ആത്മഹത്യ ചെയ്‌ത കർഷകരുടെ മക്കൾക്ക്‌ സഹായഹസ്‌തവുമായി കിസാൻ സഭ; പഠനച്ചെലവ്‌ ഏറ്റെടുക്കുംഅനന്തപൂർ (ആന്ധ്രാ പ്രദേശ്‌) > ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ ആത്മഹത്യ ചെയ്‌ത കർഷകരുടെ മക്കൾക്ക്‌ വിദ്യാഭ്യാസച്ചെലവ്‌ ഏറ്റെടുക്കാൻ കിസാൻ സഭ. സമാന മനസ്കരായ വ്യക്തികളുടെയും കൂട്ടായ്‌മകളുടെയും സഹായത്തോടെ ആത്മഹത്യ ചെയ്‌ത രണ്ട്‌ കർഷകരുടെ കുടുംബത്തിലെ നാല്‌ കുട്ടികളുടെ തുടർപഠനത്തിന്‌ അവസരമൊരുക്കുകയാണ്‌ അഖിലേന്ത്യാ കിസാൻ സഭ. കിസാൻ സഭ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ വിജൂ കൃഷ്‌ണനാണ്‌ ഇക്കാര്യമറിയിച്ചത്‌. അനന്തപൂരിൽ അടുത്തിടെ ആത്മഹത്യ ചെയ്‌ത രണ്ടു കർഷകരുടെ മക്കളുടെ പഠനച്ചെലവ്‌ കണ്ടെത്താനാണ്‌ തീരുമാനം. എട്ടു വയസിനു താഴെയുള്ള നാലു കുട്ടികൾക്കാണ്‌ സഹായം നൽകുക. ആത്മഹത്യ ചെയ്‌ത കർഷകരുടെ കുടുംബത്തെ സഹായിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ്‌ കിസാൻ സഭയുടെ ഈ തീരുമാനം. കിസാൻ സഭയുടെ ഉദ്യമത്തിനു പിന്തുണയുമായി ചില വ്യക്തികളും കൂട്ടായ്‌മകളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്‌.  അനന്തപൂരിൽ 2015ൽ ആത്മഹത്യ ചെയ്‌ത കർഷകൻ നാരായൺ റെഡ്ഡിയുടെ മകൻ ചിന്ന ഒബിയുടെ പഠനച്ചെലവ്‌ കിസാൻ സഭ ഏറ്റെടുത്തിരുന്നു. അന്ന്‌ പ്ലസ്‌ ടൂ വിദ്യാർഥിയായിരുന്ന ചിന്ന ഒബി ഇപ്പോൾ ബിഎസ്‌സി ഇലക്‌ട്രോണിക്സ്‌ ബിരുദധാരിയും മാസം 30,000 രൂപ ശമ്പളമുള്ള ഉദ്യോഗസ്ഥനുമാണ്‌. 82 ശതമാനം മാർക്കോടെയാണ്‌ ബിഎസ്‌സി പാസായത്‌. പേരുവെളിപ്പെടുത്താതെ തന്നെ അനേകം പേർ സഹായഹസ്‌തവുമായി മുന്നോട്ട്‌ വന്നതിനാലാണ്‌ അന്ന്‌ ചിന്ന ഒബിയുടെ പഠനം പൂർത്തിയാക്കാൻ സഹായിക്കാനായതെന്ന്‌ വിജൂ കൃഷ്‌ണൻ പറഞ്ഞു. എന്നാൽ ഇന്ന്‌ ചിന്ന ഒബിയും കുട്ടികളെ സഹായിക്കാൻ താൽപ്പര്യം അറിയിച്ച്‌ മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ചിന്ന ഒബിയെ അന്ന്‌ സഹായിച്ചവരിൽ ചിലരും ഇന്നും സന്നദ്ധത അറിയിച്ചിട്ടുണ്ട്‌. തെറ്റായ നയങ്ങളിലൂടെ തങ്ങൾ ആത്മഹത്യയിലേക്ക്‌ തള്ളിവിടുന്ന കർഷകരുടെ കുടുംബങ്ങളെ സഹായിക്കാൻ സർക്കാരുകൾ പലപ്പോഴും വിമുഖത കാട്ടുന്നത്‌ പതിവാണ്‌. ഈ പ്രശ്‌നങ്ങളെല്ലാം ചാരിറ്റിയിലൂടെ പരിഹരിക്കാൻ സാധിക്കില്ല. എങ്കിലും, ജനപക്ഷ ബദലിനായുള്ള പോരാട്ടത്തോടൊപ്പം ദുരിതങ്ങളിൽ വ്യവസ്ഥയുടെ ഇരകൾക്ക്‌ കൈത്താങ്ങാകുക എന്നതും പ്രധാനമാണ്‌‐ വിജൂ കൃഷ്‌ണൻ പറഞ്ഞു.   Read on deshabhimani.com

Related News