താക്കീത്‌ ; രാജ്യം സ്‌തംഭിച്ചു ; ലക്ഷങ്ങൾ പ്രതിഷേധത്തിൽ പങ്കാളികളായി

ഇന്ധനവിലവർധനയ്‌ക്കെതിരെ ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്‌ത ഹർത്താലിന്റെ ഭാഗമായി ജന്തർമന്ദറിൽ പ്രതിഷേധിച്ചതിന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തപ്പോൾ


ന്യൂഡൽഹി ഇന്ധന വിലവർധനയ‌്ക്കെതിരെ സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്ത അഖിലേന്ത്യാ ഹർത്താലും കോൺഗ്രസ് ആഹ്വാനംചെയ്ത ഭാരത് ബന്ദും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനിലപാടുകൾക്ക് ശക്തമായ താക്കീതായി. എസ്പി, ആർജെഡി, ബിഎസ്പി, എഎപി, എൻസിപി, ഡിഎംകെ, ജെഡിഎസ്, ഐഎൻഎൽഡി, നാഷണൽ കോൺഫറൻസ്, ആർഎൽഡി, ടിഡിപി തുടങ്ങി നിരവധി പാർടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ  മോഡി സർക്കാരിനെതിരായി പ്രതിപക്ഷത്തിന്റെ ഐക്യത്തോടെയുള്ള പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. രാജ്യത്താകെ ലക്ഷക്കണക്കിനാളുകൾ പ്രതിഷേധത്തിൽ പങ്കാളികളായി അറസ്റ്റുവരിച്ചു. പലയിടത്തും പ്രക്ഷേ‌ാഭകർ റോഡുകൾ ഉപരോധിക്കുകയും ട്രെയിനുകൾ തടയുകയും ചെയ്തു. ഇന്ധന വിലവർധനയിൽ പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണ ജനങ്ങൾ വലിയതോതിൽ പ്രതിഷേധത്തിൽ അണിനിരന്നു. എൻഡിഎയിൽ ഇല്ലാത്ത തൃണമൂൽ, ബിജെഡി, ടിആർഎസ് തുടങ്ങിയ കക്ഷികൾമാത്രമാണ് പ്രതിപക്ഷ പ്രതിഷേധത്തിൽനിന്ന് വിട്ടുനിന്നത്. എന്നാൽ, ഇന്ധന വിലവർധന അടക്കമുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടാണ് തങ്ങൾക്കുള്ളതെന്ന് മൂന്ന് പാർടികളും വ്യക്തമാക്കി. കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായ ശിവസേനയും മോഡി സർക്കാരിന്റെ നയങ്ങൾക്കെതിരായി രംഗത്തുണ്ട്. പൊതുതെരഞ്ഞെടുപ്പിന് ഏഴുമാസങ്ങൾമാത്രം ശേഷിക്കെ മോഡി സർക്കാരിനെതിരെ പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി സമരമുഖം തുറന്നത് ബിജെപിക്കും സംഘപരിവാറിനും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഡൽഹിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ ഇടതുപക്ഷപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി അറസ്റ്റ‌് വരിച്ചു. ആംആദ്മി പാർടിയും പ്രതിഷേധത്തിൽ പങ്കുചേർന്നു. കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്ഘട്ടിൽനിന്ന് ഡൽഹി ഗേറ്റിലേക്ക് മാർച്ചുചെയ്തു. ആർജെഡി, എൻസിപി, എഎപി തുടങ്ങി 21 പ്രതിപക്ഷ പാർടികൾ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ പങ്കുചേർന്നു. ഡൽഹിയിൽ പരസ്പരം എതിരിടുന്ന എഎപിയും കോൺഗ്രസും ഇന്ധനവിലവർധന വിഷയത്തിൽ കൈകോർത്തത് ശ്രദ്ധേയമായി. യുപി, ബിഹാർ, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ് കർണാടകം, ബംഗാൾ, ഒഡിഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെല്ലാം കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ ഓടാതെ നിരത്തുകൾ ശൂന്യമായി. ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. കർണാടകം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്കൂളുകൾക്ക് നേരത്തേതന്നെ അവധി നൽകിയിരുന്നു. തമിഴ്നാട്, ഹരിയാന, ഗുജറാത്ത്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂരിഭാഗം സ്ഥലങ്ങളിലും ഹർത്താലും ബന്ദും പൂർണമായിരുന്നു. തമിഴ്നാട്ടിലെ തിരുപ്പുരിൽ തുണിമില്ലുകളെല്ലാം  അടഞ്ഞുകിടന്നു. ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാനത്തെ വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ച കടലിലിൽ പോയില്ല. ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ സിപിഐ എം പ്രവർത്തകർ പ്രകടനം നടത്തി റോഡുകൾ ഉപരോധിച്ചു. കൊൽക്കത്ത, മുംബൈ, ജയ്പുർ, അഹമ്മദാബാദ്, പറ്റ്ന, ഗുവാഹത്തി തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാംതന്നെ ഇടതുപക്ഷ പാർടികൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു. ട്രെയിൻ ഗതാഗതവും തടഞ്ഞു. കൊൽക്കത്തയിലെ റാലിക്ക് പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബിമൻ ബസു, സൂര്യകാന്ത മിശ്ര, മുഹമ്മദ് സലീം തുടങ്ങിയവർ നേതൃത്വം നൽകി. ബംഗാളിൽ ഹർത്താൽ പരാജയപ്പെടുത്താൻ തൃണമൂൽ സർക്കാർ ശ്രമിച്ചെങ്കിലും ജനങ്ങൾ വലിയതോതിൽ പ്രതിഷേധത്തിൽ പങ്കാളികളായി. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ പൊതുവിൽ സമാധാനപരമായിരുന്നു പ്രതിപക്ഷ പാർടികളുടെ അഖിലേന്ത്യാ പ്രതിഷേധം. ചിലയിടങ്ങളിൽ ബിജെപി പ്രവർത്തകർ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. കർണാടകത്തിലെ ഉഡുപ്പിയിലും മധ്യപ്രദേശിലെ ചിലയിടങ്ങളിലും പ്രതിഷേധക്കാരെ ആക്രമിക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. ഉഡുപ്പിയിൽ പൊലീസിന്റെ ലാത്തിചാർജിലും ബിജെപി പ്രവർത്തകരുടെ കല്ലേറിലും നിരവധി പേർക്ക് പരിക്കേറ്റു. ബന്ദ് കാരണം ആംബുലൻസ് തടസ്സപ്പെട്ടതിനാൽ ബിഹാറിൽ രണ്ടുവയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ചെന്ന ആക്ഷേപവുമായി ബിജെപി രംഗത്തുവന്നു. എന്നാൽ, ബന്ദിനെ തുടർന്നല്ല മരണമെന്ന് ജെഹാനാബാദ് എസ്ഡിഒ വിശദീകരിച്ചു. Read on deshabhimani.com

Related News