'എവിടെ എന്റെ തൊഴില്‍'; തൊഴിലില്ലായ്മയ്‌ക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ദില്ലി ചലോ പ്രതിഷേധ മാര്‍ച്ച്ന്യൂഡല്‍ഹി > തൊഴിലില്ലായ്‌മയ്‌‌ക്കെതിരെ ഡിവൈഎഫ്‌‌ഐയുടെ നേതൃത്വത്തില്‍ നവംബര്‍ മൂന്നിന് ദില്ലി ചലോ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. 'എവിടെ എന്റെ തൊഴില്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കാല്‍ലക്ഷം യുവാക്കളെ അണിനിരത്തി പാര്‍ലമെന്റ്  മാര്‍ച്ച് നടത്തുന്നത്. ഡിവൈഎഫ്‌ഐയുടെ സ്ഥാപകദിനത്തില്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി യുവാക്കള്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ്  പി എ മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി യോഗമാണ് തീരുമാനമെടുത്തത്. മോഡിസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നുകാട്ടുന്ന പ്രചരണപരിപാടികള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്ന് അഭോയ് മുഖര്‍ജി പറഞ്ഞു. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 15ന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ 24 മണിക്കൂര്‍ ധര്‍ണ നടത്തും. ബംഗാളില്‍ സെപ്തംബര്‍ അഞ്ച്, ആറ് തീയതികളിലാണ് ധര്‍ണ. ത്രിപുര, പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളെ ആര്‍എസ്എസ് നിരന്തരം ആക്രമിക്കുകയാണ്. ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തിയതോടെ നിരവധി പ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ബംഗാളില്‍ ത്രിണമൂലും ആക്രമണം അഴിച്ചുവിടുകയാണെന്ന് അഭോയ് പറഞ്ഞു. തൊഴില്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത മോഡി സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോ വര്‍ഷവും രണ്ടുകോടി തൊഴില്‍ സൃഷ്ടിക്കുമെന്ന മോഡി സര്‍ക്കാരിന്റെ വാഗ്ദാനം പാഴായി. തൊഴില്‍ സുരക്ഷ അട്ടിമറിച്ച് കരാര്‍ തൊഴിലിന് വഴിതുറന്നിട്ടിരിക്കുകയാണ്. റെയില്‍വേ ഉള്‍പ്പെടെയുള്ള പ്രമുഖ തൊഴില്‍ദാതാക്കളായ പൊതുമേഖല സ്ഥാപങ്ങളും സ്വകാര്യവല്‍ക്കരിക്കുകയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ട്രഷറര്‍ ബാല്‍ബിര്‍ പരാശര്‍, ജോയിന്റ് സെക്രട്ടറിമാരായ പ്രീതി ശേഖര്‍, അമല്‍ ചക്രവര്‍ത്തി  വൈസ് പ്രസിഡന്റ്  സയന്ദീപ് മിത്ര എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.   Read on deshabhimani.com

Related News