ദുരിതങ്ങള്‍ ഒരുനിമിഷം മറന്നു; ക്യാമ്പുകളില്‍ ആശ്വാസമായി താരങ്ങളെത്തിപത്തനംതിട്ട/പന്തളം > പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി താരങ്ങളുടെ സന്ദര്‍ശനം. ചലച്ചിത്ര താരങ്ങളായ മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി, രമ്യ നമ്പീശന്‍ അടക്കമുള്ളവരാണ് പത്തനംതിട്ടയിലെ വിവിധ ക്യാമ്പുകളിലെത്തിയത്. പന്തളത്ത് സിപിഐ എം നേതൃത്വത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിക്കാനാണ് മഞ്ജുവാര്യര്‍ എത്തിയത്. മുട്ടാര്‍ പാലത്തടത്തില്‍ സിപിഐ എമ്മിനൊപ്പം മഞ്ജുവാര്യര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെയും  മുംബൈ ഉപാസിനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍  മെഡിക്കല്‍ സംഘം ക്യാമ്പിലെ ദുരിതബാധിതരെ പരിശോധിച്ചു. 25ല്‍ അധികം വളന്റിയര്‍മാര്‍ ഇരുസംഘത്തിലും പ്രളയബാധിതരെ ശുശ്രൂഷിച്ചു. നാലോളം ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകളും ആംബുലന്‍സും മറ്റ് ആധുനിക സജജീകരണങ്ങളും ഉണ്ടായിരുന്നു. ഇവരോടൊപ്പം അടൂര്‍ മദര്‍ തെരേസ പാലിയേറ്റീവ്,  പന്തളത്തെ ഇ കെ നായനാര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരും ചേര്‍ന്നു. ഉച്ചയ്ക്ക് ശേഷം ചേരിക്കല്‍ എസ്‌വി എല്‍പിഎസിലെ ക്യാമ്പില്‍ മെഡിക്കല്‍ സംഘത്തോടൊപ്പം മഞ്ജുവാര്യര്‍എത്തിയത് ആവേശമായി. സിപിഐ എം നേതാക്കളായ പി ബി ഹര്‍ഷകുമാര്‍, അഡ്വ. എസ് മനോജ്,  പന്തളം നഗരസഭാ അധ്യക്ഷ ടി കെ സതി, മദര്‍ തെരേസ പാലിയേറ്റീവ് ഭാരവാഹി ബാബു ജോണ്‍, ഏരിയ കമ്മിറ്റിയംഗം സി കെ രവിശങ്കര്‍, ഡിവൈഎഫ്‌ഐ പന്തളം ബ്ലോക്ക് സെക്രട്ടറി സന്ദീപ്, പ്രസിഡന്റ് അഭീഷ് എന്നിവര്‍ ചേര്‍ന്ന് മഞ്ജുവാര്യരെ സ്വീകരിച്ചു. തുടര്‍ന്ന് മഞ്ജു മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിച്ച് ദുരിതബാധിതരെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്. പന്തളത്തെ മെഡിക്കല്‍ ക്യാമ്പിന് സിപിഐ എം ഏരിയ ആക്ടിങ് സെക്രട്ടറി ഇ ഫസല്‍, മുതിര്‍ന്ന നേതാവ് കെ പി സി കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. വല്ലന ടികെഎംഎംആര്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പാര്‍വതി, ദര്‍ശന രവീന്ദ്രന്‍, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് ശിവ എന്നിവരെത്തിയത്. തിങ്കളാഴ്ച രാവിലെ കളക്ടറേറ്റില്‍ എത്തിയ താരങ്ങള്‍ ജില്ലാ കളക്ടര്‍ പി ബി നൂഹുമായും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സി ജെ ആന്റണിയുമായും കൂടിക്കാഴ്ച നടത്തി. ബാലാവകാശ കമ്മീഷന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ദിശ എന്ന സന്നദ്ധ സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമേകാന്‍ സിനിമാ താരങ്ങള്‍ എത്തിയത്. കലയിലൂടെ സ്‌നേഹവും പ്രതീക്ഷയും നല്‍കി ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ തങ്ങളാല്‍ ആവുന്നത് ചെയ്യുമെന്ന് താരങ്ങള്‍ പറഞ്ഞു. നാടന്‍ പാട്ടുകള്‍ പാടി താരങ്ങള്‍ ചുവടു വച്ചതോടെ ക്യാമ്പിലുണ്ടായിരുന്ന കുട്ടികളും മുതിര്‍ന്നവരും അവരുടെ ദുഃഖങ്ങള്‍ മറന്ന് താരങ്ങള്‍ക്കൊപ്പം ചേര്‍ന്നു. സ്‌ക്രീനില്‍ മാത്രം കണ്ടു പരിചയമുള്ള താരങ്ങളെ നേരില്‍ കണ്ടപ്പോള്‍ പ്രളയ കെടുതിയുടെ ദുരന്തങ്ങള്‍ ഒരു നിമിഷത്തേക്ക് എല്ലാവരും മറന്നു. കോഴഞ്ചേരി എംജിഎം ഓഡിറ്റോറിയം, തിരുവല്ല ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ എന്നീ ക്യാമ്പുകളില്‍ താരങ്ങള്‍ സന്ദര്‍ശനം നടത്തി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ഒ അബീന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു, ദിശ കോ ഓര്‍ഡിനേറ്റര്‍ ദിനു, ഷാന്‍ രമേശ് ഗോപന്‍, കൃഷ്‌ണകുമാര്‍, അമ്മുദീപ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. വീണാ ജോര്‍ജ് എംഎല്‍എയ്‌ക്കൊപ്പമായിരുന്നു താരങ്ങളുടെ സന്ദര്‍ശനവും.  Read on deshabhimani.com

Related News