുകെ 4.4 ലക്ഷം ഡോളറും സഹായധനം നൽകി. 2004ന്‌ ശേഷം ഇതുവരെ ഇന്ത്യ വിദേശധനസഹായം സ്വീകരിച്ചിട്ടില്ല. ദുരിതാശ്വാസത്തിനായി വിദേശരാജ്യങ്ങളിൽ നിന്നും സഹായം കൈപ്പറ്റുന്നത്‌ വിലക്കുന്ന നിയമങ്ങളൊന്നും രാജ്യത്ത്‌ നിലവിലില്ല. പ്രളയക്കെടുതിയിൽ കേരളത്തെ സഹായിക്കാൻ യുഎഇ നൽകിയ 700 കോടി രൂപയുടെ ധനസഹായം നിരസിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്നാണ്‌ ഇക്കാര്യം സജീവ ചർച്ചയായിരിക്കുന്നത്‌. Read on deshabhimani.com

Related News