ഇന്ധനവില വര്‍ധന: തിങ്കളാഴ്‌‌ച്ച ഭാരത് ബന്ദ്ന്യൂഡല്‍ഹി > ജനങ്ങളെ  അതിരൂക്ഷമായ ജീവിത ദുരിതത്തിലേക്ക് തള്ളിവിടുന്ന ഇന്ധനനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌‌ച്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. രാവിലെ ഒന്‍പത് മുതല്‍ മൂന്ന് വരെ ജനങ്ങള്‍ ബന്ദുമായി സഹകരിക്കണമെന്ന് സഹകരിക്കണമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. അന്നേ ദിവസം രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും. ഇന്ന് മാത്രം പെട്രോള്‍ 21 പൈസയും, ഡീസല്‍ വില 22 പൈസയും കൂടി. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ  തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന ഇന്ധന വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ ഒരുനീക്കവും  കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.  രൂപയുടെ വിലയിടിവും ഇന്ധനവില വര്‍ധനയും രൂക്ഷമായ വിലക്കയറ്റത്തിന് ഇടയാക്കുമ്പോഴും വിദേശത്തെ സംഭവവികാസങ്ങളാണെന്നു പറഞ്ഞ് ഒഴിയുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുള്‍പ്പെടെ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. അഞ്ചുമാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന്  6.50 രൂപയും ഡീസലിന് 4.70 രൂപയുമാണ് വര്‍ധിച്ചത്. ഇതര പെട്രോളിയം ഉല്‍പ്പന്നങ്ങളായ എല്‍പിജി, പിഎന്‍ജി, സിഎന്‍ജി എന്നിവയുടെ വിലയും ക്രമാതീതമായി ഉയര്‍ന്നു. ഡോളര്‍ കരുത്താര്‍ജിക്കുന്നതും വിദേശകമ്പനികള്‍ ഇന്ത്യയിലെ ഓഹരികള്‍ വിറ്റഴിക്കുന്നതും എണ്ണവില വര്‍ധനയുമാണ് രൂപയുടെ പതനത്തിനു കാരണം. രാജ്യാന്തരവിപണിയിലെ അസംസ്‌‌‌‌കൃത എണ്ണവിലവര്‍ധനയാണ് രാജ്യത്ത്  പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനു കാരണമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും കണക്കുകള്‍ ഈ വാദത്തിന് എതിരാണ്. ക്രൂഡ് ഓയില്‍ വീപ്പയ്ക്ക് നിലവില്‍ വില 78 ഡോളറാണ്. എന്നാല്‍, വീപ്പയ്ക്ക് 125 ഡോളറില്‍ കൂടുതലുണ്ടായിരുന്നപ്പോള്‍പ്പോലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇതിലും കുറവായിരുന്നു. മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ രാജ്യാന്തരവിപണിയില്‍ എണ്ണവില ഇടിഞ്ഞതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാതെ എക്‌‌‌‌സൈസ് തീരുവ കൂട്ടി കൊള്ളനടത്തുകയായിരുന്നു. പെട്രോള്‍ ലിറ്ററിന് 12 രൂപയും ഡീസല്‍ ലിറ്ററിന് 14 രൂപയും തീരുവ കൂട്ടി. കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ നികുതിയിളവ് നല്‍കുന്ന കേന്ദ്രം, സാമ്പത്തികമായി പിടിച്ചുനില്‍ക്കാനുള്ള മാര്‍ഗമായി ഇന്ധനവിലയിലെ എക്‌‌‌‌സൈസ് തീരുവയെ ഉപയോഗപ്പെടുത്തുകയാണ്. നാലുവര്‍ഷം  3,92,057 കോടി രൂപയാണ്  ഈയിനത്തില്‍ ജനങ്ങളില്‍നിന്ന് അധികമായി ഊറ്റിയത്. ഇക്കൊല്ലം 1,69,250 കോടി രൂപയുടെ അധികവരുമാനവും പ്രതീക്ഷിക്കുന്നു. അങ്ങനെ അഞ്ചുവര്‍ഷത്തില്‍ 5,61,307 കോടി രൂപയാണ് പെട്രോള്‍, ഡീസല്‍ എക്‌‌‌‌സൈസ് തീരുവയില്‍നിന്ന് അധികവരുമാനമായി കേന്ദ്രത്തിന് ലഭിക്കുക. ഈ വരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണ്‍മുതലാണ് പെട്രോള്‍, ഡീസല്‍ വില ദിവസവും പുനര്‍ക്രമീകരിക്കാനുള്ള സംവിധാനം നിലവില്‍വന്നത്. വിലനിര്‍ണയത്തിനുള്ള അധികാരം എണ്ണവിപണന കമ്പനികള്‍ക്കാണെന്ന് പറയുമ്പോഴും  കഴിഞ്ഞവര്‍ഷം ഗുജറാത്ത് തെരഞ്ഞെടുപ്പുകാലത്തും ഇക്കൊല്ലം കര്‍ണാടക തെരഞ്ഞെടുപ്പുവേളയിലും ഇന്ധനവില വര്‍ധിപ്പിച്ചില്ല. പെട്രോളിനും പെട്രോളീയം ഉല്‍പ്പന്നങ്ങള്‍ക്കും ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ത്യയില്‍ കൊണ്ടുവരാമെന്ന് വാഗ്‌ദാനം ചെയ്‌ത് അധികാരത്തിലേറിയതാണ് മോഡി സര്‍ക്കാര്‍. ഒന്നരമാസത്തിനുള്ളില്‍ ഡീസല്‍ ലിറ്ററിന് മൂന്നര രൂപയും, പെട്രോളിന് 3 രൂപ 30 പൈസയുമാണ് കയറ്റിയത് ഈ വര്‍ദ്ധനവ് പ്രളയ ദുരന്തത്തിലകപ്പെട്ട കേരള ജനതയ്ക്ക് ഇരുട്ടിയാണ്. കേരളത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനും ദുരന്ത നിവാരണത്തിനും  ഇറങ്ങിയ വാഹനങ്ങളെയും ബോട്ടുകളെയും വള്ളങ്ങളെയും അടക്കമാണ് വില കൂട്ടി കൊള്ളയടിച്ചത്.  Read on deshabhimani.com

Related News