മറക്കാനാകാത്ത സംഭവം: കെ വി മോഹൻകുമാർതന്റെ സർവീസ‌് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സംഭവമാണ‌് ഉദയകുമാർ ഉരുട്ടിക്കൊലയെന്ന‌് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ. അന്ന‌് താൻ തിരുവനന്തപുരം ആർഡിഒ ആയിരുന്നു. മോഷണക്കുറ്റത്തിന‌് കസ‌്റ്റഡിയിലെടുത്ത ഒരാൾ നെഞ്ചുവേദന വന്ന‌് മരിച്ചൂവെന്നാണ‌് പൊലീസിൽനിന്ന‌് അറിയിപ്പുവന്നത‌്. താനെത്തുമ്പോൾ മെഡിക്കൽ കോളേജ‌് മോർച്ചറിക്കുമുന്നിൽ വച്ചിരിക്കുകയായിരുന്നു ഉദയകുമാറിന്റെ മൃതദേഹം. പുറമേക്ക‌് അസ്വഭാവികതയൊന്നും തോന്നിയിരുന്നില്ല. വസ‌്ത്രങ്ങൾ മാറ്റിപരിശോധിച്ചപ്പോഴാണ‌് തുടയിൽ അസ്വാഭാവികമായ നിറംമാറ്റം കണ്ടത‌്. അപ്പോൾ ഒപ്പമുണ്ടായിരുന്ന ഉയർന്ന പൊലീസ‌് ഉദ്യോഗസ്ഥൻ അത‌് ത്വക്ക‌് രോഗമാണ‌്, സോറിയാസിസ‌് ആണെന്ന‌് പറഞ്ഞു.ആ ഉദ്യോഗസ്ഥൻ ഇന്ന‌് സർവീസിലില്ല. സാധാരണയായി ആർഡിഒ ഇൻക്വസ്റ്റ‌് സമയത്ത‌് പൊലീസിനെ കയറ്റാറില്ല. തന്നെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കാനാണ‌് ആ ഉദ്യോഗസ്ഥൻ അകത്തു കടന്നതെന്ന‌് സംശയിക്കുന്നു. ത്വക്ക‌് രോഗം സാധാരണയായി സന്ധികളിലാണ‌് വരിക. ഉദയകുമാറിന്റെ തുടകളിൽ ആയിരുന്നു നിറംമാറ്റം. ബീറ്റ‌്റൂട്ടിന്റെ നിറമായിരുന്നു. തൊട്ടുനോക്കിയപ്പോൾ വിരൽ താണുപോയി. കടുപ്പമുള്ള ആയുധം കൊണ്ടുള്ള പരിക്കാണെന്ന‌് മനസ്സിലായി. അതേത്തുടർന്ന‌് നടത്തിയ വിശദപരിശോധനയിൽ കാൽപ്പാദത്തിൽ അടിയേറ്റ‌് തിണർത്തിരുന്നു. ശരീരത്തിൽ അവിടവിടെയായി പോറലേറ്റ പാടുകൾ. ഇതേത്തുടർന്ന‌് പോസ്റ്റ‌് മോർട്ടത്തിന‌് ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചു. ഇവരുടെ പരിശോധന തന്റെ സംശയങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു. പോസ‌്റ്റ‌്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മജിസ‌്റ്റീരിയൽ അന്വേഷണത്തിന‌് ഉത്തരവിടുകയും അന്വേഷണ റിപ്പോർട്ട‌് ദേശീയ മനുഷ്യാവകാശ കമീഷന‌് സമർപ്പിക്കുകയുംചെയ‌്തു.  തുടർന്ന‌് സിജെഎം കോടതിയിലും സിബിഐ കോടതിയിലും വിചാരണ സമയത്ത‌് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മൊഴി നൽകിയെന്നും മോഹൻകുമാർ പറഞ്ഞു.   Read on deshabhimani.com

Related News