നോട്ടുനിരോധനം സമ്പൂർണ പരാജയം; 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ്‌ ബാങ്ക്‌മുംബൈ > നിരോധിക്കപ്പെട്ട 500, 1000 രൂപാ നോട്ടുകളിൽ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ്‌ ബാങ്കിന്റെ സ്ഥിരീകരണം. ഭൂരിഭാഗം നോട്ടുകളും തിരിച്ചെത്തിയതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും റിസർവ്‌ ബാങ്ക്‌ ആദ്യമായാണ്‌ ഇക്കാര്യം സ്ഥിരീകരിക്കുന്നത്‌. ബുധനാഴ്‌ച പുറത്തിറക്കിയ 2017‐18 വാർഷിക റിപ്പോർട്ടിലാണ്‌ റിസർവ്‌ ബാങ്ക്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഇതോടെ നോട്ട്‌ നിരോധനം സമ്പൂർണ പരാജയമായിരുന്നു എന്ന കാര്യം കൂടുതൽ വ്യക്തമാകുകയാണ്‌. കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ടുകൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്‌ 2016 നവംബർ എട്ടിനാണ്‌. റദ്ദാക്കിയ നോട്ടുകളിൽ വലിയ പങ്ക്‌ തിരിച്ചെത്തില്ലെന്നും ഇത്‌ സർക്കാരിന്‌ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാകും എന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ ഇവയിൽ ഏതാണ്ട്‌ മുഴുവനും തിരിച്ചെത്തിയതോടെ നോട്ട്‌ നിരോധനം അതിന്റെ മുഖ്യലക്ഷ്യം കൈവരിക്കുന്നതിൽ പൂർണപരാജയമാണെന്ന്‌ കൂടുതൽ വ്യക്തമാകുന്നു. 2016 നവംബർ എട്ടിനു മുൻപ്‌ ക്രയവിക്രയത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടിയുടെ 500, 1000 രൂപാ നോട്ടുകളിൽ 15.31 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരിച്ചെത്തിയതായാണ്‌ റിസർവ്‌ ബാങ്കിന്റെ വാർഷിക റിപ്പോർട്ട്‌ പറയുന്നത്‌. തിരിച്ചെത്തിയ നോട്ടുകൾ എണ്ണിത്തീർന്നിട്ടില്ലെന്ന മറുപടിയാണ്‌ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക്‌ ഇത്രയും കാലം റിസർവ്‌ ബാങ്ക്‌ നൽകിയിരുന്നത്‌.   Read on deshabhimani.com

Related News