സുഷമാ സ്വരാജിനെയും അവർ വെറുതേ വിടുന്നില്ല; വിദേശകാര്യ മന്ത്രിക്കും സംഘപരിവാർ അധിക്ഷേപംന്യൂഡൽഹി > മിശ്രവിവാഹിതരായ ദമ്പതികളുടെ പാസ്‌പോര്‍ട്ട് അപേക്ഷ നിരസിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരെ സൈബർ ആക്രമണവുമായി ഹിന്ദുത്വവാദികൾ തന്നെ രംഗത്ത്‌. സുഷമ സ്വരാജിനെ അസഭ്യം പറഞ്ഞും അധിഷേപിച്ചും മുന്നില്‍ നില്‍ക്കുന്നത് ബിജെപി പ്രവര്‍ത്തകര്‍ തന്നെയാണ്. ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവം ഉണ്ടായതിനെ തുടര്‍ന്ന് മുഹമ്മദ് അനസ് സിദ്ദിഖി, ഭാര്യ തന്‍വി സേഥ് എന്നിവര്‍ സുഷമാ സ്വരാജിന് പരാതി സമര്‍പ്പിച്ചിരുന്നു. അനസ്‌ സിദ്ദിഖി ഹിന്ദുമതം സ്വീകരിച്ചാൽ മാത്രമേ പാസ്‌പോർട്ട്‌ പുതുക്കി നൽകാനാകൂ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ നിലപാട്‌. ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുഷമാ സ്വരാജ് ജീവനക്കാരനെ സ്ഥലം മാറ്റുകയും ദമ്പതികള്‍ക്ക് പിറ്റെദിവസം തന്നെ പാസ്‌പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുഷമാ സ്വരാജിനെതിരായ ട്വിറ്റർ ആക്രമണം. ഉദ്യോഗസ്ഥനെ ശിക്ഷിച്ചത് വഴി സുഷമ സ്വരാജ് ഹിന്ദുക്കളെ അപമാനിക്കുകയാണെന്നാണ് വിദ്വേഷ പ്രചരണങ്ങൾക്ക്‌ കുപ്രസിദ്ധരായ ട്വിറ്ററിലെ സംഘ് പരിവാർ ബ്രിഗേഡ്‌  ഉയര്‍ത്തുന്ന ആക്ഷേപം. മിശ്ര വിവാഹിതർക്കെതിരായ സംഘപരിവാറിന്റെ എക്കാലത്തെയും പ്രഖ്യാപിത രാഷ്ട്രീയം നടപ്പാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ മന്ത്രിക്ക്‌ നടപടി എടുക്കേണ്ടി വന്നതാണ്‌ ഈ സൈബർ ക്രിമിനൽ സംഘത്തെ ചൊടിപ്പിച്ചത്‌. സുഷമാ സ്വരാജിനെതിരായ ട്വീറ്റുകളിൽ ഉദ്യോഗസ്ഥനായ വികാസ്‌ മിശ്രയെ പിന്തുണക്കുന്ന #IStandWithVikasMishra ഹാഷ്‌ടാഗും കാണാം. ഉദ്യോഗസ്ഥനെതിരായ നടപടി ഹിന്ദുവിരുദ്ധമായും ബിജെപി മന്ത്രിയുടെ കോൺഗ്രസിൽ ചേരാനുള്ള ശ്രമമായുമെല്ലാം വിശേഷിപ്പിക്കുന്നവയാണ്‌ ട്വീറ്റുകൾ അധികവും. മറ്റാരുടെയോ ഒരു കിഡ്‌നി കടം വാങ്ങി ജീവിക്കുന്ന സുഷമാ സ്വരാജ്‌ ഇനി അധികകാലം ജീവിക്കില്ലെന്നാണ്‌ ഒരാളുടെ ട്വീറ്റ്‌. മാറ്റി വച്ച ‘ഇസ്ലാമിക്‌ കിഡ്‌നി’യുടെ സ്വാധീനമാണോ ഇത്തരം പക്ഷപാതപരമായ തീരുമാനങ്ങൾക്ക്‌ കാരണമെന്ന്‌ മറ്റൊരു ഹിന്ദുത്വവാദി ചോദിക്കുന്നു.  സുഷമാ സ്വരാജിന്റേത്‌ മുസ്ലീം പ്രീണനമാണെന്നും മതേതര പ്രതിഛായ ഉണ്ടാക്കാനുള്ള ശ്രമമാണെന്നും പാകിസ്ഥാനികൾക്ക്‌ വിസ അനുവദിക്കാൻ പാടില്ലെന്നും തുടങ്ങി വിചിത്രമായ നിരവധി വാദങ്ങളാണ്‌ ട്വിറ്ററിലെ സംഘപരിവാറിന്റെ മുഖങ്ങളായി മാറിയവർ ഉയർത്തുന്നത്‌. രാഷ്‌ട്രീയ ലാഭമുണ്ടാക്കാനായി സാമൂഹ്യമാധ്യമങ്ങളിലൂടെ സംഘപരിവാർ പടർത്തുന്ന വർഗ്ഗീയ വിഷപ്രചരണങ്ങൾക്കുമേൽ അവർക്കുതന്നെ നിയന്ത്രണം നഷ്‌ടപ്പെടുന്നു എന്ന സൂചനയാണ്‌ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സുഷമാ സ്വരാജിനെതിരായ സൈബർ ആക്രമണം നൽകുന്നത്‌. Read on deshabhimani.com

Related News